ISIS: പിശാചിന്റെ പാതയിലെ ജിഹാദ്

Shaykh Salih Al-Fawzan

Last Update: 2017 December 06

ആശയവിവര്‍ത്തനം: നാസ്വിഹ് അബ്‍ദുല്‍ബാരി

സമൂഹത്തില്‍ ഭീതി പരത്തുന്ന ഭീകരര്‍ പിശാചിന്റെ പാതയിലാണ് പോരാടുന്നത്. തീവ്രവാദികളുടെയും രക്തദാഹികളായ ഭീകരവാദികളുടെയും ആശയങ്ങളിള്‍ നിന്ന് തങ്ങളുടെ യുവത്വത്തെ സംരക്ഷിക്കുകയും ഈ ഭീകരരുടെ വഞ്ചനയില്‍ നിന്ന് ഇസ്ലാമിനെ പരമാവധി മോചിപ്പിക്കുകയും ചെയ്യേണ്ടത് മുസ്ലീം പണ്ഡിതന്മാരും സാധാരണക്കാരും ശ്രദ്ധ ചെലുത്തേണ്ട വിഷയമാണ്. മുസ്‌ലിംകള്‍ക്കും അമുസ്‌ലിംകള്‍ക്കും ഒരുപോലെ പൊതു സുരക്ഷ കാത്തുസൂക്ഷിക്കേണ്ട ബാധ്യത വിശദീകരിച്ചുകൊണ്ട് സഊദി അറേബ്യയിലെ കിബാറുല്‍ ഉലമാക്കളില്‍ ഒരാളായ ശൈഖ് സ്വാലിഹ് അല്‍ഫൗസാന്‍ രചിച്ച ലേഖനത്തിന്റെ ആശയവിവര്‍ത്തനാമണ് താഴെ നല്‍കുന്നത്, ഉപകാരപ്പെടും, തീര്‍ച്ച.

സര്‍വ്വ സ്തുതിയും അല്ലാഹുവിന്, അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ)ക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും സമാധാനവും അനുഗ്രഹവും സദാസമയവും വര്‍ഷിക്കുമാറാകട്ടെ.

പൊതു സുരക്ഷയുടെ ആവശ്യകത

സുരക്ഷിതത്വത്തിന്റെ വ്യാപനം സമൂഹത്തില്‍ അനിവാര്യവും സുപ്രധാനവുമായ ലക്ഷ്യമാണ്; ഭക്ഷണപാനീയങ്ങളേക്കാള്‍ മനുഷ്യരാശിക്ക് അത് ആവശ്യമാണെന്നതില്‍ സംശയമില്ല. ഇക്കാരണത്താല്‍, ഇബ്‌റാഹീം നബി(അ) തന്റെ പ്രാര്‍ത്ഥനയില്‍ ആഹാരത്തേക്കാള്‍ സുരക്ഷ അഭ്യര്‍ത്ഥിക്കുന്നതിന് മുന്‍ഗണന നല്‍കി."എന്റെ നാഥാ, നീ ഇതൊരു നിര്‍ഭയമായ രാജ്യമാക്കുകയും അതിലെ ആളുകള്‍ക്ക് ഫലവര്‍ഗങ്ങളില്‍ നിന്ന് ആഹാരം നല്‍കുകയും ചെയ്യേണമേ!." (ക്വുര്‍ആന്‍ 2:126). ഭയത്തിന്റെ സന്ദര്‍ഭത്തില്‍ ആളുകള്‍ക്ക് ഭക്ഷണപാനീയങ്ങള്‍ ആസ്വദിക്കാന്‍ സാധിക്കാറില്ല എന്നതാണിതിന് കാരണം. ഭക്ഷ്യവസ്തുക്കള്‍ ഒരു സ്ഥലത്തുനിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്ന വഴികള്‍ യുദ്ധഭയം മൂലം വിച്ഛേദിക്കപ്പെട്ടിരിന്നു. ഇക്കാരണത്താല്‍, ആളുകളുടെ ഉപജീവനവും അത് ആശ്രയിക്കുന്ന വഴികളും വെട്ടിമുറിക്കുന്നവര്‍ക്ക് (ഭീകരര്‍ക്കും കുറ്റവാളികള്‍ക്കും) അല്ലാഹു ഏറ്റവും കഠിനമായ ശിക്ഷകളാണ് അധികാരികള്‍ മുഖേന ചുമത്തിയത്. "നിശ്ചയമായും, അല്ലാഹുവിനോടും, അവന്റെ റസൂലിനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പത്തിനു പരിശ്രമം നടത്തുകയും ചെയ്യുന്നവരുടെ പ്രതിഫലം, അവര്‍ നിര്‍ദ്ദയം കൊല്ലപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ തന്നെ ആകുന്നു; അല്ലെങ്കില്‍, ഒന്നൊന്നിന് എതിരില്‍ നിന്നായി അവരുടെ കൈകളും കാലുകളും മുറിച്ചു കളയപ്പെടുകയോ, സ്വന്തം ഭൂമിയില്‍നിന്നു അവര്‍ നാടുകടത്തപ്പെടുകയോ തന്നെ ആകുന്നു. അതവര്‍ക്കു ഇഹത്തില്‍ ഒരു അപമാനമായിരിക്കും; അവര്‍ക്കു പരലോകത്തിലാകട്ടെ, വമ്പിച്ച ശിക്ഷയുമുണ്ടായിരിക്കും;” (ക്വുര്‍ആന്‍ 5:33).

