Quick Contact

LAST UPDATE : TUESDAY, 23 JANUARY 2024

 

ക്വുർആനും ശാസ്ത്രവും

സൂര്യന്‍ പ്രപഞ്ചശാസ്ത്രത്തിലും ക്വുര്‍ആനിലും

ഡോ. പി.കെ. അബ്‍ദുറസാഖ് സുല്ലമി, M.A, Ph.D

Last Update: 2023 March 04, 12 Shaʻban, 1444 AH

സൂര്യന്റെ ഊര്‍ജ്ജോല്‍പാദനം

സൂര്യനില്‍ 70 ശതമാനം ഹൈഡ്രജനും 28 ശതമാനം ഹീലിയവും ബാക്കി രണ്ടു ശതമാനം ഭാരമേറിയ മറ്റു മൂലകങ്ങളുമാണ് മുഖ്യഘടകങ്ങള്‍. കാര്‍ബണ്‍, നൈട്രജന്‍, ഓക്സിജന്‍, നിയോണ്‍, മഗ്നീഷ്യം, സിലിക്കണ്‍, അയേണ്‍ എന്നിവയുമാണ് മറ്റ് മൂലകങ്ങള്‍.

കേന്ദ്രഭാഗത്ത് നിന്നുളള ആണവപ്രവര്‍ത്തനത്തിലെ ഊര്‍ജ്ജം മുകള്‍പാളിയായ ഫോട്ടോസ്ഫിയറിലെത്തുന്നു. ഒരു കോടി വര്‍ഷമെടുത്താണ് ആന്തരികോര്‍ജ്ജം ഫോട്ടോ സ്ഫിയറിലെത്തിക്കുന്നത്. സൌരകേന്ദ്രത്തിലെ സാന്ദ്രത ഒരു ലക്ഷത്തി നാല്‍പത്തിയെട്ടായിരം ക്യൂബിക് കിലേമീറ്ററാണ്. ഫോട്ടോസ്ഫിയറിലെ താപനില 4000 മുതല്‍ 6000 വരെ ഡിഗ്രി സെന്റിഗ്രെയ്ഡാണ്. അതിന്റെ മുകളിലെ വാതകമേഖലയായ ക്രോമോസ്ഫിയറിലെ താപനില 50000 കെല്‍വിനാണ്. ക്രോമോസ്ഫിയറിന് മുകളില്‍ കെറോണയാണ്. അവിടെ 75000 കി.മി ഉയരത്തില്‍ 2 കോടി കെല്‍വിനാണ്.

