ആരാണ് അല്ലാഹു?

By Abdurrahman Robert Squires

Last Update: 2021 November 01 | 26 Rabiʻ I, 1443 AH

"അല്ലാഹു" എന്ന വാക്ക് പല അമുസ്‌ലിംകൾക്കും ഇസ്‌ലാമിനെക്കുറിച്ചുള്ള ഏറ്റവും വലിയ തെറ്റിദ്ധാരണകളിൽ ഒന്നായി നിലനില്‍ക്കുന്നു. പല കാരണങ്ങളാൽ, ക്രൈസ്തവരില്‍ നിന്നും ജൂതന്മാരിൽ നിന്നും വ്യത്യസ്തമായ ഒരു ദൈവത്തെയാണ് മുസ്‍ലിംകള്‍ ആരാധിക്കുന്നതെന്ന വിശ്വാസം ധാരാളം ആളുകളിലുണ്ട്. ഇത് തീർത്തും തെറ്റാണ്, കാരണം "അല്ലാഹു" എന്നത് "ദൈവം" എന്നതിന്‍റെ അറബി പദമാണ്; യഥാര്‍ത്ഥത്തില്‍ ഒരു ദൈവം മാത്രമേയുള്ളൂ. സംശയം വേണ്ട; നോഹയുടെയും അബ്രഹാമിന്‍റെയും മോശയുടെയും ദാവീദിന്‍റെയും യേശുവിന്‍റെയും ദൈവത്തെയാണ് മുസ്‍ലിംകൾ ആരാധിക്കുന്നത്. എന്നിരുന്നാലും, ജൂദന്മാർക്കും ക്രിസ്ത്യാനികൾക്കും മുസ്‍ലിംകൾക്കും സർവ്വശക്തനായ ദൈവത്തെക്കുറിച്ച് വ്യത്യസ്തമായ വിശ്വാസമുണ്ട് എന്നത് തീർച്ചയായും സത്യമാണ്. ഉദാഹരണത്തിന്, മുസ്‍ലികൾ ജൂതന്മാരെപ്പോലെ ത്രിത്വത്തിന്‍റെയും ദൈവിക അവതാരത്തിന്‍റെയും ക്രൈസ്തവ വിശ്വാസങ്ങളെ നിരാകരിക്കുന്നു. ഇതിനര്‍ത്ഥം ഈ മൂന്ന് മതങ്ങളും ഓരോ ദൈവത്തെ ആരാധിക്കുന്നു എന്നതല്ല, മറിച്ച് മുമ്പ് പ്രസ്താവിച്ചതുപോലെ ഒരു യഥാർത്ഥ ദൈവം മാത്രമേയുള്ളൂ എന്നതെല്ലാവരും അംഗീകരിക്കുന്നുണ്ട്.

ജൂദമതം, ക്രിസ്തുമതം, ഇസ്‍ലാം എന്നിവയെല്ലാം "അബ്രഹാമിക് വിശ്വാസങ്ങൾ" ഞങ്ങളുടേതാണെന്നും "ഏകദൈവവിശ്വാസം" സ്വീകരിച്ചവരാണ് ഞങ്ങളെന്നും അവകാശപ്പെടുന്നവരാണ്. എന്നിരുന്നാലും, മറ്റു മതങ്ങൾ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ, സർവ്വശക്തനായ ദൈവത്തിലുള്ള ശുദ്ധവും ശരിയായതുമായ വിശ്വാസത്തെ വികലമാക്കുകയും തെറ്റിക്കുകയും ചെയ്തുവെന്ന് ഇസ്ലാം പഠിപ്പിക്കുന്നു, ദൈവത്തില്‍നിന്നുളള യഥാർത്ഥ അധ്യാപനങ്ങള്‍ അവഗണിച്ചും മനുഷ്യനിർമ്മിത ആശയങ്ങളുമായി അവ കലർത്തിയും ഈ മതങ്ങള്‍ ശരിയായ വിശ്വാസത്തില്‍നിന്നും വഴിമാറിപോയിട്ടുണ്ട്.