ഇസ്‌ലാം സംരക്ഷിക്കുന്ന അഞ്ച് ആവശ്യകതകള്‍

ഒരു വ്യക്തിയുടെ മതം, ശരീരം, ബുദ്ധി, അഭിമാനം, സമ്പത്ത് എന്നീ അഞ്ച് ആവശ്യങ്ങള്‍ സംരക്ഷിക്കാനാണ് ഇസ്‍ലാം വന്നത്. മുസ്‌ലിംകളുമായോ അല്ലെങ്കില്‍ മുസ്‌ലിംകളുമായി ഉടമ്പടിയിലുള്ളവരുമായോ ബന്ധമുണ്ടോ എന്നത് പരിഗണിക്കാതെ തന്നെ ഈ ആവശ്യകതകള്‍ ലംഘിക്കുന്നവര്‍ക്ക് കഠിനമായ ശിക്ഷകള്‍ ഇസ്‍ലാമിക ശരിഅത്തിലുണ്ട്. മുസ്‌ലിംകളെപ്പോലെതന്നെ ഇവര്‍ക്ക് ലഭിക്കേണ്ട അവകാശങ്ങളും കടമകളും ഉണ്ട്. നബി(സ) പറഞ്ഞു: “ഉടമ്പടിക്ക് കീഴിലുള്ള (അമുസ്‍ലിം) ഒരാളെ കൊന്നവന്‍ സ്വര്‍ഗത്തിന്റെ സുഗന്ധം അനുഭവിക്കുകയില്ല.” അത്യുന്നതനായ അല്ലാഹു പറഞ്ഞു: “ബഹുദൈവാരാധകരില്‍ നിന്ന്‌ ഏതെങ്കിലും ഒരാള്‍ നിന്നോട്‌ അഭയം തേടിയെങ്കില്‍, അവന്‍ അല്ലാഹുവിന്റെ വചനം കേള്‍ക്കുന്നതുവരെ അവന്‌ അഭയം നല്‍കുക. പിന്നെ, അവനെ അവന്റെ അഭയസ്ഥാനത്ത്‌ എത്തിച്ചുകൊടുക്കുക.” (ക്വുര്‍ആന്‍ 9:6).