സൂര്യന്‍ ഒരു സാധാരണ നക്ഷത്രമാണ്. മറ്റെല്ലാം നക്ഷത്രങ്ങളേക്കാളും വളരെ കൂടുതല്‍ ഭൂമിയോട് അടുത്താണ് എന്നതുകൊണ്ടാണ് നമുക്കത് നക്ഷത്രമല്ല എന്ന് തോന്നാന്‍ കാരണം. മറ്റ് നക്ഷത്രങ്ങളില്‍ ഊര്‍ജ്ജം ഉല്‍പാദിപ്പിക്കുന്നതിന് വേണ്ടി നടക്കുന്ന nuclear fusion എന്ന അതേ പ്രക്രിയ തന്നെയാണ് സൂര്യനിലും നടക്കുന്നത്. സൂര്യന്‍ എങ്ങനെയാണ് ദ്രവ്യത്തെ ഊര്‍ജ്ജമാക്കി മാറ്റുന്നത്? നക്ഷത്രത്തിന്റെ താപനില ഉയര്‍ന്നതാണ്. അതുകൊണ്ട് അവിടെ ദ്രവ്യം പ്ലാസ്‍മാ രൂപത്തിലാണ് സ്ഥിതി ചെയ്യുന്നത്. സാധാരണ ആറ്റങ്ങളില്‍ ഇലക്ട്രോണ്‍, പ്രോട്ടോണ്‍, ന്യൂട്രോണ്‍ എന്നീ കണികകളില്‍ ന്യൂട്രോണിന് പോസിറ്റീവ് ചാര്‍ജോ നെഗറ്റീവ് ചാര്‍ജോ ഇല്ല. ഇലക്ട്രോണിന് നെഗറ്റീവ് ചാര്‍ജും പ്രോട്ടോണിന് പോസിറ്റീവ് ചാര്‍ജും ആണ് ഉളളത്. എന്നാല്‍ മിക്കവാറും ചാര്‍ജ്ജില്ലാത്ത കണികകള്‍ ഈ പ്ലാസ്‍മ അവസ്ഥയില്‍ ഉണ്ടായിരിക്കുകയില്ല. വളരെ ഉയര്‍ന്ന താപനിലയാണ് ഈ അവസ്ഥക്ക് കാരണം. രണ്ടുതരം പ്രക്രിയകളെങ്കിലും സൂര്യനില്‍ ഊര്‍ജ്ജോല്‍പാദനത്തില്‍ നടക്കുന്നുണ്ട്. ഒരു മിനുട്ടില്‍ 25 കോടി ടണ്‍ ഹൈഡ്രജന്‍ അണുകേന്ദ്രങ്ങള്‍ സംയോജിക്കുന്നു. അതിലൂടെ ഡ്യൂട്ടീരിയം രൂപംകൊള്ളുന്നു. അതോടൊന്നിച്ച് ന്യൂട്രിനോ എന്ന കണികയും പോസിറ്റീവ് ചാര്‍ജ്ജുളള പോസിട്രോണും കൂടി ഉണ്ടാകുന്നു. പോസിട്രോണുകളും ഇലക്‍ട്രോണുകളും പരസ്പരം നശിപ്പിക്കുന്നു. ഡ്യൂട്ടീരിയം മറ്റൊരു അണുകേന്ദ്രവുമായി യോജിച്ച് ഹീലിയം 3 ഉണ്ടാകുന്നു.

അടുത്ത ഘട്ടത്തില്‍ ഇത്തരം രണ്ട് ഹീലിയം -3 അണുകേന്ദ്രങ്ങള്‍ ചേര്‍ന്ന് ഹീലിയം-4 എന്ന അണുകേന്ദ്രവും രണ്ട് പ്രോട്ടോണുകളും ഉണ്ടാവുന്നു. അഥവാ രണ്ടു വഴികളിലായി നാല് പ്രോട്ടോണുകളില്‍ തുടങ്ങി ആറെണ്ണം തമ്മില്‍ ചേര്‍ന്ന് അവസാനം ഒരു ഹീലിയത്തിലും രണ്ട് പ്രോട്ടോണുകളിലും ചെന്നവസാനിക്കുന്നു. ഹീലിയം സൌരചൂളയിലെ ചാരമാണ്. ഓരോ സെക്കന്റിലും 6570 ലക്ഷം ടണ്‍ ഹൈഡ്രജന്‍ ഹീലിയമാക്കി മാറ്റപ്പെടുന്നുണ്ട്. അതില്‍ ഒരു ശതമാനത്തില്‍ താഴെ അഥവാ 0.71% അതായത് 45 ടണ്‍ ദ്രവ്യത്തിന്റെ തുല്യമായ ദ്രവ്യമാണ് ഊര്‍ജ്ജമായി മാറുന്നത്.

