Quick Contact

LAST UPDATE : TUESDAY, 23 JANUARY 2024

 

ക്വുർആനും ശാസ്ത്രവും

ചോതി നക്ഷത്രം (Sirius)

ഡോ. പി.കെ. അബ്‍ദുറസാഖ് സുല്ലമി, M.A, Ph.D

Last Update: 2023 April 22, 01 Shawwal, 1444 AH

ക്വുര്‍ആനില്‍ പേരെടുത്തുപറഞ്ഞ സൂര്യനല്ലാത്ത ഏക നക്ഷത്രമാണ് സിറിയസ്. ആകാശത്തില്‍ സഹസ്രകോടിക്കണക്കിന് നക്ഷത്രങ്ങള്‍ ഉണ്ടെങ്കിലും സിറിയസ് നക്ഷത്രം മാത്രം എടുത്ത് പറയാന്‍ കാരണം അതിനെ പല സമൂഹങ്ങളും ആരാധിച്ചിരുന്നു എന്നതാണ്. 53 ാം അധ്യായം സൂറത്തുന്നജ്മ് 49ാം വചനത്തില്‍ അല്ലാഹു പറയുന്നു: “അവന്‍ (അല്ലാഹു) തന്നെയാണ് ശിഅ്റാ (സിറിയസ്) നക്ഷത്രത്തിന്റെ രക്ഷിതാവ്”

(അഥവാ ആ നക്ഷത്രത്തെയല്ല അതിന്റെ രക്ഷിതാവിനെയാണ് നിങ്ങള്‍ ആരാധിക്കേണ്ടത് എന്നര്‍ത്ഥം). ഈജിപ്തിലെ നൈല്‍ നദീപ്രദേശങ്ങളില്‍ ജീവിച്ചിരുന്ന ഖുളാഅഃ ഗോത്രക്കാര്‍ ഈ നക്ഷത്രത്തെ ആരാധിച്ചിരുന്നു. നൈല്‍ നദിയില്‍ വെള്ളപ്പൊക്കം ഉണ്ടാവുന്നതിന്റെ തൊട്ടുമുമ്പുളള ദിവസങ്ങളില്‍ ഈ നക്ഷത്രം നല്ല ശോഭയില്‍ കാണപ്പെടുന്നു എന്നതിനാല്‍ ഈ നക്ഷത്രമാണ് നൈലിലെ വെള്ളപ്പൊക്കത്തിന് കാരണം എന്നും ചിലര്‍ വിശ്വസിച്ചുപോന്നു. സൌരാഷ്ട്രര്‍ അതിനെ ബുദ്ധിയുടെ ദേവന്‍ എന്നും ആഫ്രിക്കയില്‍ ചില വര്‍ഗ്ഗക്കാര്‍ ‘സോത്തിസ് ദേവന്‍’ എന്നും വിശ്വസിച്ചിരുന്നു. അതുകൊണ്ടാണ് അത് ദൈവമല്ലെന്നും അതിന്റെ ഉടമസ്ഥന്‍ അല്ലാഹുവാണെന്നും അവനെയാണ് ആരാധിക്കേണ്ടതെന്നും ക്വുര്‍ആന്‍ എടുത്തുപറഞ്ഞത്.

സൂര്യന്റെ 24 ഇരട്ടിയാണ് സിറിയസിന്റെ യഥാര്‍ത്ഥ പ്രകാശതീവ്രത. സൂര്യനില്‍നിന്ന് ഭൂമിയിലേക്ക് 15 കോടി കിലോമീറ്റര്‍ അഥവാ 8 മിനുട്ടും 20 സെക്കന്റും പ്രകാശം സഞ്ചരിക്കാനുളള ദൂരം മാത്രമേയുളളൂ. അതേസമയം സിറിയസില്‍നിന്ന് പ്രകാശം ഭൂമിയിലേത്താന്‍ 8.6 വര്‍ഷങ്ങള്‍ എടുക്കും. അഥവാ 81.6 ലക്ഷം കിലോമീറ്റര്‍ ദൂരത്താണ് സിറിയസ് എന്നര്‍ത്ഥം. സൂര്യനെക്കാള്‍ കൂടുതല്‍ വലുപ്പമുണ്ട് അഥവാ 20 ലക്ഷം കി.മീ. ആണ് വ്യാസം. സൂര്യന്റേത് 14 ലക്ഷം കി.മീ. ആണ്.

