Quick Contact

LAST UPDATE : TUESDAY, 23 JANUARY 2024

 

ക്വുർആനും ശാസ്ത്രവും

മനുഷ്യന്‍ മണ്ണില്‍നിന്നു വന്നവന്‍

ചെറിയമുണ്ടം അബ്‍ദുല്‍ഹമീദ് മദനി (റഹിമഹുല്ലാഹ്)

Last Update: 2023 March 04, 12 Shaʻban, 1444 AH

എല്ലാം വിശിഷ്ടമായി, അന്യൂനമായി, സുഭദ്രമായി, പൂര്‍ണതയോടെ, പാരസ്പര്യത്തോടെ സൃഷ്ടിച്ചവന്‍ എന്നാകുന്നു വിശുദ്ധ ക്വുര്‍ആനിലെ വിവിധ വചനങ്ങള്‍ അല്ലാഹുവെ പരിചയപ്പെടുത്തിയിട്ടുളളത്. ‘താന്‍ സൃഷ്ടിച്ച ഏതൊരു വസ്തുവെയും വിശിഷ്ടമാക്കിയവന്‍’ എന്നത്രെ 32:7ല്‍ അല്ലാഹുവെ വിശേഷിപ്പിച്ചിരിക്കുന്നത്. തുടര്‍ന്ന് വിശുദ്ധ ക്വുര്‍ആന്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത് കേള്‍വിയും കാഴ്ചയും ബുദ്ധിയുമുളള മനുഷ്യനെന്ന മഹാപ്രതിഭാസത്തെ കളിമണ്ണില്‍നിന്ന് സൃഷ്ടിച്ചു വളര്‍ത്തിയ കാര്യമാണ്.

“മനുഷ്യന്റെ സൃഷ്ടി കളിമണ്ണില്‍നിന്ന് ആരംഭിച്ചു. പിന്നെ അവന്റെ സന്തതിയെ നിസ്സാരമായ ഒരു വെള്ളത്തിന്റെ സത്തില്‍നിന്ന് അവന്‍ ഉണ്ടാക്കി. പിന്നെ അവനെ ശരിയായ രൂപത്തിലാക്കുകയും തന്റെ വകയായുളള ആത്മാവ് അവനില്‍ ഊതുകയും ചെയ്തു. നിങ്ങള്‍ക്കവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കിത്തരികയും ചെയ്തു. കുറച്ചുമാത്രമേ നിങ്ങള്‍ നന്ദികാണിക്കുന്നുള്ളൂ.” (വി.ക്വു. 32:7-9)

മണ്ണില്‍നിന്നു വന്നവന്‍

ശരീരവും മനസ്സും ആത്മാവുമുളള മനുഷ്യന്‍ ഈ മണ്ണില്‍നിന്ന് രൂപപ്പെടുത്തപ്പെട്ടവനാണ്. മനുഷ്യന്റെ ഭൌതിക ശരീരത്തിലുളള ജലാംശവും ജീവകങ്ങളും ധാതുലവണങ്ങളുമെല്ലാം ഈ ഭൂമുഖത്തുനിന്ന് സമാഹരിക്കപ്പെട്ടതാണ്. അവന്റെ പഞ്ചേന്ദ്രിയങ്ങളും ബുദ്ധിയും മണ്ണില്‍നിന്ന് ഉരുത്തിരിഞ്ഞ പ്രതിഭാസങ്ങളാണ്. ആദിമമനുഷ്യന്‍ കളിമണ്ണില്‍ നിന്ന് ഒരു വിധത്തില്‍ സംവിധാനിക്കപ്പെട്ടു. അനന്തര തലമുറകള്‍ മണ്ണില്‍നിന്ന് തന്നെ മറ്റൊരു വിധത്തില്‍ സംവിധാനിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. മരണാനന്തരം അവരൊക്കെ മണ്ണിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. മണ്ണില്‍നിന്ന് മഹാപ്രതിഭകളെ ഉരുത്തിരിച്ചെടുക്കുകയും നിശ്ചിത കാലത്തിനുശേഷം അവരെ മണ്ണില്‍ത്തന്നെ ലയിപ്പിച്ചു ചേര്‍ക്കുകയും ചെയ്യുന്ന പ്രപഞ്ചനാഥനെ അംഗീകരിക്കുന്നവരും അംഗീകരിക്കാത്തവരുമുണ്ട്. എന്നാല്‍ മനുഷ്യാസ്തിത്വത്തിന്റെ വിസ്മയകരമായ വൈശിഷ്ട്യവും അവന്റെ ബാഹ്യവും ആന്തരികവുമായ മികവും അന്യൂനതയും ആരും നിഷേധിക്കുകയില്ല. മനുഷ്യന്റെ ഏതെങ്കിലും അവയവത്തിന്റെ രൂപമോ ധര്‍മമോ സ്ഥാനമോ മാറിയാല്‍ കൂടുതല്‍ നന്നാകുമായിരുന്നു എന്ന് ആരും അഭിപ്രായപ്പെട്ടിട്ടില്ല. മനുഷ്യമനസ്സിന്റെ ഘടനയില്‍ ഭേദഗതി ആവശ്യമുളളതായി ആരും ചൂണ്ടിക്കാണിച്ചിട്ടുമില്ല.