ഒന്നാമതായി, അറബി സംസാരിക്കുന്ന ക്രിസ്ത്യാനികളും ജൂതന്മാരും ദൈവത്തിന് ഉപയോഗിക്കുന്ന അതേ പദമാണ് "അല്ലാഹു" എന്നത് കുറിച്ചുവെക്കേണ്ടതാണ്. നിങ്ങൾ ഒരു അറബി ബൈബിൾ എടുത്താൽ, ഇംഗ്ലീഷിൽ "ദൈവം" എന്ന സ്ഥാനത്ത് "അല്ലാഹു" എന്ന വാക്ക് ഉപയോഗിക്കുന്നതായി കാണാം. കാരണം, "G" എന്ന വലിയ അക്ഷരമുള്ള "God" എന്ന ഇംഗ്ലീഷ് പദത്തിന് തുല്യമായ അറബി ഭാഷയിലെ ഒരു പദമാണ് "Allah". കൂടാതെ, "അല്ലാഹു" എന്ന വാക്ക് ബഹുവചനമാക്കാൻ കഴിയില്ല, ഇത് ഇസ്‌ലാമിക ദൈവവിശ്വാസവുമായി ഏറ്റവും കൂടുതല്‍ യോജിക്കുന്ന വസ്തുതയാണ്.

യേശു സംസാരിച്ച ഭാഷയിലെ ദൈവത്തെ സൂചിപ്പിക്കുന്ന അരാമിക് പദമായ "El" എന്നത് "God" എന്ന ഇംഗ്ലീഷ് പദത്തേക്കാൾ "Allah" എന്ന വാക്കിനോട് തീർച്ചയായും സാമ്യമുള്ളതാണ് എന്നത് ശ്രദ്ധേയമാണ്. ദൈവത്തിനുള്ള വിവിധ എബ്രായ പദങ്ങൾക്കും ഇത് ബാധകമാണ്, അവ "El", "Elah", അല്ലെങ്കിൽ ഏറെ മഹത്വവൽക്കരിക്കപ്പെട്ടതായി കരുതുന്ന "Elohim" എന്നിവയാണ്. അരാമിക്, ഹീബ്രു, അറബിക് എന്നിവയെല്ലാം സെമിറ്റിക് ഭാഷകളാണ് എന്നതാണ് ഈ സമാനതകൾക്ക് കാരണം. ബൈബിൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുമ്പോൾ, "El" എന്ന എബ്രായ പദം "God", "god", "angel" എന്നിങ്ങനെ പലവിധത്തിൽ വിവർത്തനം ചെയ്യപ്പെടുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്! വ്യത്യസ്ത വിവർത്തകരെ അവരുടെ മുൻ ധാരണകളെ അടിസ്ഥാനമാക്കിയും സ്വന്തം കാഴ്ചപ്പാടുകൾക്ക് അനുയോജ്യമായും പദത്തെ വിവർത്തനം ചെയ്യാൻ അനുവദിക്കുന്ന കൃത്യമല്ലാത്ത രീതിയാണിത്. "അല്ലാഹു" എന്ന അറബി പദത്തിന് അത്തരം ബുദ്ധിമുട്ടുകളോ അവ്യക്തതയോ ഇല്ല, കാരണം അത് സർവ്വശക്തനായ ദൈവത്തിന് മാത്രം ഉപയോഗിക്കുന്ന പേരാണ്. കൂടാതെ, ഇംഗ്ലീഷിൽ ഒരു വ്യാജദൈവത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന "god" എന്ന പദവും, ഏക സത്യദൈവത്തെ സൂചിപ്പിക്കാന്‍ ഉപ.യോഗിക്കുന്ന “God” എന്ന പദവും തമ്മിലുള്ള വ്യത്യാസം വലിയ അക്ഷരമായ "G " ആണ്. ഈ വസ്തുതകൾ കാരണം, "അല്ലാഹു" എന്ന വാക്കിന്‍റെ കൂടുതൽ കൃത്യമായ വിവർത്തനം ഇംഗ്ലീഷിലേക്ക് "The One-and-Only God" അല്ലെങ്കിൽ "The One True God" എന്നായിരിക്കും ഉചിതം.

അതിലും ഗൌരവമായി പറയാനുളളത്, "അല്ലാഹു" എന്ന നാമം അറിയിക്കുന്ന മതപരമായ സന്ദേശത്തെ കുറിച്ചാണ്. സ്രഷ്ടാവും സൃഷ്ടിപരിപാലകനും നിയന്താവും രക്ഷിതാവും സംരക്ഷകനും ഉടമസ്ഥനുമായ ഏകനായവനെ കുറിക്കുന്ന സംജ്ഞാനാമമാണ് അല്ലാഹു. ആരാധിക്കപെടുന്നവന്‍ എന്ന് അര്‍ത്ഥമുള്ള ഇലാഹ് എന്ന വാക്കിലേക്ക് അല്‍ എന്ന അവ്യയം ചേര്‍ത്തു പ്രത്യേകമാക്കിയതാണ് അല്ലാഹു. അപ്പോള്‍ സാക്ഷാല്‍ ആരാധ്യന്‍, യഥാര്‍ത്ഥ ദൈവം, പരമേശ്വരന്‍ എന്നൊക്കെയാണ് അത് അര്‍ത്ഥമാക്കുന്നത്. ഇത് ഇസ്‍ലം പഠിപ്പിക്കുന്ന ശുദ്ധമായ ഏകദൈവ വിശ്വാസത്തിന്‍റെ സന്ദേശമാണ്.