വഞ്ചകനായ ശത്രുവിനോടു പോലും നീതി

മുസ്‌ലിംകള്‍ തങ്ങള്‍ക്ക് ഉടമ്പടിയുള്ളവരില്‍ നിന്ന് വഞ്ചനയുടെ അടയാളങ്ങള്‍ കാണുമ്പോള്‍ ഭയപ്പെടാനത് കാരണമാകുന്നുണ്ടെങ്കില്‍, അവര്‍ തമ്മിലുള്ള ഉടമ്പടി അവസാനിപ്പിച്ച വിവരം അവരെ അറിയിക്കുന്നതുവരെ അവരോട് യുദ്ധം ചെയ്യുന്നത് അനുവദനീയമല്ല. യാതൊരു അറിയിപ്പുമില്ലാതെ അവരെ സംഭ്രമിപ്പിച്ചുകൊണ്ടുളള തുറന്ന ആക്രമണവും അനുവദനീയമല്ല. അല്ലാഹു പറഞ്ഞു: "വല്ല ജനതയില്‍ നിന്നും നീ വല്ലപ്പോഴും ചതിയെ ഭയപ്പെടുന്ന പക്ഷം, തുല്യനിലയില്‍ അവര്‍ക്ക് അവരുടെ കരാറ് അങ്ങ് ഇട്ടുകൊടുത്തേക്കുക. നിശ്ചയമായും, ചതിയന്‍മാരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല.” (ക്വുര്‍ആന്‍ 8:58).

അമുസ്‍ലിം പൗരന്മാരുടെ രക്തം, സമ്പത്ത്, അഭിമാനം എന്നിവയുടെ സംരക്ഷണം

മുസ്‍ലിംകളുമായി ഉടമ്പടിയില്‍ ഏര്‍പ്പെടുന്നവര്‍ വിവിധ രൂപത്തിലുണ്ട്: 1) ചില ജോലികള്‍ നിര്‍വ്വഹിക്കാന്‍ കരാറിലാവുകയും, അത് പൂര്‍ത്തിയാക്കിയ ശേഷം നിര്‍ഭയമായി തന്റെ നാട്ടിലേക്ക് മടങ്ങുകയും ചെയ്യുന്ന സുരക്ഷിതത്വത്തിന്റെ ഉറപ്പോടെ മുസ്‍ലിംകളുടെ രാജ്യത്ത് പ്രവേശിക്കുന്നവര്‍. 2) മുസ്‌ലിംകളും അമുസ്‌ലിംകളും തമ്മിലുള്ള സമാധാന ഉടമ്പടിക്ക് കീഴിലുള്ളവര്‍. ഇരു കക്ഷികളും തമ്മിലുള്ള ഉടമ്പടി അവസാനിക്കുന്നതുവരെ അവര്‍ക്ക് സുരക്ഷിതത്വം ഉറപ്പുനല്‍കേണ്ടതുണ്ട്. മുസ്‌ലിംകളില്‍ ഒരാളോട് അതിക്രമം കാണിക്കുന്നത് അനുവദനീയമല്ലാത്തത് എപ്രകാരമാണോ അതുപോലെതന്നെ ഈ ഉടമ്പടിക്ക് കീഴിലുളളവരോട് അതിക്രമം കാണിക്കാന്‍ ആര്‍ക്കും അനുവദനീയമല്ല. 3) മുസ്‌ലിംകള്‍ക്ക് ജിസ്‍യ നല്‍കികൊണ്ട് ഭരണത്തിന് കീഴില്‍ ജീവിക്കുന്നവര്‍ (ഇത്തരം ആളുകള്‍ സൈനിക സേവനത്തില്‍നിന്നും ഒഴിവായവരാകും, ഒപ്പം തന്റെ മതം യഥാവിധി വിശ്വസിക്കാനും ആചരിക്കാനും, തന്റെ രക്തവും സമ്പത്തും അഭിമാനവും സുരക്ഷിതമാക്കാനുമുളള അവന്റെ അവകാശത്തിന് പൂര്‍ണ്ണ സംരക്ഷണം നല്‍കാന്‍ രാജ്യത്തിന് ബാധ്യതയുണ്ട്).

