Quick Contact

LAST UPDATE : TUESDAY, 23 JANUARY 2024

 

ക്വുർആനും ശാസ്ത്രവും

നിയന്ത്രണമില്ലാത്ത മനുഷ്യനും നിയന്ത്രണമുളള ജീവജാലങ്ങളും

ചെറിയമുണ്ടം അബ്‍ദുല്‍ഹമീദ് മദനി (റഹിമഹുല്ലാഹ്)

Last Update: 2023 March 04, 12 Shaʻban, 1444 AH

മനുഷ്യന്‍ നേരിടുന്ന എല്ലാ മൌലികനേട്ടങ്ങളും അവന്റെ ശരിയായ വര്‍ത്തനങ്ങളുടെ സദ്ഫലങ്ങളും അവന്‍ നേരിടുന്ന ഗുരുതരമായ നഷ്ടങ്ങളില്‍ മിക്കതും അവന്റെ തെറ്റായ വര്‍ത്തനങ്ങളുടെ പരിണതഫലങ്ങളുമാകുന്നു. ഇതര ജീവജാലങ്ങളുടെ വര്‍ത്തനങ്ങള്‍ ജന്മവാസനകളാലും പ്രകൃതിനിയമങ്ങളാലും നയിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നു. പ്രകൃതിക്ക് ഇണങ്ങാത്ത വിധത്തിലോ അനിയന്ത്രിതമായോ ജന്തുക്കള്‍ ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുന്നില്ല. പഥ്യമല്ലാത്ത ആഹാരം, അമിതഭോജനം തുടങ്ങിയ കാര്യങ്ങളിലും പ്രകൃതി നിയമങ്ങള്‍ ജന്തുക്കളുടെ വര്‍ത്തനങ്ങള്‍ക്ക് അതിരിടുന്നു. എന്നാല്‍ അസ്തിത്വസ്വാതന്ത്ര്യത്താല്‍ അനുഗ്രഹീതനായ മനുഷ്യന്റെ വര്‍ത്തനങ്ങളും പ്രവൃത്തികളും ജന്മവാസനകളാലോ പ്രകൃതി നിയമങ്ങളാലോ നിയന്ത്രിക്കപ്പെടുന്നില്ല. അവന്റെ ആഹാരവിഹാരങ്ങളും ലൈംഗിക ജീവിതവും അവന്റെ സ്വതന്ത്രമായ തീരുമാനത്തിന് മാത്രം വിധേയമാകുന്നു. ഈ സ്വാതന്ത്ര്യം അവന് ഏറെ സൌഖ്യവും സൌകര്യവും നല്‍കുന്നു. എന്നാല്‍ ഈ സ്വാതന്ത്ര്യത്തിന്റെ ദുര്‍വിനിയോഗം അവന് ഏറെ നഷ്ടങ്ങളും അപകടങ്ങളും വരുത്തിവെക്കുകയും ചെയ്യുന്നു.

വിശാലമായ ചക്രവാളം

മനുഷ്യന്റെ വര്‍ത്തനങ്ങള്‍ക്ക് ജന്തുക്കളുടെ വര്‍ത്തനങ്ങളുടേതിനെക്കാള്‍ വളരെ വിപുലമായ ചക്രവാളങ്ങളുളളതിനാല്‍ മനുഷ്യസമീപനങ്ങളുടെ സാധ്യതകളും ബാധ്യതകളും വളരെ വര്‍ധിക്കുന്നു. വാക്കുകളുടെ സദ്‍വിനിയോഗംകൊണ്ട് ലഭിക്കുന്ന വിജയങ്ങളും ദുര്‍വിനിയോഗംകൊണ്ട് നേരിടുന്ന പരാജയങ്ങളും മനുഷ്യന് മാത്രമുളളതാണ്. ഉപകരണങ്ങളുടെയും ആയുധങ്ങളുടെയും ശരിയായ പ്രയോഗംകൊണ്ട് കൈവരുന്ന നേട്ടങ്ങളും തെറ്റായ പ്രയോഗംകൊണ്ട് സംഭവിക്കുന്ന അനര്‍ഥങ്ങളും മനുഷ്യന്റെ മാത്രം ഭാഗ്യമോ നിര്‍ഭാഗ്യമോ ആകുന്നു. നല്ല പെരുമാറ്റങ്ങളും നല്ല കൂട്ടുകെട്ടുകളും സൃഷ്ടിക്കുന്ന സദ്‍ഫലങ്ങളും ചീത്ത പെരുമാറ്റങ്ങളും ദുഷിച്ച കൂട്ടുകെട്ടുകളും സൃഷ്ടിക്കുന്ന ദുഷ്ഫലങ്ങളും മനുഷ്യജീവിതത്തിന്റെ മാത്രം ലാഭചേതങ്ങളുടെ പട്ടികയില്‍ വരുന്നവയത്രെ. അമിതാഹാരത്തിന്റെയും അഹിതാഹാരത്തിന്റെയും ലഹരിദ്രവ്യങ്ങളുടെയും അനന്തരഫലമായ ആധികളും വ്യാധികളും ഏറെക്കുറെ മനുഷ്യന്റെ മാത്രം പ്രശ്നമാണെന്നു പറയാം. അമിതവും അനിയന്ത്രിതവും അവിഹിതവുമായ ലൈംഗിക വേഴ്ചയുടെ ഭവിഷ്യത്ഫലങ്ങള്‍ അനുവിക്കാന്‍ വിധിക്കപ്പെട്ടിട്ടുളളത് മനുഷ്യന്‍ മാത്രമാണ്.

അസ്തിത്വസ്വാതന്ത്ര്യം മനുഷ്യനെ ഒട്ടേറെ പ്രശ്നങ്ങളിലേക്കും സങ്കീര്‍ണതകളിലേക്കും നയിക്കുന്നു. അവയില്‍ അതിഗുരുതരമായത് ആത്മവിനാശകരമായ കാര്യങ്ങളില്‍ ഏര്‍പ്പെടാനുളള മനുഷ്യന്റെ ആസക്തിയാകുന്നു. ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിക്കാനും അവിഹിത ലൈംഗിക ബന്ധങ്ങളിലേര്‍പ്പെടാനും ആസ്വാദ്യമെങ്കിലും ഗുണകരമല്ലാത്ത ഭക്ഷണം കഴിക്കാനും തെറിപറയാനുമുളള ആസക്തി പലരുടെയും ഇച്ഛാശക്തിയെ മറികടക്കുകയും അവര്‍ക്ക് കഷ്ടനഷ്ടങ്ങള്‍ വരുത്തിവെക്കുകയും ചെയ്യുന്നു. ഈ രംഗത്ത് സൃഷ്ടികര്‍ത്താവിന്റെ വലിയൊരു പരീക്ഷയെ മനുഷ്യന്‍ അഭിമുഖീകരിക്കേണ്ടിവരുന്നു. ശരീരവും മനസ്സും യഥാര്‍ത്ഥത്തില്‍ ദുര്‍ബലമാകുമ്പോള്‍ മനുഷ്യന് അയഥാര്‍ഥമായ ഉണര്‍വും ഉന്മേഷവും സംതൃപ്തിയും അനുഭവപ്പെടുന്നു എന്നതാണ് ഈ പരീക്ഷ.

മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് ലഹരി ബാധിതനാകുന്ന മനുഷ്യന്റെ ശരീരവും മനസ്സും കരുത്താര്‍ജ്ജിക്കുകയല്ല, തളരുകയാണ് ചെയ്യുന്നത് എന്ന് കാര്യവിവരമുളള എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ലഹരിബാധിതന് തോന്നുന്നത് തനിക്ക് അഭൂതപൂര്‍വമായ ഉന്മേഷം അനുഭവപ്പെടുന്നുവെന്നാണ്. ഈ തോന്നല്‍ കാരണം അയാള്‍ ലഹരി പദാര്‍ഥങ്ങളോട് കൂടുതല്‍ പ്രതിപത്തി കാണിക്കുകയും ക്രമേണ ലഹരിക്ക് അടിമപ്പെടുകയും ചെയ്യുന്നു. ഇഷ്ടമില്ലാത്തവരോട് കലിയിളകി വഴക്കിടുന്ന മനുഷ്യനും യഥാര്‍ഥത്തില്‍ മാനസികമായും ശാരീരികമായും ബലഹീനനാവുകയാണ് ചെയ്യുന്നത്. പക്ഷേ, അങ്കക്കലിയുടെ മൂര്‍ധന്യത്തില്‍ അയാള്‍ ഈ ബലഹീനത അറിയാതെ പോവുകയും അരിശം തീര്‍ത്ത വകയില്‍ സംതൃപ്തിയടയുകയും ചെയ്യുന്നു. സാവധാനത്തില്‍ അയാള്‍ ഒരു വഴക്കാളിയാവുകയും അയാളുടെ ബന്ധങ്ങളിലുളള വൈകല്യങ്ങള്‍ അയാളെ സര്‍വഥാ തകര്‍ച്ചയിലേക്ക് നയിക്കുകയും ചെയ്യുന്നു. അമിതവും അവിഹിതവുമായ ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടുന്ന വ്യക്തിയും വികാരമൂര്‍ഛ സൃഷ്ടിക്കുന്ന വ്യാമോഹങ്ങളുടെ വലയത്തിലകപ്പെട്ട് ശക്തിക്ഷയത്തിലേക്കും അനാരോഗ്യത്തിലേക്കും വഴുതിവീഴുകയാണ് ചെയ്യുന്നത്. അമിതാഹാരത്തിന്റെയും അപഥ്യാഹാരത്തിന്റെയും പ്രലോഭനങ്ങള്‍ക്ക് വശംവദനാകുന്ന വ്യക്തിയും അപക്വമായ ആസ്വാദനത്തിന്റെ അനുഭൂതിയിലൂടെ ആരോഗ്യപ്രശ്നങ്ങളുടെ ചുഴിയില്‍ പെടുകയാണ് ചെയ്യുന്നത്. ആരോഗ്യമുളള മനുഷ്യന്‍ വ്രതമെടുക്കുമ്പോള്‍ ശരീരവും മനസ്സും സാവധാനത്തില്‍ സൌഖ്യം പ്രാപിക്കുന്നു. പക്ഷേ, അയാള്‍ക്ക് തോന്നുന്നത് വിശപ്പും ക്ഷീണവും ഒരുവളേ നേരിയ തലവേദനയും ആയിരിക്കും. വ്രതത്തിന്റെ, സംയമനത്തിന്റെ, ആത്മനിയന്ത്രണത്തിന്റെ ആവശ്യകതയെയും സദ്ഫലത്തെയും സംബന്ധിച്ച് ശരിയായ അവബോധം ലഭിച്ച ആള്‍ക്കു മാത്രമേ ഗുണദായകമായ വ്രതനിഷ്ഠയില്‍ ഉറച്ചു നില്‍ക്കാനാവൂ.

ഇത് തീറ്റയുടെയും കുടിയുടെയും ഭോഗത്തിന്റെയും മാത്രം കാര്യമല്ല. പ്രലോഭനങ്ങളെയും ആസക്തികളെയും അതിജയിച്ച് മിതത്വത്തിന്റെയും സംയമനത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും മാര്‍ഗം സ്വീകരിക്കുന്നതിലാണ് മനുഷ്യന്റെ ശാരീരികവും മാനസികവും സാമൂഹികവുമായ സുസ്ഥിതി അഥവാ അവന്റെ ആരോഗ്യത്തിന്റെ ആകത്തുക കൂടികൊള്ളുന്നത്. എന്നാല്‍ കേവലമായ ജീവശാസ്ത്രജ്ഞാനമോ സാമൂഹിക പരിജ്ഞാനമോ മനുഷ്യനെ സമ്യക്കായ സംയമനത്തിന്റെ അഥവാ തഖ്‍വയുടെ മാര്‍ഗത്തിലേക്ക് നയിക്കുകയില്ല. വിശ്വാസനിബദ്ധമായ നിഷ്ഠയ്ക്ക് മാത്രമേ ആ സദ്ഫലം ഉളവാക്കാന്‍ കഴിയൂ.

0
0
0
s2sdefault