ഒരു "ഏകദൈവവിശ്വാസി" ജൂതനോ ക്രിസ്ത്യാനിയോ മുസ്ലീമോ ആണെന്ന് അവകാശപ്പെടുന്നതുകൊണ്ട് മാത്രം പ്രസ്തുത വാദം അവരെ ദുഷിച്ച വിശ്വാസങ്ങളിലും വിഗ്രഹാരാധനയിലും വീഴുന്നതിൽ നിന്ന് തടയുകയില്ല. നിരവധി ആളുകളാണ് ഇത്തരത്തില്‍ "ഏകദൈവ" വിശ്വാസം അവകാശപ്പെടുന്നതോടൊപ്പം അവരുടെ പ്രവൃത്തികളിൽ വിഗ്രഹാരാധനയുടെ അംശങ്ങള്‍ പ്രകടിപ്പിക്കുന്നത്. വിശുദ്ധന്മാരുടെയും കന്യാമറിയത്തിന്‍റെയും വിഗ്രഹങ്ങളെ ആരാധന നടത്തുന്നന്നവരാണ് റോമൻ കത്തോലിക്കർ എന്ന് ക്രൈസ്തവമതത്തിലെ പല പ്രൊട്ടസ്റ്റന്‍റുകാരും ആരോപിക്കുന്നു. അതുപോലെ, ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ആരാധനരീതികളെ മറ്റ് പല ക്രിസ്ത്യാനികളും "വിഗ്രഹാരാധന" ആയി കണക്കാക്കുന്നു, അതിന് കാരണമായി പറയുന്നത് അവരുടെ ആരാധനയിൽ ഭൂരിഭാഗവും അവർ ബിബങ്ങള്‍ ഉപയോഗിച്ചുകൊണ്ടുളളതാണെന്നാണ്. എന്നിരുന്നാലും, നിങ്ങൾ ഒരു റോമൻ കത്തോലിക്കനോടോ ഗ്രീക്ക് ഓർത്തഡോക്‌സ് വ്യക്തിയോടോ ദൈവം "ഒന്നാണോ" എന്ന് ചോദിച്ചാൽ, അവർക്ക് അതിനുളള ഉത്തരം "അതെ" എന്നായിരിക്കും!. എങ്കിലും ഈ അവകാശവാദം അവരെ “സൃഷ്ടികളെ ആരാധിക്കുന്ന” വിഗ്രഹാരാധകരാകുന്നതില്‍ നിന്ന് തടയുന്നില്ല. തങ്ങളുടെ ദൈവങ്ങളെ ഏകദൈവത്തിന്‍റെ "അവതാരങ്ങൾ" ആയി കണക്കാക്കുന്ന ഹൈന്ദവ വിശ്വാസികളുടെ കാര്യവും ഇതുപോലെതന്നെയാണ്.

ഉപസംഹരിക്കും മുമ്പ്... സത്യത്തിന്‍റെ പക്ഷത്തല്ലാത്ത ചില ആളുകളുണ്ട്, അവർ "അല്ലാഹു" എന്നത് ഏതോ അറേബ്യൻ "ദൈവം" ആണെന്നും ഇസ്ലാം പൂർണ്ണമായും അബ്രഹാമിക് മതങ്ങളുമായി ബന്ധമില്ലാത്ത പുതിയൊരു വിശ്വാസ സംഹിതയാണെന്ന് വിശ്വസിക്കാൻ ആഗ്രഹിക്കുന്നു. ഫ്രഞ്ചുകാർ അവര്‍ ആരാധിക്കുന്ന ദൈവത്തെ "ദിയു" എന്ന് വിളിക്കുന്നു, സ്പാനിഷ് സംസാരിക്കുന്ന ആളുകൾ അവരുടെ ദൈവത്തെ ഡിയോസ് എന്നും, യഹൂദന്മാർ മറ്റൊരു ദൈവത്തെ ആരാധിക്കുകയും അവർ അവനെ ചിലപ്പോൾ “യഹോവ” എന്ന് വിളിക്കുന്നത് പോലെ മുസ്ലീങ്ങൾ ആരാധിക്കുന്ന ദൈവത്തെ അവര്‍ "അല്ലാഹു" എന്ന് പറയുന്നു എന്നൊക്കെയാണ് ഇവര്‍ പറയുന്ന ന്യായങ്ങള്‍. തീർച്ചയായും, ഇതുപോലുള്ള ന്യായവാദം തികച്ചും പരിഹാസ്യമാണ്!

ഈ ആളുകളുടെ ഉദ്ദേശ്യശുദ്ധിയെകുറിച്ച് ചോദിക്കാതിരിക്കാന്‍ കഴിയില്ല. കാരണമെന്തെന്നാല്‍, ഇസ്‌ലാമിന്‍റെ സത്യത ഉറച്ച അടിത്തറയിലാണ് നിലകൊള്ളുന്നത്, ദൈവത്തിന്റെ ഏകത്വത്തിലുള്ള അതിന്റെ അചഞ്ചലമായ വിശ്വാസം അപകീർത്തിപ്പെടുത്തുന്നതിന് അതീതമാണത്. ഇക്കാരണത്താൽ, ക്രിസ്ത്യാനികൾക്ക് അതിന്റെ സിദ്ധാന്തങ്ങളെ നേരിട്ട് വിമർശിക്കാൻ കഴിയില്ല, പകരം ഇസ്‌ലാമിനെക്കുറിച്ച് സത്യമല്ലാത്ത കാര്യങ്ങൾ കെട്ടിച്ചമയ്ക്കുന്നു, അങ്ങനെ ആളുകൾക്ക് കൂടുതൽ പഠിക്കാനുള്ള ആഗ്രഹം നഷ്ടപ്പെടുത്താന്‍ അതിലൂടെ അവര്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇസ്‌ലാമിനെ ശരിയായ രൂപത്തില്‍ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചാൽ, അത് തീർച്ചയായും പലരെയും സ്വന്തം വിശ്വാസങ്ങളെ പുനർവിചിന്തനം ചെയ്യാനും പുനർമൂല്യനിർണയം നടത്താനും പ്രേരിപ്പിച്ചേക്കാം. ദൈവത്തെ ആരാധിക്കാനും സ്നേഹിക്കാനും പഠിപ്പിക്കുന്ന ഒരു സാർവത്രിക മതം ലോകത്ത് ഉണ്ടെന്ന് അവർ കണ്ടെത്തുമ്പോൾ, ശുദ്ധമായ ഏകദൈവ വിശ്വാസം ആചരിക്കുമ്പോൾ, സ്വന്തം വിശ്വാസങ്ങളുടെ അടിസ്ഥാനം പുനഃപരിശോധിക്കണമെന്ന് അവർക്കെങ്കിലും തോന്നാൻ സാധ്യതയുണ്ട്.

ഏതെങ്കിലും ഒരു ഭാഷ മാത്രമാണ് ദൈവത്തിന്‍റെ ശരിയായ നാമം ഉള്‍കൊള്ളുന്ന പദം ഉപയോഗിക്കുന്നത് എന്ന വാദം സത്യസന്തതയുടെ അംശമില്ലാത്തതാണ്. വിവിധ ഭാഷകൾ സംസാരിക്കുന്ന വിവിധ പ്രവാചകന്മാരിലൂടെ എല്ലാ ജനതകൾക്കും ഗോത്രക്കാർക്കും മനുഷ്യർക്കും നൽകിയ ദൈവത്തിന്റെ സന്ദേശത്തിന്റെ സാർവത്രികതയെ നിഷേധിക്കുന്നതിന് തുല്യമാണ് പ്രസ്തുത വാദം. ആരാണ് അല്ലാഹു എന്ന ചോദ്യത്തിനുത്തരം അവന്‍ തന്നെ അന്തിമവേദഗ്രന്ഥത്തിലൂടെ പറഞ്ഞു തരുന്നുണ്ട്. അതിപ്രകാരം വായിക്കാം: “പറയുക: അതു: അല്ലാഹു ഏകനാകുന്നു. അല്ലാഹു സര്‍വ്വാശ്രയനായ യജമാനനത്രെ. അവന്‍ (സന്താനം) ജനിപ്പിച്ചിട്ടില്ല; അവന്‍ (സന്താനമായി) ജനിച്ചുണ്ടായിട്ടുമില്ല. അവനു തുല്യനായിട്ട് യാതൊരുവനും ഇല്ലതാനും.” (ഇഖ്‍ലാസ് 4)
 

0
0
0
s2sdefault