അമുസ്‌ലിംകളുടെ സുരക്ഷ ലംഘിക്കുന്നത് വിശ്വാസവഞ്ചനയാണ്

അമുസ്‌ലിംകളായ ഈ എല്ലാ വിഭാഗങ്ങളുടെയും രക്തത്തിനും സമ്പത്തിനും അഭിമാനത്തിനും ഇസ്‌ലാം സുരക്ഷ ഉറപ്പുനല്‍കുന്നുണ്ട്. മുസ്‌ലിംകളില്‍ നിന്ന് ആരെങ്കിലും ഇവര്‍ക്കെതിരില്‍ അതിക്രമം കാണിച്ചാല്‍ അവര്‍ ഇസ്‌ലാമിനോട് വഞ്ചന ചെയ്തു, അവര്‍ മാതൃകാപരമായ ശിക്ഷ അര്‍ഹിക്കുകയും ചെയ്യുന്നു. മുസ്‌ലിംകളോടും അമുസ്‌ലിംകളോടും നീതി പാലിക്കല്‍ നിര്‍ബന്ധമാണ്; അവര്‍ ഉടമ്പടിക്ക് കീഴിലുള്ളവരല്ലെങ്കിലും, അവരുടെ ഭരണത്തിന് കീഴില്‍ ജീവിക്കുന്നില്ലെങ്കിലും. അല്ലാഹു പറഞ്ഞു, "ഒരു ജനതയോടുള്ള അമര്‍ഷം - അവര്‍ 'മസ്ജിദുല്‍ ഹറാമി'ല്‍ നിന്നു നിങ്ങളെ തടഞ്ഞുവെച്ചുവെന്നതിനാല്‍ - അതിക്രമം പ്രവര്‍ത്തിക്കുവാന്‍ നിശ്ചയമായും നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യരുത്." (ക്വുര്‍ആന്‍ 5:2). അത്യുന്നതനായ അല്ലാഹു വീണ്ടും പറഞ്ഞു: "ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനുവേണ്ടി ഉറച്ച് നിലകൊള്ളുന്നവരായിരിക്കുവിന്‍, നീതിമുറക്കു സാക്ഷ്യം വഹിക്കുന്നവരായിക്കൊണ്ട്. ഒരു ജനതയോടുള്ള അമര്‍ഷം നിങ്ങള്‍ നീതി പാലിക്കാതിരിക്കുവാന്‍ നിങ്ങളെ നിശ്ചയമായും പ്രേരിപ്പിക്കരുത്. നിങ്ങള്‍ നീതി പാലിക്കണം, അതു ഭയഭക്തിയോടു കൂടുതല്‍ അടുപ്പമുള്ളതത്രെ." (ക്വുര്‍ആന്‍ 5:8).

ഭീകര പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തെ ഭയപ്പെടുത്തുന്നവരെക്കുറിച്ച്

ഒരു സമൂഹത്തിന്റെ സുരക്ഷയ്‌ക്കെതിരെ അതിക്രമം കാണിക്കുന്നവരെ സംബന്ധിച്ചിടത്തോളം, അവര്‍ തീവ്രവാദികളായ ഖവാരിജികളോ കൊള്ളക്കാരോ കലാപകാരികളോ ആണ്. ഈ ഓരോ വിഭാഗത്തിനും കര്‍ശനവും മാതൃകാപരവുമായ ശിക്ഷയാണ് ഇസ്‍ലാമിലുളളത്. അവര്‍ (ഒപ്പം സമാനമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരും) തടവിലാക്കപ്പെടേണ്ടവരാണ്. അതിലൂടെ ഒരു ഉടമ്പടിക്ക് കീഴില്‍ ജീവിക്കുന്ന മുസ്‍ലിംകളുടെയും അമുസ്‌ലിംകളുടെയും സുരക്ഷിതത്വത്തിന് ഉറപ്പ് നല്‍കാന്‍ സാധിക്കുകയും, ഈ പൗരന്മാരെ അവരുടെ കെടുതികളില്‍ നിന്ന് സംരക്ഷിക്കാനും കഴിയും. ഏതെങ്കിലും സ്ഥലത്ത് ബോംബാക്രമണം നടത്തുന്നവര്‍ ചെയ്യുന്നത് സംരക്ഷിക്കപ്പെടേണ്ട ജീവിനുകളും സമ്പത്തും നശിപ്പിക്കുകയും സ്ത്രീകളെ വിധവകളും കുട്ടികളെ അനാഥരുമാക്കുകയുമാണ് ചെയ്യുന്നത്. ഇവിടെ ആപത്തുനേരിട്ടവര്‍ മുസ്‌ലിമോ അമുസ്‌ലിമോ ആയാലും, ഈ ക്രൂരത ചെയ്യുന്നവരെ കുറിച്ചാണ് അല്ലാഹു പറഞ്ഞത്, “മനുഷ്യരിലുണ്ട് ചിലരും: ഐഹിക ജീവിതത്തില്‍ അവന്റെ വാക്ക് നിന്നെ അല്‍ഭുതപ്പെടുത്തും; അവന്റെ ഹൃദയത്തിലുള്ളതിനെപ്പറ്റി അവന്‍ അല്ലാഹുവിനെ സാക്ഷ്യപ്പെടുത്തുകയും ചെയ്യും. അവനാകട്ടെ, വാസ്തവത്തില്‍ കുതര്‍ക്കിയായ വഴക്കുകാരനും ആയിരിക്കും. അവന്‍ തിരിഞ്ഞുപോയാലാകട്ടെ, അവന്‍ ഭൂമിയില്‍ പരിശ്രമം നടത്തുകയായി; അതില്‍ നാശം ഉണ്ടാക്കുവാനും, വിളയും സന്തതിയും നാശപ്പെടുത്തുവാനും! അല്ലാഹുവാകട്ടെ, നാശത്തെ ഇഷ്ടപ്പെടുന്നില്ലതാനും. അവനോട്: 'നീ അല്ലാഹുവിനെ സൂക്ഷിക്കുക' എന്ന് പറയപ്പെട്ടാലാകട്ടെ, രോഷം അവനെ കുറ്റകൃത്യത്തിന്ന് പ്രേരിപ്പിക്കുകയായി. എന്നാല്‍, അവന് നരകം മതി! അത് എത്രയോ മോശെപ്പട്ട വിതാനം തന്നെ!” (ക്വുര്‍ആന്‍ 2:204- 206).

