Quick Contact

LAST UPDATE : TUESDAY, 23 JANUARY 2024

 

മരണാനന്തരം

മനുഷ്യനെ മരണാനന്തരം ആര് ജീവിപ്പിക്കും?

അമാനി മൌലവി(റഹി)

Last Update: 2023 April 22, 01 Shawwal, 1444 AH

“മനുഷ്യന്‍ കണ്ടറിയുന്നില്ലേ, (ഇന്ദ്രിയബിന്ധുവാകുന്ന) ഒരു തുള്ളിയില്‍നിന്നും നാം അവനെ സൃഷ്ടിച്ചിരിക്കുന്നത്?! എന്നിട്ട് അവനതാ സ്പഷ്ടമായ ഒരു (എതിരാളി)യായിരിക്കുന്നു! അവന്‍ നമുക്കൊരു ഉപമ ഉണ്ടാക്കുകയും, തന്റെ (സ്വന്തം) സൃഷ്ടിപ്പിനെ മറക്കുകയും ചെയ്തു; അവന്‍ പറയുകയാണ്: ‘ആരാണ് (ഈ) അസ്ഥികളെ - അവ ജീര്‍ണ്ണിച്ചതായിരിക്കെ - ജീവിപ്പിക്കുക'?! പറയുക: ആദ്യത്തെ പ്രാവശ്യം അതിനെ നിര്‍മ്മിച്ചവന്‍ അവയെ ജീവിപ്പിക്കും; അവന്‍ എല്ലാ (തരം) സൃഷ്ടിയെക്കുറിച്ചും അറിവുള്ളവനുമാണ്. അതായതു, നിങ്ങള്‍ക്കു പച്ചയായ മരത്തില്‍നിന്നു തീ ഉണ്ടാക്കിത്തന്നവന്‍. എന്നിട്ട് നിങ്ങളതാ, അതില്‍നിന്നും (തീ) കത്തിച്ചുകൊണ്ടിരിക്കുന്നു!” (36.77-80)

സ്വന്തം ഉത്ഭവത്തെക്കുറിച്ചുപോലും വിസ്മരിച്ചുകൊണ്ട് ‘ആരാണ് ഈ എല്ലുകളെല്ലാം ജീര്‍ണ്ണിച്ചു തുരുമ്പലായശേഷം വീണ്ടും ജീവിപ്പിക്കുക’ എന്നു ചോദിക്കുന്ന മനുഷ്യന്‍ എന്തൊരു ധാര്‍ഷ്ട്യമാണ് കാണിക്കുന്നത്?! അവനെ നിസ്സാരമായ ഇന്ദ്രിയബീജത്തില്‍നിന്നു സൃഷ്ടിച്ചു ഈ നിലയിലെത്തിച്ച അല്ലാഹുവിന്റെ പ്രത്യക്ഷ എതിരാളിയല്ലയോ അവന്‍?! അവന്‍ -സഹസൃഷ്ടികളോടു താരതമ്യം ചെയ്തുകൊണ്ടു – അല്ലാഹുവിനു നല്‍കുന്ന ഉപമ എത്ര മേല്‍ ചീത്തയാണ്‌?! ആലോചിച്ചു നോക്കുക! ഈ ചോദ്യത്തിനുള്ള മറുപടി വളരെ വ്യക്തമാണ്. അവയെ ആദ്യത്തെ പ്രാവശ്യം ജീവിപ്പിച്ചതാരോ അവന്‍തന്നെ രണ്ടാമതും ജീവിപ്പിക്കും.’ ഒന്നാമതായി സൃഷ്ടിക്കുവാന്‍ കഴിഞ്ഞ അവനു രണ്ടാമതുണ്ടാക്കുവാന്‍ കൂടുതല്‍ എളുപ്പമായിരിക്കുമല്ലോ. മര്‍ക്കടമുഷ്ടിയില്ലാത്തവര്‍ക്കു ഈ മറുപടിയെ നേരിടുവാന്‍ സാധ്യമല്ല തന്നെ.

മരണപ്പെട്ടശേഷം ശരീരാംശങ്ങളില്‍ വരുന്ന മാറ്റങ്ങള്‍, പരിണാമങ്ങള്‍, മണ്ണിലും മറ്റും ലയിച്ചുപോകുന്ന ഭാഗങ്ങള്‍, അവയെ രണ്ടാമതു ശേഖരിക്കുന്നവിധം, ശേഖരിച്ചു വീണ്ടും ജീവന്‍ നല്‍കുന്നതു എന്നിങ്ങനെയുള്ള കാര്യമെല്ലാം അല്ലാഹുവിനു അറിയും. ശുദ്ധശൂന്യതയില്‍നിന്നു അഖിലാണ്ഡത്തെ സൃഷ്‌ടിച്ച അവന്നുണ്ടോ ഇതെല്ലം അജ്ഞാതമാകുന്നു?! അതെ, അവന്‍ എല്ലാവിധ സൃഷ്ടിയെക്കുറിച്ചും അറിവുള്ളവനാകുന്നു. ഒരു ഉദാഹരണത്തില്‍നിന്നു ഇതു മനസ്സിലാക്കാം: തീയിന്റെ ഗുണങ്ങളാണല്ലോ ചൂടും, കരിക്കലും. ഇവയുടെ വിപരീതഗുണങ്ങളാണ് വെള്ളത്തിനുള്ളത്. എന്നിരിക്കെ ജലാംശം നിറഞ്ഞ പച്ച മരങ്ങളില്‍നിന്നു അവന്‍ തീ ഉൽപാദിപ്പിക്കുന്നു. ഇതിലേറെ ആശ്ചര്യകരമല്ല, ജീര്‍ണ്ണിച്ചശേഷം മനുഷ്യനെ രണ്ടാമതും ജീവിപ്പിക്കല്‍. പച്ചമരത്തില്‍നിന്നു തീ ഉൽപാദിപ്പിക്കുന്നതിനു വ്യത്യസ്തങ്ങളായ ഉദാഹരണങ്ങള്‍ കാണുവാന്‍ കഴിയും. എല്ലാ പച്ചമരങ്ങളും ഉണങ്ങിക്കഴിഞ്ഞാല്‍ അതില്‍ തീ കത്തിക്കുവാന്‍ സാധിക്കുന്നു. തീക്കല്ലും, ലോഹവും ഉരസി തീയുണ്ടാക്കല്‍ പരിചയപ്പെടുന്നതിനുമുമ്പ് ചില പ്രത്യേക മരച്ചുള്ളികള്‍ തമ്മില്‍ ഉരസി തീയുണ്ടാക്കുക മുന്‍കാലത്തു ഹിജാസില്‍ പതിവുണ്ടായിരുന്നു. അതിനായി അറബികള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തിയിരുന്ന രണ്ടു മരങ്ങളാണ് ‘മറഖും, അഫാറും’. ഓട, മുള മുതലായ ചില മരങ്ങള്‍ തമ്മില്‍ ഉരസി തീയെടുക്കുന്ന സമ്പ്രദായം ