പ്രവാചകന്മാർ; അല്ലാഹുവിൽ നിന്നുള്ള സന്ദേശ വാഹകർ!

By Sajjad Bin AbduRazack

Last Update: 2021 November 30 | 25 Rabiʻ II, 1443 AH

മരണാനന്തരലോകം അതായത് പരലോകം സത്യമാണ് എന്നും നന്മ പ്രവർത്തിച്ചവർക്ക് അവിടം സ്വർഗമുണ്ട് എന്നും തിന്മ പ്രവർത്തിച്ചവർക്ക് നരകമുണ്ട് എന്നും ഇഹലോക ജീവിതം പരലോക ജീവിത വിജയത്തിനായി സൽകർമ്മങ്ങൾ ചെയ്യാനുള്ള ഒരു സങ്കേതം മാത്രമാണ് എന്നും സൃഷ്ടിച്ച് പരിപാലിക്കുന്ന ഏകനായ ദൈവം അല്ലാഹുവിനെ മാത്രമേ ആരധിക്കുവാൻ പാടുള്ളൂ എന്നും അവനോടുകൂടെ ഒന്നിനെയും പങ്കുചേർക്കാനേ പാടില്ല എന്നും അത് ഗുരുതരമായ പാപമാണ് എന്നും മനുഷ്യർക്ക് കൃത്യമായി പഠിപ്പിച്ച് കൊടുക്കുവാൻ വേണ്ടിയാണ് വ്യത്യസ്ത കാലഘട്ടങ്ങളിൽ വ്യത്യസ്ത ജനവിഭാഗങ്ങളിലേക്ക് പ്രവാചകന്മാരുടെ ആഗമനമുണ്ടായത്.

മജ്ജയും മാംസവുമുള്ള മനുഷ്യസമൂഹം എവിടെയെല്ലാം ഉണ്ടായിട്ടുണ്ടോ അവിടങ്ങളിലേക്കെല്ലാം സ്വർഗത്തെക്കുറിച്ച് സന്തോഷവാർത്ത അറിയിക്കുന്നവരായിക്കൊണ്ടും നരകത്തെക്കുറിച്ച് താക്കീത് നൽകുന്നവരായിക്കൊണ്ടും പ്രവാചകന്മാർ കടന്നുവന്നിട്ടുണ്ട് എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.

അല്ലാഹു പറയുന്നു:

ഓരോ സമൂഹത്തിനും ഓരോ ദൂതനുണ്ട്‌. അങ്ങനെ അവരിലേക്കുള്ള ദൂതന്‍ വന്നാല്‍ അവര്‍ക്കിടയല്‍ നീതിപൂര്‍വ്വം തീരുമാനമെടുക്കപ്പെടുന്നതാണ്‌. അവരോട്‌ അനീതി കാണിക്കപ്പെടുന്നതല്ല. (വിശുദ്ധ ക്വുർആൻ 10:47)

എല്ലാ ജനവിഭാഗത്തിനുമുണ്ട്‌ ഒരു മാര്‍ഗദര്‍ശി! (വിശുദ്ധ ക്വുർആൻ 13:7)

മുന്നറിയിപ്പുകാരന്‍ വന്നുപോകാത്ത ഒരു സമുദായവും ഇല്ല. (വിശുദ്ധ ക്വുർആൻ 35:24)

ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം അല്ലാഹുവിങ്കൽ നിന്നുള്ള സത്യസന്ദേശവുമായി ലോകത്തേക്ക് കടന്നു വന്ന സർവ്വ പ്രവാചകന്മാരിലും അവൻ വിശ്വസിക്കണം എന്നത് അവൻ്റെ മേലിൽ ബാധ്യതയുള്ള കാര്യമാണ്. അതവൻ്റെ വിശ്വാസത്തിൻ്റെ പൂർത്തികരണത്തിന് അനിവാര്യവുമാണ്.

അല്ലാഹു പറയുന്നു:

ദൈവദൂതന്‍ തന്റെ നാഥനില്‍ നിന്ന് തനിക്ക് ഇറക്കിക്കിട്ടിയതില്‍ വിശ്വസിച്ചിരിക്കുന്നു. അതുപോലെ സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും അവന്റെ മലക്കുകളിലും വേദപുസ്തകങ്ങളിലും ദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു. 'ദൈവദൂതന്മാരില്‍ ആരോടും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ലെ'ന്ന് അവര്‍ സമ്മതിക്കുന്നു. അവരിങ്ങനെ പ്രാര്‍ഥിക്കുകയും ചെയ്യുന്നു: ''ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ നാഥാ! ഞങ്ങള്‍ക്കു നീ മാപ്പേകണമേ. നിന്നിലേക്കാണല്ലോ മടക്കം.''  (വിശുദ്ധ ക്വുർആൻ 2:285)

ഈ പറയപ്പെട്ട പ്രവാചകന്മാരിൽ തന്നെ ചിലർക്ക് മറ്റുചിലരേക്കാൾ ചില ശ്രേഷ്ഠതകളുണ്ട് എന്ന് ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. അവർ 'ഉലുൽ അസ്മ്' എന്ന പേരിലാണ് അറിയപ്പെടുന്നത്.

നൂഹ്(അ) നോഹ, ഇബ്രാഹിം(അ) അബ്രഹാം പ്രവാചകൻ, മൂസ(അ) മോശെ പ്രവാചകൻ, ഈസ(അ) യേശുക്രിസ്തു, മുഹമ്മദ് നബി(സ) എന്നിവരാണവർ!

ദൈവം ജഡാവിഷ്കാരം സ്വീകരിച്ചുകൊണ്ട് ഭൂമിയിലേക്ക് അവതരിച്ച് മൻഷ്യർക്കിടയിൽ ധർമ്മം സ്ഥാപിക്കുകയും അധർമ്മത്തെ നിഷ്കാസനം ചെയ്യുകയുമാണ് ചെയ്യുന്നത് എന്ന ഹിന്ദുമതത്തിലെ അവതാര സങ്കൽപ്പത്തോട് ഇസ്‌ലാം ഒരുനിലയ്ക്കും രാജിയാകുന്നില്ല. കാരണം ദൈവമാണ് മനുഷ്യരെ സൃഷ്ടിച്ചത് എന്നിരിക്കെ അവരുടെ പ്രശ്നങ്ങളും മറ്റും അറിയാനും അത് ശരിയാക്കാനും ദൈവം അവതാരമെടുത്ത് ഭൂമിയിലേക്ക് അവതരിക്കുന്നു എന്നത് യുക്തിക്ക് നിരക്കാത്ത ഒരു ആശയമാണ്. കമ്പ്യൂട്ടർ നിർമിച്ച കമ്പ്യൂട്ടറിൻ്റെ നിർമാതാവിന് അതിൻ്റെ പ്രശ്നങ്ങളറിയാൻ ഒരു കമ്പ്യൂട്ടറാകേണ്ട ആവശ്യമില്ലാത്ത പോലെത്തന്നെ മനുഷ്യരുടെ പ്രശ്നങ്ങളറിയാൻ മനുഷ്യരുടെ സ്രഷ്ടാവായ ദൈവത്തിന് ജഡാവിഷ്‌കാരം സ്വീകരിക്കേണ്ട ആവശ്യമില്ല, മറിച്ച് മനുഷ്യരിൽ നിന്ന് തന്നെയുള്ള ഉൽകൃഷ്ട സ്വഭാവത്തിന് ഉടമകളായവരെ പ്രവാചകന്മാരായി തിരഞ്ഞെടുത്ത് അവർക്ക് ദൈവീകമായ ഉൾബോധനങ്ങൾ നൽകി അവരെ അതത് സമുദായങ്ങളിലേക്ക് തന്നെ പ്രബോധകന്മാരായി നിയോഗിച്ചാൽ മതി, അതുതന്നെയാണ് യുക്തിപരമായ സമീപനവും നടപടിക്രമവും, ഇസ്‌ലാം പഠിപ്പിച്ചതും അതാണ്!

ലോകത്തിൻ്റെ അഷ്ടദിക്കുകളിലേക്ക് കടന്നുവന്ന സർവ്വ പ്രവാചകന്മാരും ഒരേ സ്വരത്തിൽ അവരുടെ സമുദായങ്ങളോട് പ്രഖ്യാപിച്ചതും പ്രബോധനം ചെയ്തതും ഒരൊറ്റ ആശയമാണ്, അതാണ് തൗഹീദ്!

അല്ലാഹു പറയുന്നു:

നിശ്ചയമായും എല്ലാ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. അവരൊക്കെ പറഞ്ഞതിതാണ്: ''നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക; വ്യാജ ദൈവങ്ങളെ വര്‍ജിക്കുക.''  (വിശുദ്ധ ക്വുർആൻ 16:36)

'ഞാനല്ലാതെ ദൈവമില്ല. അതിനാല്‍ നിങ്ങള്‍ എനിക്കു വഴിപ്പെടുക' എന്ന സന്ദേശം നല്‍കിക്കൊണ്ടല്ലാതെ നിനക്കു മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല. (വിശുദ്ധ ക്വുർആൻ 21:25)

സ്രഷ്ടാവായ അല്ലാഹുവിൻ്റെ ആദരണീയരായ സൃഷ്ടികളാണ് മനുഷ്യർ. അവർക്ക് മരണാനന്തര ലോകത്ത് സ്വർഗം നൽകാൻ വേണ്ടി അല്ലാഹു സംവിധാനിച്ച ഒരു നടപടിക്രമമാണ് പ്രവാചകന്മാർ എന്നത്.

ആ പ്രവാചകന്മാർ മുഴുവൻ കടന്നുവന്നത് മനുഷ്യർക്ക് യഥാർത്ഥ മോക്ഷത്തിൻ്റെ ഏതാണ് എന്ന് ജീവിച്ച് കാണിച്ചുകൊടുക്കാനും അത് പ്രബോധനം ചെയ്യാനും വേണ്ടിയാണ്.

ദൈവീക മാർഗദർശനത്തിൽ നിന്ന് മനുഷ്യരെ വഴിതെറ്റിച്ച് തങ്ങളുടേതായ സ്വാർത്ഥ താല്പര്യങ്ങൾക്കുവേണ്ടി ജനങ്ങളെ ചൂഷണം ചെയ്ത് ജീവിക്കുന്ന പൗരോഹിത്യം അല്ലാഹുവിങ്കൽ നിന്നുള്ള സത്യസന്ദേശവുമായി ലോകത്തേക്ക് കടന്നുവന്ന പ്രവാചകൻമാരോട് എതിര് പ്രകടിപ്പിച്ചു, അവരെ മർദ്ദനങ്ങൾക്ക് വിധേയമാക്കി, ആട്ടിയോടിച്ചു...

പ്രവാചകന്മാർ അതെല്ലാം സഹിക്കുകയും ക്ഷമിക്കുകയും ചെയ്തു. ആ പ്രവാചകന്മാരിൽ വിശ്വസിച്ചവർക്കും പൗരോഹിത്യത്തിൽ നിന്ന് അത്തരം മർദ്ദനങ്ങൾ നേരിടേണ്ടി വന്നു.

എന്നാൽ ക്ഷമാലുക്കൾക്ക് അല്ലാഹു സ്വർഗം ഒരുക്കിവെച്ചിട്ടുണ്ട് എന്ന സന്തോഷ വാർത്ത അവർക്ക് ഊർജം പകരുകയും ചെയ്തു.

ഈ പ്രവാചക ശൃംഖലയിലെ അവസാനത്തെ കണ്ണിയാണ് അന്ത്യപ്രവാചകൻ മുഹമ്മദ് നബി(സ).

ഇനി സത്യസന്ദേശവുമായി ഒരു പ്രവാചകൻ ഭൂമിയിലേക്ക് കടന്നുവരാനില്ല. അതുകൊണ്ട് തന്നെ ലോകാവസാനം വരെയുള്ള ജനവിഭാഗങ്ങൾക്കുള്ള പ്രവാചകൻ കൂടിയാണ് മുഹമ്മദ് നബി(സ).

ആ പ്രവാചകനിൽ വിശ്വാസിക്കലും അവിടുത്തെ അധ്യാപനങ്ങളെ പിൻപറ്റലുമാണ് മോക്ഷത്തിലേക്കുള്ള വഴി.

അതിനാൽ ആ വഴിയെ നമുക്ക് അനുഗമിക്കാം, നാഥൻ അനുഗ്രഹിക്കട്ടെ.

0
0
0
s2sdefault