വഞ്ചനയും അക്രമവും ജിഹാദല്ല

ഇസ്‌ലാമിന്റെ വിധിവിലക്കുകള്‍ ഉപേക്ഷിക്കുന്ന അതിക്രമികള്‍ അവരുടെ ഈ പ്രവര്‍ത്തനത്തെ "അല്ലാഹുവിന്റെ മാര്‍ഗത്തിലെ ജിഹാദ്" എന്ന് മുദ്രകുത്തുന്നത് വിചിത്രമാണ്. ഇത് അല്ലാഹുവിനെതിരില്‍ ഉയര്‍ത്തിവിടുന്ന വലിയ നുണയാണ്, കാരണം അല്ലാഹു ഇതിനെ തെമ്മാടിത്തരമെന്നാണ് (ഫസാദ്) വിശേഷിപ്പിച്ചിട്ടുളളത്, അതിനെ മതത്തില്‍ "ജിഹാദ്" ആക്കിയിട്ടില്ല. ഏതായാലും, താത്വികമായി ഈ ആളുകളുടെ പൂര്‍വ്വികര്‍, പ്രവാചകന്റെ അനുചരന്മാരെ മതഭ്രഷ്ഠ് കല്‍പിച്ചവരും, സ്വര്‍ഗംകൊണ്ട് സുവിശേഷം നല്‍കപ്പെട്ടവരും പ്രധാനികളുമായ പത്തുപേരില്‍ ഉള്‍പ്പെട്ട ഉസ്‍മാന്‍(റ)വിനെയും അലി(റ)വിനെയും വധിക്കുകയും ചെയ്ത ഖവാരിജുകളാണ്. ഈ അക്രമികള്‍ അവരെ കൊല്ലുമ്പോഴും അവരുടെ ദുഷ്‍പ്രവൃത്തിയെ "അല്ലാഹുവിന്റെ മാര്‍ഗത്തിലെ ജിഹാദ്" എന്ന് മുദ്രകുത്തുകയുണ്ടായി. യഥാര്‍ത്ഥത്തില്‍ അവരുടേത് പിശാചിന്റെ പാതയിലെ ജിഹാദാണ്. അല്ലാഹു പറഞ്ഞു, "വിശ്വസിച്ചവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു; അവിശ്വസിച്ചവരാകട്ടെ, പിശാചിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു." (ക്വുര്‍ആന്‍ 4:76).

തീവ്രവാദികളുടെ പ്രവര്‍ത്തനങ്ങളില്‍ ഇസ്‍ലാം നിരപരാധിയാണ്: ഇസ്ലാമിന്റെ പ്രവാചകന്‍ അവരെ വധിക്കാന്‍ ഉത്തരവിട്ടു

ഇസ്‌ലാം മതം തീവ്രവാദത്തിന്റെ മതമാണെന്ന് പറയുന്ന അവിശ്വാസികളില്‍ നിന്നും കപടവിശ്വാസികളില്‍ നിന്നുമുള്ള ആളുകളുണ്ട്; ആരോപകര്‍ പറയുന്നത് പോലെ തീവ്രവാദികളുടെ ഈ നടപടിക്ക് ഇസ്‌ലാം ഉത്തരവാദിയല്ല. ഇത്തരം കുറ്റവാളികളുടെ പ്രവര്‍ത്തനങ്ങളെയാണ് ഇവര്‍ തെളിവായി ഉപയോഗിക്കുന്നത്. എന്നാല്‍ ഇവരുടെ ഈ നടപടി ഇസ്‍ലാമില്‍ നിന്നുള്ളതല്ല, ഇസ്‍ലാമോ വേറെ ഏതെങ്കിലും മതമോ അതിനെ സ്ഥിരീകരിക്കുന്നുമില്ല. മറിച്ച്, അത് സ്വപക്ഷത്യാഗികളുടെ (renegade) ഒരു പ്രത്യയശാസ്ത്രമാണ്. നബി(സ) അതിന്റെ വക്താക്കളെ വധിക്കാനാണ് (ഇസ്‍ലാമിക ഭരണനേതൃത്വത്തോട്) കല്‍പിച്ചിട്ടുളളത്. അവരെകുറിച്ച് പ്രവാചകന്‍(സ) മുന്നറിയിപ്പ് നല്‍കികൊണ്ട് പറഞ്ഞു, "നിങ്ങളവരെ കണ്ടെത്തുന്നിടത്ത് അവരെ (തീവ്രവാദികളായ ഖവാരിജുകളെ) വധിക്കുക." കൂടാതെ, അവരെ വധിക്കുന്നവര്‍ക്ക് ധാരാളം പ്രതിഫലമുളളതായും പ്രവാചകന്‍ വാഗ്ദാനം നല്‍കിയിട്ടുണ്ട്. വിശ്വാസികളുടെ തലവനായ അലി ബിന്‍ അബീതാലിബി(റ)ന്റെ നേതൃത്വത്തില്‍ പ്രവാചകാനുചരന്മാര്‍ അവരോട് യുദ്ധം ചെയ്തതുപോലെ മുസ്‌ലിം നേതൃത്വത്തിന് കീഴില്‍ നിന്നുകൊണ്ടാണ് അവരോട് യുദ്ധം ചെയ്യേണ്ടത്.