പ്രപഞ്ചനാഥന്റെ സംവിധാന വൈഭവത്തിന്റെ അനിഷേധ്യ ദൃഷ്ടാന്തമെന്ന നിലയില്‍ മനുഷ്യന് അനിതര രൂപഭാവങ്ങള്‍ നല്‍കിയ കാര്യം ഒട്ടേറെ ക്വുര്‍ആന്‍ വചനങ്ങളില്‍ വിവരിക്കപ്പെട്ടിട്ടുണ്ട്. “ഹേ മനുഷ്യാ, ഉദാരനായ നിന്റെ രക്ഷിതാവിന്റെ കാര്യത്തില്‍ നിന്നെ വഞ്ചിച്ചുകളഞ്ഞത് എന്താകുന്നു? നിന്നെ സൃഷ്ടിക്കുകയും നിന്നെ സംവിധാനിക്കുകയും നിന്നെ ശരിയായ അവസ്ഥയിലാക്കുകയും താനുദ്ദേശിച്ച രൂപത്തില്‍ നിന്നെ സംഘടിപ്പിക്കുകയും ചെയ്തവനത്രെ അവന്‍.” (82:68)

“മണ്ണില്‍നിന്നും പിന്നെ ബീജത്തില്‍നിന്നും ഭ്രൂണത്തില്‍നിന്നും നിങ്ങളെ സൃഷ്ടിച്ചത് അവനാകുന്നു. പിന്നീട് ഒരു ശിശുവായി നിങ്ങളെ അവന്‍ പുറത്ത് കൊണ്ടുവരുന്നു. പിന്നീട് നിങ്ങള്‍ വൃദ്ധരായിത്തീരുവാനും വേണ്ടി (നിങ്ങളില്‍ച്ചിലര്‍ മുമ്പേ തന്നെ മരണമടയുന്നു) നിര്‍ണിതമായ ഒരു അവധിയില്‍ നിങ്ങള്‍ എത്തിച്ചേരുന്നതിനും നിങ്ങള്‍ ഒരുവളേ ചിന്തിക്കുന്നതിനും വേണ്ടി.” (40.67)

“അല്ലാഹുവാകുന്നു നിങ്ങള്‍ക്കുവേണ്ടി ഭൂമിയെ വാസസ്ഥലവും ആകാശത്തെ മേല്‍പ്പുരയും ആക്കിയവന്‍. അവന്‍ നിങ്ങളെ രൂപപ്പെടുത്തുകയും നിങ്ങളുടെ രൂപങ്ങള്‍ മികച്ചതാക്കുകയും വിശിഷ്ട വസ്തുക്കളില്‍നിന്ന് നിങ്ങള്‍ക്ക് ഉപജാവനം നല്‍കുകയും ചെയ്തിരിക്കുന്നു. അവനാകുന്നു നിങ്ങളുടെ രക്ഷിതാവ അല്ലാഹു. അപ്പോള്‍ ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹു അനുഗ്രഹപൂര്‍ണനായിരിക്കുന്നു.” (40:64)

“അല്ലാഹുവിന്റെ സൃഷ്ടിവ്യവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ല” (30:30). “തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടു കൂടെ സൃഷ്ടിച്ചിരിക്കുന്നു.” (95:4). “അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണനായിരിക്കുന്നു” (23:14). “പരമകാരുണികന്‍ സൃഷ്ടിച്ചതില്‍ യാതൊരു പൊരുത്തക്കേടും നീ കാണുകയില്ല.” (67:3).

വൈകൃതവും പൊരുത്തക്കേടുകളും ദൃഷ്ടാന്തങ്ങള്‍

മനുഷ്യരില്‍ രണ്ടു തരക്കാരുണ്ട്. സ്വജീവിതത്തെയും പ്രപഞ്ചത്തെയും രചനാത്കമായി വീക്ഷിക്കുന്നവരും നിഷേധാത്മാകമായി നോക്കിക്കാണുന്നവരും. രചനാത്മകമായി വീക്ഷിക്കുന്നവര്‍ എന്തിലുമേതിലും പൂര്‍ണതയും താളപ്പൊരുത്തവും പാരസ്പര്യവും കണ്ടെത്തുന്നു. നിഷേധാത്മകമായി വിലയിരുത്തുന്നവര്‍ കാണുന്നതൊക്കെ വൈകൃതവും പൊരുത്തക്കേടും ന്യൂനതകളും അനീതിയുമായിരിക്കും.