രണ്ടാമത്തെ പ്രക്രിയ ഇപ്രകാരമാണ്. ഒരു കാര്‍ബണ്‍-12 അണുകേന്ദ്രം തുടങ്ങിവെക്കുന്ന പ്രക്രിയയില്‍ നൈട്രജന്‍-13ന്റെ ഒരു അണുകേന്ദ്രം ഉണ്ടാകുന്നു. സ്വന്തമായി നിലനില്‍ക്കാനാകാത്ത ഈ അണുകേന്ദ്രം ഒരു ന്യൂട്രിനോയും പ്രോസിട്രോണും വിട്ടുകൊടുത്ത് കാര്‍ബണ്‍-13 ആവുന്നു. തുടര്‍ന്നുളള മാറ്റങ്ങളിലൂടെ ഇതും ഒടുക്കം ഹീലിയം-4 അണുകേന്ദ്രം ഉല്‍പാദിപ്പിക്കുന്നു. കൂടാതെ കാര്‍ബണ്‍-12ഉം ഉണ്ടാക്കുന്നു. തുടങ്ങിയേടത്തു തന്നെ എത്തുന്ന ഈ പ്രക്രിയയും ആവര്‍ത്തിക്കുന്നു. ഈ രണ്ട് പ്രക്രിയകളിലും കുറഞ്ഞഭാഗം ചൂടും വെളിച്ചവുമായി പുറത്തേക്ക് തെറിക്കുന്നു. എല്ലാ ഭാഗത്തേക്കും തെറിക്കുന്നതില്‍ ചെറിയൊരു ഭാഗം മാത്രമാണ് ഭൂമിയിലേക്കെത്തുന്നത്.

പ്രപഞ്ചനാഥനായ അല്ലാഹു നമുക്ക് ഒരുക്കിയ ഈ ദൃഷ്ടാന്തങ്ങളിലേക്ക് ശ്രദ്ധ തിരിക്കാനും അതിലെ ദൃഷ്ടാന്തങ്ങള്‍ ഉള്‍ക്കൊണ്ട് നന്ദിയുളള ഒരു വിശ്വാസിയായി ജീവിക്കാനും അല്ലാഹു നമ്മെ ക്വുര്‍ആനില്‍ ഉണര്‍ത്തുന്നു.

“കത്തിജ്വലിക്കുന്ന ഒരു വിളക്ക് നാം ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു.” (സൂറഃ അന്നബഅ് 13) കത്തിജ്വലിക്കുന്ന വിളക്കാണ് സൂര്യന്‍.

സൂര്യനെ അല്ലാഹു നമുക്ക് വേണ്ടി സൃഷ്ടിച്ച് തന്നതിന് പകരം അല്ലാഹുവിന്റെ ഖജനാവിലേക്ക് സൌരനികുതി അടക്കണമെന്ന് കല്‍പ്പിച്ചിരുന്നെങ്കില്‍ എത്ര രൂപ നാം അടക്കേണ്ടിവരുമായിരുന്നുവെന്ന് കണക്ക് കൂട്ടാം. എങ്ങനെ?

ഒരു ചതുരശ്രമീറ്ററില്‍ പതിക്കുന്ന സോളാര്‍ എനര്‍ജി എത്രയെന്ന് കണ്ടെത്തുക. അതിനെ ചതുരശ്രകിലേമീറ്ററാക്കാന്‍ 10 ലക്ഷം കൊണ്ട് ഗുണിക്കുക. അതിനെ ഭൂഗോളത്തിന്റെ വിസ്തീര്‍ണ്ണം (52 കോടി) കൊണ്ട് ഗുണിക്കുക. അതിനെ കേരളാ സ്റ്റെയ്റ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ഒരു യൂണിറ്റ് വൈദ്യുതിക്ക് ഈടാക്കുന്ന സംഖ്യകൊണ്ട് ഗുണിക്കുക. അതിനെ ലോകജനസംഖ്യയായ 730 കോടി കൊണ്ട് ഹരിക്കുക. എങ്കില്‍ ഓരോരുത്തരും എത്ര സംഖ്യ അല്ലാഹുവിന്റെ ഖജനാവിലേക്ക് നിത്യേന അടക്കണമെന്ന് കിട്ടും. ചുരുങ്ങിയത് ഒരു ദിവസം 10 ലക്ഷം രൂപയെങ്കിലും ദൈവീക ഖജനാവിലേക്ക് അടക്കേണ്ടിവരുമായിരുന്നു. ഇതെല്ലാം ഫ്രീയാക്കി വിട്ടുതന്നു. എന്നാല്‍, എന്നോട് നന്ദിയുളള ജീവിതം കാഴ്ചവെക്കൂ എന്ന് അല്ലാഹു ആവശ്യപ്പെടുന്നു. അതിനും തയ്യാറില്ലെങ്കില്‍ മനുഷ്യന്‍ എത്രമാത്രം ധിക്കാരിയാണ്!

സൂര്യന്റെ ചലനങ്ങള്‍

“സൂര്യന്‍ അതിന് സ്ഥിരമായുളള ഒരു സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. പ്രതാപശാലിയും സര്‍വ്വജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണത്.” (സൂറഃ യാസീന്‍ 38) ഇവിടെ ലിമുസ്‍തക്വര്‍റിന്‍ എന്നതിന് പകരം ലാമുസ്‍തക്വര്‍റുന്‍ എന്നൊരു ഖിറാഅത്തും ഉണ്ട്. അത് പ്രകാരം അതിന്റെ അര്‍ത്ഥം സൂര്യന് നിശ്ചലാവസ്ഥയില്ല എന്നായിരിക്കും. രണ്ടര്‍ത്ഥങ്ങളും ശാസ്ത്രീയമായി ശരിയാണ്. സൂര്യന്റെ ചലനങ്ങളെക്കുറിച്ച് നടന്ന പഠനങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത് ഇപ്രകാരമാണ്.

സൌരസ്‍പന്ദനങ്ങള്‍ (Solar Pulses)

സൂര്യന്റെ ഉപരിതലത്തില്‍ 160 മിനുട്ട് ഇടവേളകളില്‍ വീര്‍ക്കലും ചുരുങ്ങലും ആവര്‍ത്തിച്ച് സംഭവിക്കുന്നുണ്ട് എന്ന് സോവിയറ്റ് യൂണിയനിലെ അക്കാഡമീഷ്യന്‍ സെര്‍വെനിയും അമേരിക്കയിലെ ഡോ. ഹെന്ററിഹില്ലും ചില ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍മാരും ചേര്‍ന്നാണ് കണ്ടുപിടിച്ചത്.

സ്വന്തം അച്ചുതണ്ടിലെ ഭ്രമണം (Rotation on its Axix)

ഇതിന് സൂര്യന്‍ 25.38 ഭൌമദിനങ്ങള്‍ അഥവാ 609.12 മണിക്കൂറാണ് എടുക്കുന്നത്.

സൌരയുഥകേന്ദ്രത്തിലെ ചലനം (Movement in the Center of Solar System)

സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങളുടെ ഗുരുത്വാകര്‍ഷണം സൂര്യനില്‍ ചെലുത്തുന്ന സ്വാധീനം കാരണമായി സൂര്യന്‍ സൌരയുഥ കേന്ദ്രത്തില്‍ 16 ലക്ഷം കി.മീ. വ്യാസമുളള ചുരുള്‍ ആകൃതിയിലുളള പാതയിലൂടെ ചലിച്ചുകൊണ്ടിരിക്കുന്നു.

ഗ്യാലക്‍സികേന്ദ്രത്തിന്റെ ചുറ്റുമുളള ചലനം (Movement of the Sun around the Galactic Centre)

മില്‍ക്കീവേ ഗ്യാലക്‍സിയുടെ കേന്ദ്രത്തില്‍നിന്ന് മുപ്പതിനായിരം പ്രകാശവര്‍ഷം ദൂരെയാണ് ഭൂമി ഉള്‍ക്കൊള്ളുന്ന സൌരയുഥത്തിന്റെ സ്ഥാനം. ഈ ഗ്യാലക്സിയുടെ കൂടെ സൂര്യന്‍ അതിന്റെ കേന്ദ്രത്തിന് ചുറ്റുമായി മണിക്കൂറില്‍ എട്ടരലക്ഷം കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ഇങ്ങനെ ഒരു ചുറ്റ് പൂര്‍ത്തിയാക്കാന്‍ എടുക്കുന്ന 22.5 കോടിവര്‍ഷങ്ങള്‍ക്ക് ഒരു കോസ്‍മിക് വര്‍ഷം (ഗ്യാലക്റ്റിക് വര്‍ഷം) എന്ന് പറയുന്നു.