തീവ്രവാദികള്‍ അവരുടെ പ്രത്യയശാസ്ത്രങ്ങള്‍ പഠിച്ചത് മുസ്‍ലിം സ്ഥാപനങ്ങളില്‍ നിന്നല്ല, രാഷ്ട്രീയ ചിന്തകരില്‍ നിന്നും ഉത്പതിഷ്‍ണുക്കളില്‍ നിന്നമാണ്

മുസ്‌ലിം സ്‌കൂളുകള്‍ തങ്ങളെ ഈ തീവ്ര ആശയം പഠിപ്പിച്ചിട്ടുണ്ടെന്നും അവിടുത്തെ പാഠ്യപദ്ധതിയില്‍ ഈ വ്യതിചലിച്ച പ്രത്യയശാസ്ത്രം അടങ്ങിയിരിക്കുന്നുവെന്നും ചിലര്‍ ആരോപിക്കുന്നുണ്ട്. പ്രസ്തുത പാഠ്യപദ്ധതി പരിഷ്കരിക്കണമെന്ന് അവര്‍ നിരന്തരം ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. ഇതിനോടുളള പ്രതികരണമായി ഞങ്ങള്‍ പറയുന്നു: തീര്‍ച്ചയായും, ഈ പ്രത്യയശാസ്ത്രത്തിന്റെ (തീവ്രവാദത്തിന്റെ) വക്താക്കള്‍ മുസ്‍ലിം വിദ്യഭ്യാസസ്ഥാപനങ്ങളില്‍ നിന്ന് ബിരുദം നേടിയവരല്ല, മുസ്‍ലിം പണ്ഡിതന്മാരില്‍ നിന്ന് അവര്‍ അറിവ് നേടിയവരല്ല. മാത്രമല്ല, അവര്‍ ഈ വിദ്യഭ്യാസസ്ഥാപനങ്ങളില്‍ പഠിക്കുന്നതിനെയും പഠിപ്പിക്കുന്നതിനെയും എതിര്‍ക്കുന്നവരാണ് (ഇസ്‍ലാം ഉപേക്ഷിച്ച മതപരിത്യാഗം സംഭവിച്ച ആളുകളായിട്ടാണ് ഇവര്‍ ഈ മുസ്‍ലിം സമൂഹത്തെ മൊത്തത്തില്‍ പരിഗണിക്കുന്നത്).

അജ്ഞരായ യുവാക്കളെ വഴിതെറ്റിക്കുന്നത് എളുപ്പമാക്കാന്‍ തീവ്രവാദികള്‍ മുസ്‍ലിം പണ്ഡിതന്മാരെ ദുര്‍ബ്ബലരായി ചിത്രീകരിക്കുന്നു

ഈ തീവ്രചിന്താഗതിക്കാര്‍ മുസ്‍ലിം പണ്ഡിതന്മാരെ ഇകഴ്‍ത്തുകയും അറിവില്ലാത്തവരെന്ന് പ്രഖ്യാപിക്കുകയും "സുല്‍ത്താന്മാരുടെ കൂലിപ്പണിക്കാര്‍" എന്ന് വിശേഷിപ്പിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍, ഈ പറയുന്നവര്‍ പഠിക്കുന്നത് വഴിതെറ്റിയ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളില്‍ നിന്നും, ചോരത്തിളപ്പുളള യുവാക്കളില്‍ നിന്നും, അവരെപോലെയുളള മറ്റു അജ്ഞരായ ചിന്താഗതിക്കാരില്‍ നിന്നുമാണ്. ഏതുപോലെ, അവരുടെ മുന്‍ഗാമികളായവര്‍ (തീവ്രവാദികളായ ഖവാരിജുകള്‍) പ്രവാചകന്റെ അനുചരന്മാരിലെ പണ്ഡിതന്മാരെ അജ്ഞരും അവിശ്വാസികളുമാണെന്ന് പ്രഖ്യാപിച്ചതുപോലെ. കാരണം, ഇക്കൂട്ടര്‍ അവരുടെ മതപഠനത്തില്‍ അവലംബമാക്കിയ മാര്‍ഗം ശരിയായിരുന്നില്ല.

