Quick Contact

LAST UPDATE : TUESDAY, 23 JANUARY 2024

 

ക്വുർആനും ശാസ്ത്രവും

ചന്ദ്രനും ക്വുര്‍ആനിക പരാമര്‍ശങ്ങളും

ഡോ. പി.കെ. അബ്‍ദുറസാഖ് സുല്ലമി, M.A, Ph.D

Last Update: 2023 March 04, 12 Shaʻban, 1444 AH

ചന്ദ്രന്റെ ഉത്ഭവം

ചന്ദ്രന്റെ ഉത്ഭവത്തെപ്പറ്റി നിരവധി സിദ്ധാന്തങ്ങള്‍ ഉണ്ട്. ഭ്രമണ വേഗത കാരണമായി ഭൂമിയില്‍ നിന്ന് ഒരു കഷ്ണം തെറിച്ചുപോയി രൂപം കൊണ്ടതാണ് ചന്ദ്രന്‍ എന്ന Escape theoryയും ബഹിരാകാശത്തെകൂടി സഞ്ചരിക്കുന്ന ഒരു വലിയ ദ്രവ്യത്തെ ഭൂമി ആകര്‍ഷിച്ചെടുത്ത് ഉപഗ്രഹമാക്കിത്തീര്‍ത്തതാണ് എന്ന Capture-theoryയും ഒരേ സമയത്ത് തന്നെ രൂപം കൊണ്ടതാണ് ചന്ദ്രനും ഭൂമിയും എന്ന Thirdmoon formation theoryയും ഏതോ ഒരു ഉല്‍ക്കയുടെ ഇടിയേറ്റ് ഭൂമിയില്‍ നിന്ന് തെറിച്ചുപോയി രൂപം കൊണ്ടതാണെന്ന Collition theoryയുമാണ് അവയില്‍ പ്രധാനപ്പെട്ടത്.

മഹാവിസ്ഫോടനം നടന്ന ഉടനെ എല്ലാ ആകാശ ഗോളങ്ങളും ജ്വലിച്ചിരുന്നുവെന്നും പിന്നീട് കെട്ടുപോയവ ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമായി. കെടാത്തവ നക്ഷത്രങ്ങളായി നിലനില്‍ക്കുന്നു എന്നാണ് അനുമാനിക്കപ്പെടുന്നത്.

“രാവിനെയും പകലിനെയും നാം രണ്ട് ദൃഷ്ടാന്തങ്ങളാക്കിയിരിക്കുന്നു. രാവാകുന്ന ദൃഷ്ടാന്തത്തെ നാം മങ്ങിയതാക്കുകയും പകലാകുന്ന ദുഷ്ടാന്തത്തെ നാം പ്രകാശം നല്‍കുന്നതാക്കുകയും ചെയ്തിരിക്കുന്നു.” (സൂറഃ ഇസ്‍റാഅ് 12)

ഈ വചനത്തെ പ്രവാചകന്റെ സ്വഹാബിയായ ഇബ്നു അബ്ബാസ്(റ) ഇപ്രകാരം വ്യാഖ്യാനിക്കുന്നു: പകലിന്റെ ദൃഷ്ടാന്തമായ സൂര്യന്‍ പ്രകാശിക്കുന്നത് പോലെത്തന്നെ രാവിന്റെ ദൃഷ്ടാന്തമായ ചന്ദ്രനും പ്രകാശിച്ചിരുന്നു. പിന്നീട് ചന്ദ്രന്റെ പ്രകാശം കെട്ടുപോയി. (ജാമിഉല്‍ ബയാന്‍ ഫീ തഫ്‍സീരില്‍ ക്വുര്‍ആന്‍ - മുഹമ്മദുബ്നു അബ്ദുര്‍റഹ്‍മാന്‍ ഹുസൈനി – പബ്ലിഷിംഗ്: ഗറാസ് കമ്പനി, കുവൈത്ത്)

അതിനാല്‍ ഭൂമിയും ചന്ദ്രനും ഒരേ സമയത്ത് തന്നെ രൂപം കൊണ്ടതാണെന്ന Thirdmoon formation theory ആയിരിക്കാം താരതമ്യേനെ ക്വുര്‍ആനിന്റെ സൂചനയോട് യോജിക്കുന്നത്. കാരണം ആദ്യകാലത്ത് ചന്ദ്രനും സൂര്യനെപ്പോലെ ജ്വലിച്ചിരുന്നുവെങ്കില്‍ ഒരേ സമയത്ത് തന്നെ രൂപം കൊണ്ടതായിരിക്കാമെന്ന് കരുതാവുന്നതാണ്. ബിഗ് ബാംഗ് സംഭവിച്ചതോടെ ഭൂമിയും ചന്ദ്രനും രൂപം കൊണ്ടതിനാലായിരിക്കുമല്ലോ അക്കാലത്ത് ചന്ദ്രന്‍ ജ്വലിക്കാന്‍ കാരണം.