പ്രപഞ്ചവികാസത്തിന്റെ ഭാഗമായുളള ചലനം (Movement with the Expansion)

പ്രപഞ്ചം അത്യധികം വേഗതയില്‍ വികസിച്ചുകൊണ്ടിരിക്കുകയാണ് എന്ന് എഡ്വിന്‍ പി. ഹബ്‍ള്‍ എന്ന ശാസ്ത്രജ്ഞന്‍ കണ്ടെത്തി. മണിക്കൂറില്‍ 250000 കി.മീ വേഗതയിലാണ് ഈ വികാസത്തിന്റെ ഭാഗമായി സൂര്യന്‍ സഞ്ചരിക്കുന്നത്.

സൂര്യന്‍ സഞ്ചരിക്കുന്നുവെന്ന് 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഖുര്‍ആന്‍ സൂചിപ്പിച്ചു. കിഴക്ക് നിന്ന് പടിഞ്ഞാറോട്ടുളള സൂര്യന്റെ ചലനം നമ്മുടെ തോന്നല്‍ മാത്രമാണ്. ഭൂമി പടിഞ്ഞാറു നിന്ന് കിഴക്കോട്ട് തിരിയുന്നത് കൊണ്ടാണ് സൂര്യന്‍ കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് നീങ്ങുന്നതായി നമുക്ക് തോന്നുന്നത്.

സൂര്യന്റെയും ചന്ദ്രന്റെയും പ്രകാശങ്ങള്‍ തമ്മിലുളള വ്യത്യാസം

സൂര്യന്‍ ഒരു പ്രകാശസ്രോതസ്സാണ്. എന്നാല്‍ ചന്ദ്രന്റെ പ്രകാശം സൂര്യപ്രകാശം ചന്ദ്രനില്‍ തട്ടിപ്രതിഫലിക്കുന്നതാണ്. ഏകദേശം 9000 വര്‍ഷങ്ങള്‍ക്ക് മുമ്പ് നൂഹ് നബി(അ) അല്ലാഹു അറിയിച്ചതനുസരിച്ച് ജനങ്ങളോട് പറഞ്ഞു:

“സൂര്യനെ ഒരു പ്രകാശമാക്കുകയും ചന്ദ്രനെ ഒരു ശോഭയാക്കുകയും ചെയ്തവനാണ് അവന്‍ (അല്ലാഹു).” (സൂറഃ നൂഹ് 16)

സൂര്യന്റെ പ്രകാശത്തെ ഉപയോഗിച്ചത് ബഹുവചനപദമായ ളിയാഅന്‍ എന്നും ചന്ദ്രന്റെ ശോഭയെ ഏകവചനപദമായ നൂറന്‍ എന്നുമാണ്.

സൂര്യപ്രകാശം ഏഴ് നിറങ്ങളുടെ സംയോജനമാണ് എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞന്‍ (1643-1727) ഐസക് ന്യൂട്ടനാണ്. സൂര്യന്റേതുള്‍പ്പടെയുളള പ്രകാശത്തെക്കുറിച്ച് അഗാധമായി പഠനം നടത്തി, കിതാബുല്‍ മനാളിര്‍ എന്ന ഗ്രന്ഥം ക്രിസ്താബ്ദം 1015ല്‍ എഴുതിയ അറബ് മുസ്‍ലിം പ്രകാശ, ഗണിത ശാസ്ത്രജ്ഞനാണ് ഇബ്നുഹൈഥം. പ്രസ്തുത ഗ്രന്ഥത്തിന്റെ പ്രാധാന്യം പരിഗണിച്ചാണ് അതിന്റെ ആയിരം വര്‍ഷം തികയുന്ന 2015നെ UNESCO അന്താരാഷ്ട്ര പ്രകാശവര്‍ഷം ആയി അംഗീകരിച്ചത്.

സൂര്യനും സമയനിര്‍ണ്ണയവും

ഭൂമി പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് തിരിയുന്ന ഗ്രഹമാണ്. സൂര്യന്റെ സാന്നിധ്യമാണ് സമയനിര്‍ണ്ണയത്തിന്റെ അടിസ്ഥാനം.