മുസ്‍ലിം പണ്ഡിതന്മാരുടെയും രക്ഷിതാക്കളുടെയും ഉത്തരവാദിത്വം

വഴിതെറ്റിയ ആശയങ്ങളിലേക്കും വ്യതിചലിച്ച രീതിശാസ്ത്രങ്ങളിലേക്കും കുട്ടികളെ നയിക്കുന്ന വിനാശകരമായ പ്രത്യയശാസ്ത്രങ്ങളുടെ വക്താക്കള്‍ക്ക് മക്കളെ വിട്ടുകൊടുക്കാതെ മാതാപിതാക്കള്‍ ശ്രദ്ധയോടെ അവരിലേക്ക് തിരിയേണ്ടതുണ്ട്. സംശയാസ്പദമായ ഒത്തുചേരലുകള്‍ക്കും അജ്ഞാത യാത്രകള്‍ക്കും ക്യാമ്പുകള്‍ക്കും അവരെ വിട്ടുകൊടുക്കരുത്. ഇന്നത് വഴിതെറ്റിക്കുന്ന മേച്ചില്‍പ്പുറങ്ങളും കൊള്ളയടിക്കുന്ന കുറുക്കന്മാരുടെ സങ്കേതങ്ങളുമാണ്. പ്രായത്തില്‍ ചെറുപ്പമായിരിക്കുന്നവരെ രാജ്യംവിട്ട് പുറത്ത് പോകുന്നതില്‍ ശ്രദ്ധിക്കണം, രക്ഷിതാക്കള്‍ അവര്‍ക്ക് അനുവാദം നല്‍കരുത്. വിദ്യഭ്യാസ സ്ഥാപനങ്ങളിലും പള്ളികളിലും മറ്റു മാധ്യമങ്ങള്‍ വഴിയും ആധികാരികമായ ഇസ്‌ലാമിക വിശ്വാസങ്ങള്‍ പഠിപ്പിക്കാനും ശരിയായ ദിശാബോധം നല്‍കാനും പണ്ഡിതന്മാര്‍ക്ക് ബാധ്യതയുണ്ട്. എങ്കില്‍ മാത്രമാണ്, ഇരുട്ടില്‍നിന്നും വരുന്ന വഴിപിഴച്ചവര്‍ക്ക് നമ്മുടെ കുട്ടികളെ വഴിതെറ്റിക്കാനുളള അവസരം ഇല്ലാതെയാകുക. ഉപകാരപ്രദമായ അറിവ് നേടുന്നതിലും സല്‍കര്‍മ്മങ്ങള്‍ ചെയ്യുന്നതിലും അല്ലാഹു എല്ലാവര്‍ക്കും വിജയം നല്‍കട്ടെ, നമ്മുടെ പ്രവാചകന്‍ മുഹമ്മദ് നബി(സ)ക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും അനുയായികള്‍ക്കും സമാധാനവും അനുഗ്രഹവും സദാസമയവും വര്‍ഷിക്കുമാറാകട്ടെ.

Published: 2003, Al-Riyadh Newspaper
Translated by Abu Iyaad Amjad Rafiq
Twitter @abuiyaadsp
Safar 1437 / November 2015
 

0
0
0
s2sdefault