2013ല്‍ സിറിയസില്‍ നിന്ന് പുറപ്പെട്ട പ്രകാശമാണ് 2022ല്‍ നാം കാണുന്നത്. വെറും കണ്ണുകൊണ്ട് കാണുന്ന നക്ഷത്രങ്ങളില്‍ ഏറ്റവും പ്രകാശമുളളതാണ് സിറിയസ്. നക്ഷത്രങ്ങളുടെ പ്രകാശതീവ്രത അളക്കുന്ന യൂണിറ്റാണ് കാന്തിമാനം (Magnitude). അതിന്റെ കാഴ്ചയില്‍ തോന്നുന്ന പ്രകാശതീവ്രത (Apparent Magnitude) -1.47 ആണ്. എന്നാല്‍ അതിന്റെ യഥാര്‍ത്ഥത്തിലുളള പ്രകാശതീവ്രതയുടെ സംഖ്യ അഥവാ (Absolute Magnitude) 1.42 ആണ്. Magnitude ന്റെ സംഖ്യ എത്ര കുറയുന്നുവോ അതിന്നനുസരിച്ച് ശോഭ കൂടുതലാണെന്ന് സൂചിപ്പിക്കുന്നു. റാങ്കിന്റെ സംഖ്യ എത്ര ചെറുതാവുന്നുവോ അതിനനുസരിച്ച് റാങ്കിന്റെ സ്ഥാനം കൂടുന്നു എന്നുപോലെയാണ്. പൂജ്യം മാഗ്നിറ്റ്യൂഡാണ് ഒന്നിലേക്കാള്‍ കൂടുതല്‍ പ്രകാശമുളളത്. -1 മാഗ്നിറ്റ്യൂഡ്, പൂജ്യം മാഗ്നിറ്റ്യൂഡിനേക്കാള്‍ പ്രകാശം കൂടുതലാണ്. 10000 മുതല്‍ 27000 ഡിഗ്രി സെന്റി ഗ്രെയ്ഡാണ് സിറിയസിന്റെ ഉപരിതലത്തിലെ ചൂട്. സൂര്യന്റെ ഉപരിതലത്തില്‍ 5000 ഡിഗ്രി മാത്രമേ ചൂടുളളൂ. ഭൂമിയോട് ഏറ്റവും അടുത്ത 6ാമത്തെ നക്ഷത്രമാണ് ഇത്. എന്നിട്ട് പോലും പ്രകാശം ഭൂമിയിലെത്താന്‍ 8.6 വര്‍ഷമെടുക്കും. ആകാശത്ത് നാം വെറും കണ്ണ് കൊണ്ട് കാണുന്ന നക്ഷത്രങ്ങളെ 88 കൂട്ടങ്ങള്‍ അഥവാ ഗണങ്ങളാക്കി നിരീക്ഷകര്‍ സങ്കല്‍പ്പിച്ചിട്ടുണ്ട്. സിറിയസ് Canis Major എന്ന ഗണത്തില്‍പെട്ട നക്ഷത്രമാണ്. ഓരോ ഗണത്തിലും (Constellation) ഏറ്റവും കൂടുതല്‍ പ്രകാശമുളള നക്ഷത്രത്തിന് അതിലെ അല്‍ഫ എന്ന് പറയുന്നു. അതിനാല്‍ സിറിയസിന് Alpha Canis Majoris എന്ന പേരുമുണ്ട്. ഇതിനെ വെള്ളക്കുളളന്‍ (White Dwarf) എന്ന വിഭാഗത്തിലാണ് കണക്കാക്കപ്പെടുന്നത്. ഇതുവരെ പറഞ്ഞത് സിറിയസ്-എ എന്ന നക്ഷത്രത്തെക്കുറിച്ചാണ്. ഇതിന്റെ ഇരട്ടനക്ഷത്രമാണ് സിറിയസ്-ബി. ഭൂമധ്യരേഖയുടെ വടക്ക് അഥവാ ഉത്തരാര്‍ദ്ധ ഗോളത്തില്‍ താമസിക്കുന്നവര്‍ക്ക് മിക്കകാലത്തും സിറിയസിനെ കാണാം. എന്നാല്‍ ദക്ഷിണാര്‍ദ്ധ ഗോളത്തില്‍ലുളളവര്‍ സിറിയസിനെ ശൈത്യകാലത്തിന്റെ മധ്യത്തിലേ കാണുകയുളളൂ. ഇത് ഉള്‍ക്കൊള്ളുന്ന നക്ഷത്രസമൂഹം (Canis Major) അഥവാ വലിയപട്ടി എന്ന അര്‍ത്ഥമുളളതായതിനാല്‍ (Dog Star) എന്നും പേര് പറയുന്നു.

ഓറിയോണ്‍ അഥവാ വേട്ടക്കാരന്‍ എന്ന ഗണത്തിലെ മധ്യത്തിലുളള 3 നക്ഷത്രങ്ങള്‍ക്ക് ഓറിയോണ്‍ ബെല്‍റ്റ് എന്ന് പറയുന്നു. കിഴക്കന്‍ ചക്രവാളത്തിലാണെങ്കില്‍ ബെല്‍റ്റിനെ താഴോട്ടും പടിഞ്ഞാറന്‍ ചക്രവാളത്തിലാണെങ്കില്‍ മേലോട്ടും നീട്ടുക. എങ്കില്‍ സിറിയസില്‍ എത്തും.

സിറിയസിനെക്കുറിച്ച് വിശദമായി പഠനം നടത്തിയ ശാസ്ത്രജ്ഞനാണ് റോബര്‍ട്ട് ഹാന്‍ബറി ബ്രൌണ്‍. Sirius Aയും Bയും പരസ്പരം ചുറ്റുന്ന ബൈനറി നക്ഷത്രങ്ങളാണ്.

0
0
0
s2sdefault