“സൂര്യനെയും ചന്ദ്രനെയും കണക്കുകള്‍ക്ക് അടിസ്ഥാനവുമാക്കിയിരിക്കുന്നു.” (സൂറഃ അന്‍ആം 96)

ഗോള ശാസ്ത്രകണക്കുകളുടെ കൃത്യതയെ സൂചിപ്പിക്കുന്ന വചനങ്ങളാണിത്. ഗോള ശാസ്ത്രകണക്കുകള്‍ ദൈവീക നിശ്ചയമാണ്. അത് ഗ്രഹിച്ചെടുക്കുക മാത്രമാണ് മനുഷ്യന്‍ ചെയ്യുന്നത്.

ഭൂമി സ്വന്തം അച്ചുതണ്ടില്‍ ഒരു പ്രാവശ്യം ഭ്രമണം ചെയ്യാന്‍ എടുക്കുന്ന സമയമാണ് ഒരു ദിവസം. അത് കൃത്യമായി പറഞ്ഞാല്‍ 23 മണിക്കൂര്‍ 56 മിനുട്ട് 4.09 സെക്കന്‍റ്റ് ആണ്. ഭൂമി സൂര്യനെ പരിക്രമണം ചെയ്യുമ്പോള്‍ ഒരു ഡിഗ്രി വീതം ഒരു ദിവസം മുന്നോട്ട് നീങ്ങുമ്പോള്‍ വര്‍ദ്ധിക്കുന്ന 4 മിനുട്ട് കൂടി ഇതിലേക്ക് കൂട്ടുമ്പോള്‍ ഒരു ദിവസം 24 മണിക്കൂറാണ് എന്ന് കിട്ടുന്നു. 40075 കിലോമീറ്റര്‍ ചുറ്റളവുളള ഭൂമി 24 മണിക്കൂര്‍ കൊണ്ട് ഒരു പ്രാവശ്യം പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് തിരിയുമ്പോള്‍ 1669.79 കിലോമീറ്ററാണ് ഭൂമധ്യരേഖ പ്രദേശത്ത് ഒരു മണിക്കൂര്‍ സമയവ്യത്യാസത്തിനാവശ്യമായ ദൂരം എന്ന് കിട്ടുന്നു. ഭൂമിയുടെ ചുറ്റളവായ 40075നെ 24കൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന സംഖ്യയാണ് ഇത്. ഭൂമി 360 ഡിഗ്രി ഭ്രമണം ചെയ്യുമ്പോഴാണല്ലോ ഒരു പ്രാവശ്യം ഭ്രമണം പൂര്‍ത്തിയാവുന്നത്. 111.31 കിലോമീറ്ററാണ് ഭൂമധ്യരേഖയില്‍ ഒരു ഡിഗ്രി എന്ന് മനസ്സിലാക്കാം. പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് തിരിയുമ്പോള്‍ കിഴക്ക് ഭാഗത്തുളള രാഷ്ട്രങ്ങളാണ് ആദ്യം സൂര്യന്റെ ഭാഗത്തേക്ക് വരുന്നത്. പടിഞ്ഞാറ് ഭാഗത്തുളള രാഷ്ട്രങ്ങള്‍ പിന്നീട് മാത്രമേ എത്തുകയുള്ളൂ. വടക്കും തെക്കും തമ്മില്‍ സമയത്തില്‍ വ്യത്യാസം വരില്ല, കാരണം ഭൂമി പടിഞ്ഞാറ് നിന്ന് കിഴക്കോട്ടാണ്, തെക്ക് വടക്കല്ല തിരിയുന്നത്. ഉദാഹരണമായി കേരളവും ഖസാക്കിസ്ഥാനും തമ്മില്‍ കാര്യമായ സമയവ്യത്യാസമില്ല. കാരണം അത് കേരളത്തിന്റെ അതേ രേഖാംശ രേഖയില്‍ നേരെ വടക്കാണ് സ്ഥിതിചെയ്യുന്നത്.