ചന്ദ്രന്റെ സഞ്ചാരത്തിലെ കൃത്യത

ചന്ദ്രന്‍ ഭൂമിയെ ചുറ്റാന്‍ 27 ദിവസവും ഏഴ് മണിക്കൂറും 43 മിനുട്ടും 11.47 സെക്കന്റുമാണ് എടുക്കുന്നത്. ഈ കൃത്യതയെപ്പറ്റി ക്വുര്‍ആന്‍ പറയുന്നത്:

“സൂര്യനെ ഒരു പ്രകാശമാക്കിയത് അവനാകുന്നു. ചന്ദ്രനെ അവനൊരു ശോഭയാക്കുകയും അതിന് ഘട്ടങ്ങള്‍ നിര്‍ണ്ണയിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ കൊല്ലങ്ങളുടെ എണ്ണവും കണക്കും അറിയുന്നതിന് വേണ്ടിയാണത്. യഥാര്‍ത്ഥ മുറപ്രകാരമല്ലാതെ അല്ലാഹു അതൊന്നും സൃഷ്ടിച്ചിട്ടില്ല. മനസ്സിലാക്കുന്ന ആളുകള്‍ക്ക് വേണ്ടി അല്ലാഹു തെളിവുകള്‍ വിശദീകരിക്കുന്നു.” (സൂറഃ യൂനുസ് 5)

“നബിയേ, നിന്നോടവര്‍ ചന്ദ്രക്കലകളെക്കുറിച്ച് ചോദിക്കുന്നു. പറയുക, മനുഷ്യരുടെ ആവശ്യങ്ങള്‍ക്കുളള കാലനിര്‍ണ്ണയത്തിനും ഹജ്ജ് തീര്‍ത്ഥാടനത്തിനുമുളള ഉപാധികളുമാകുന്നു അവ” (സൂറഃ അല്‍ബഖറഃ 189)

ഗോളാകൃതിയായതിനാല്‍ ചന്ദ്രന്റെ ഏകദേശം പകുതി സ്ഥലത്ത് സൂര്യപ്രകാശവും മറുഭാഗത്ത് ഇരുട്ടും (അഥവാ രാത്രിയും) ആയിരിക്കും. ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ ചന്ദ്രന്റെ പകലില്‍ നിന്ന് എത്രഭാഗം നാം കാണുന്നുവോ അതാണ് ചന്ദ്രമാസ പ്രകാരം ആ ദിവസത്തിന്റെ തിയ്യതിക്കുളള ഉപാധി. അമാവാസി ദിനത്തില്‍ ചന്ദ്രന്റെ മറുവശം മുഴുവന്‍ വെളിച്ചവും നാം കാണുന്ന ഭാഗം ഇരുട്ടും ആയതിനാല്‍ ആ ദിവസം ചന്ദ്രനെ കാണുന്നില്ല. വെളുത്ത വാവ് ദിവസത്തില്‍ ചന്ദ്രനെ നാം കാണുന്ന ഭാഗം മുഴുവന്‍ വെളിച്ചവും മറുഭാഗം മുഴുവന്‍ രാത്രിയുടെ ഇരുട്ടുമായിരിക്കും. അമാവാസിയുടെ തൊട്ടുതലേ ദിവസമാണ് ഉര്‍ജൂനുല്‍ ഖദിം. ഇതാണ് ക്വുര്‍ആന്‍ പറയുന്നത്:

“ചന്ദ്രന് നാം ചില ഘട്ടങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അങ്ങനെ ഈത്തപ്പനക്കുലയുടെ വളഞ്ഞ തണ്ട് പോലെ ആയിത്തീരുന്നു.” (സൂറഃ യാസീന്‍ 39)

29 ദിവസങ്ങള്‍ മാത്രമുളള ചന്ദ്രമാസങ്ങളില്‍ ഉര്‍ജൂനുല്‍ ഖദീം എന്ന ഘട്ടം 28ാം ദിനത്തിന്റെ സൂര്യോദയത്തിന് മുമ്പും 30 ദിവസങ്ങളുളള ചന്ദ്രമാസത്തില്‍ 29ാം ദിനത്തിലെ സൂര്യോദയത്തിന് മുമ്പും ആയിരിക്കും. അതിന്റെ പിറ്റെ ദിവസമാണ് അമാവാസി. അടുത്ത ദിവസം പുതിയ മാസമായിരിക്കും. ചന്ദ്രനും ഭൂമിയും സൂര്യനുമെല്ലാം പ്രപഞ്ചനാഥന്‍ നിശ്ചയിച്ച അതിസൂക്ഷ്മമായ കൃത്യതയോടെ സഞ്ചരിക്കുന്നുവെന്ന് അല്ലാഹു വ്യക്തമാക്കി.

0
0
0
s2sdefault