ദൈവം സര്‍വജ്ഞനും പരമകാരുണികനും സര്‍വഗുണസമ്പന്നനും ആണെങ്കില്‍ ദുരിതങ്ങള്‍ കൂത്താടുന്ന ഈ ലോകമെന്തിന് സൃഷ്ടിച്ചു?, വികലാംഗരും മന്ദബുദ്ധികളുമായി എന്തിന് ഒട്ടേറെ മനുഷ്യരെ ജനിപ്പിച്ചു എന്നിങ്ങനെയുളള ചോദ്യങ്ങള്‍ ദോഷൈകദൃക്കുകളായ മനുഷ്യര്‍ എക്കാലത്തും ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഈ വൈകൃതങ്ങള്‍ക്കു നടുവില്‍നിന്ന് തന്നെ രചനാത്മകമായ ചിന്തകൊണ്ട് സ്വന്തം ജീവിതത്തെ ഈ ചോദ്യങ്ങള്‍ക്കുളള ഏറ്റവും തൃപ്തികരമായ മറുപടിയാക്കി വിസ്മയം വിരിയിച്ച മനുഷ്യരെ പലരും കാണാതെ പോവുകയോ ദിവ്യാനുഗ്രഹത്തിന്റെ അനുപമ ദൃഷ്ടാന്തങ്ങളെന്ന നിലയില്‍ അവരെ വിലയിരുത്താതെ പോവുകയോ ചെയ്യുന്നു.

ഹെലന്‍ കെല്ലറുടെ മാതാവ് ജന്മം നല്‍കിയത് പഞ്ചേന്ദ്രിയങ്ങള്‍ക്ക് പൂര്‍ണതയുളള യാതൊരു വൈകല്യവും ഇല്ലാത്ത ഒരു പെണ്‍കുഞ്ഞിനായിരുന്നെങ്കില്‍ ആ കുഞ്ഞിന്റെ ജീവിതം ലോകശ്രദ്ധ ആകര്‍ഷിക്കുമായിരുന്നോ? തന്നെ അന്ധയും ബധിരയും ഊമയുമായി സൃഷ്ടിച്ച ദൈവത്തെ നിന്ദിക്കുകയോ നിഷേധിക്കകയോ ചെയ്യാനും ജീവിതനൈരാശ്യത്തില്‍ എല്ലാം തുലച്ചുകളയാനും ആ അപൂര്‍വപ്രതിഭ തീരുമാനിച്ചിരുന്നെങ്കില്‍ അത് എന്തൊരു നഷ്ടമാകുമായിരുന്നു! നമ്മുടെ നാട്ടില്‍ വീല്‍ചെയറിലിരുന്ന് സാക്ഷരതയുടെ പ്രകാശം വാരിവിതറിയ മുസ്‍ലിംസഹോദരി യാതൊരു വൈകല്യവുമില്ലാത്ത ഒരു യുവതിയായിരുന്നെങ്കില്‍ അവാര്‍ഡുകള്‍ അവരെ തേടിവരുമായിരുന്നോ? വൈകല്യങ്ങള്‍ വിഗണിച്ചുകൊണ്ട് കായികവും ധൈഷണികവുമായ കഴിവ് തെളിയിച്ച അനേകായിരങ്ങള്‍ക്ക് അവയവത്തികവുണ്ടായിരുന്നെങ്കില്‍ അവരാര്‍ജിച്ച നേട്ടങ്ങളൊക്കെ കൈവരിക്കാന്‍ കഴിയുമായിരുന്നോ? ഈ ചോദ്യങ്ങള്‍ക്കെല്ലാമുളള ഉത്തരം നിഷേധാത്മകമായ ഒരു മറുചോദ്യത്തിലൊതുക്കാന്‍ ചിലര്‍ മുതിര്‍ന്നേക്കാം. ആകൃതിയിലും പ്രകൃതിയിലുമൊക്കെ ലക്ഷണമൊത്തവരായിരിക്കെത്തന്നെ മികച്ച കഴിവുകള്‍ കൈവരിക്കുന്ന മനുഷ്യരെ സൃഷ്ടിക്കാന്‍ ദൈവത്തിന് കഴിവുണ്ടായിരിക്കില്ലേ എന്നതാണ് ആ ചോദ്യം. ദൈവത്തോട് നന്ദികാണിക്കാന്‍ നൂറായിരം കാരണങ്ങളുണ്ടായാലും നിന്ദ കാണിക്കാന്‍ ഒന്നോ രണ്ടോ കാരണം തെരഞ്ഞുപിടിക്കുന്നവരെ ഉത്തരംമുട്ടിക്കാന്‍ നമുക്ക് കഴിഞ്ഞെന്നുവരില്ല. എന്നാലും നമുക്ക് ചോദിക്കാം. എല്ലാ സ്ത്രീകളെയും ദൈവം പൂര്‍ണ സൌന്ദര്യമുളളവരാക്കിയാല്‍ പിന്നെ ഭാരതസുന്ദരിയും ലോകസുന്ദരിയും ഉണ്ടാകുമോ? എല്ലാവരെയും ദൈവം ധൈഷണികമായി പൂര്‍ണതയിലെത്തിച്ചാല്‍ പിന്നെ ജ്ഞാനപീഠപുരസ്കാരത്തിനും നൊബേല്‍ പ്രൈസിനും പ്രസക്തിയുണ്ടാകുമോ?


അവലംബം: ആരോഗ്യത്തിന്റെ ദൈവശാസ്ത്രം

0
0
0
s2sdefault