ഭൂമിയുടെ സ്വന്തം അച്ചുതണ്ടിലുളള ഒരു ഡിഗ്രി കറക്കത്തിന് 4 മിനുട്ട് എടുക്കുന്നു. അപ്പോള്‍ 360 ഡിഗ്രി കറങ്ങാന്‍ 24 മണിക്കൂര്‍ എടുക്കുന്നു. ഒരു ഡിഗ്രിക്ക് 4 മിനുട്ട് പ്രകാരം 360 ഡിഗ്രിക്ക് 24 മണിക്കൂറാണല്ലോ സമയവ്യത്യാസം. കേരളത്തിന്റെ 1600 കി.മീ കിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന ആന്തമാനിലെ പ്രാദേശിക സമയം കേരളത്തേക്കാള്‍ ഒരു മണിക്കൂര്‍ മുന്നിലാണ്. സമയത്തിന്റെ മധ്യരേഖയായ ഗ്രീനിച്ചില്‍ നിന്ന് ഓരോ ഡിഗ്രിക്ക് 4 മിനുട്ട് വീതം വര്‍ദ്ധിക്കുന്നതായി കിഴക്കോട്ടും 4 മിനുട്ട് വീതം കുറയുന്നതായി പടിഞ്ഞാറോട്ടും കണക്കുകൂട്ടിയാല്‍ ഭൂമിയില്‍ ഏറ്റവും കൂടിയ സമയവും ഏറ്റവും കുറഞ്ഞ സമയവും തമ്മില്‍ നേരെ മറുഭാഗത്ത് കൂട്ടിമുട്ടും. ആ മുട്ടുന്ന സ്ഥലത്ത് കൂടെ ഉത്തരധ്രുവം മുതല്‍ ദക്ഷിണധ്രവും വരെ വരച്ച സാങ്കല്‍പ്പിക രേഖയാണ് അന്തര്‍ദേശീയ ദിനമാറ്റരേഖ (International date line) എന്ന് പറയുന്നത്. 1884ല്‍ വാഷിംഗ്ടണ്‍ ഡി.സിയില്‍ 26 രാഷ്ട്രങ്ങള്‍ യോഗം ചേര്‍ന്നാണ് ഈ രേഖ അംഗീകരിച്ചത്. ഈ രേഖയുടെ രണ്ട് ഭാഗത്തും എല്ലായ്പോഴും 24 മണിക്കൂര്‍ സമയവ്യത്യാസം ഉണ്ടാകും. ഉദാഹരണമായി ദനിരേഖയുടെ തൊട്ട് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഫിജിദ്വീപില്‍ വെള്ളിയാഴ്ച ലോകത്തില്‍ ആദ്യത്തെ ജുമുഅ നടക്കുമ്പോള്‍ ഈ രേഖയുടെ തൊട്ട് കിഴക്ക് ഭാഗത്തെ വെസ്റ്റേണ്‍ സമോവ ദ്വീപില്‍ അതേ സമയത്ത് വ്യാഴാഴ്ച ഉച്ചക്ക് ളുഹര്‍ നമസ്കരിക്കുകയായിരിക്കും. ഒരേ രാഷ്ട്രത്തിനുളളില്‍ രണ്ട് ദിവസം ആവാതിരിക്കാന്‍ ദിനരേഖയില്‍ പടിഞ്ഞാറോട്ട് വളച്ച ഭാഗത്തിന് അലൂഷ്യന്‍ അഡ്ജസ്റ്റ്മെന്റ് എന്നും കിഴക്കോട്ട വളച്ച ഭാഗത്തിന് കിരിബാറ്റി അഡ്ജസ്റ്റ്മെന്റ് എന്നും പറയുന്നു.

ഇന്ത്യ ഗ്രീനിച്ച് രേഖയില്‍ നിന്ന് കിഴക്ക് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ലണ്ടനിലെ ഗ്രീനിച്ചിലൂടെ കടന്ന് പോകുന്ന രേഖാംശരേഖയില്‍ ഉളള സമയത്തേക്കാള്‍ 5.30 മണിക്കൂര്‍ മുന്നിലാണ് ഇന്ത്യന്‍ സ്റ്റാന്റേഡ് സമയം. ഇന്ത്യയുടെ രണ്ടറ്റവും രണ്ട് മണിക്കൂര്‍ സമയ വ്യത്യാസമുണ്ട്. അതായത് ഏറ്റവും കിഴക്കേ അറ്റത്തുളള അരുണാചല്‍പ്രദേശില്‍ സൂര്യന്‍ ഉദിച്ച് 2 മണിക്കൂര്‍ കഴിഞ്ഞേ ഗുജറാത്തില്‍ സൂര്യന്‍ ഉദിക്കുകയുളളൂ. എന്നാല്‍ ഇന്ത്യയുടെ മധ്യഭാഗത്ത് കൂടെ കടന്നുപോകുന്ന രേഖാംശരേഖയില്‍ ഉളള പ്രാദേശിക സമയത്തെ ഇന്ത്യയുടെ ഒട്ടാകെയുളള ഔദ്യേഗിക സമയമാക്കി അംഗീകരിച്ചു. അതാണ് ഇന്ത്യന്‍ സ്റ്റാന്റേഡ് സമയം.

രാജ്യത്തിന്റെ മധ്യഭാഗത്തെ പ്രാദേശിക സമയത്തെ രാഷ്ട്രത്തിന്റെയോ രാഷ്ട്രത്തിന്റെ ഒരു ഭാഗത്തിന്റെയോ ഔദ്യോഗിക സമയമാക്കി അംഗീകരിക്കുന്നതിനാണ് സ്റ്റാന്റേര്‍ഡ് സമയം എന്ന് പറയുന്നത്. ഇതിന്റെയെല്ലാം അടിസ്ഥാനം സൂര്യനാണ്.

സൂര്യന്റെ അന്ത്യം

സൂര്യന്റെ ആയുസ്സ് ഏകദേശം 1000 കോടി വര്‍ഷങ്ങളാണെന്ന് അനുമാനിക്കപ്പെടുന്നത്. ഇനിയും ഒരഞ്ഞൂറ് കോടിയിലേറെ വര്‍ഷം കത്തിജ്വലിക്കാനുളള ഇന്ധനം സൂര്യനിലുണ്ടത്രെ. ഇനി ഇന്ധനം കഴിഞ്ഞുവെന്നിരിക്കട്ടെ, സൂര്യന്‍ ഒരു ചുവന്ന് ഗോളമായിത്തീരും.

സൂര്യന് അന്ത്യമുണ്ടെന്ന് ബ്രിട്ടനിലെ മാഞ്ചസ്റ്റര്‍ യൂനിവേഴ്സിറ്റി Prof. Albert Zijilstra എന്ന അസ്‍ട്രോണമര്‍ പറയുന്നു. സൂര്യനില്‍ വന്‍ ശതമാനം ഹൈഡ്രജന്‍ വാതകമുണ്ട്. അതിന്റെ അന്തരീക്ഷം ഹീലിയമായി മാറും. ഹൈഡ്രജന്‍ ജ്വലിച്ച് തീരുകയും ആണവപ്രക്രിയ തുടരുകയും ചെയ്യുന്നതോടെ അത് തണുത്തുറച്ച വസ്തുവായിത്തീരും.

“സൂര്യന്‍ അതിന് സ്ഥിരമായുളള സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. പ്രതാപിയും സര്‍വ്വജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണത്.” (സൂറഃ യാസീന്‍ 38)

ഇതിന് സൂര്യന്‍ നിശ്ചലാവസ്ഥയിലായിത്തീരുന്ന കാലം ഉണ്ടാവും എന്നും വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. തഫ്‍സീറു ഇബ്നുകസീറില്‍ രണ്ടാം വ്യാഖ്യാനം എന്ന നിലയില്‍ ഇത് എടുത്ത് പറഞ്ഞിട്ടുണ്ട്.

0
0
0
s2sdefault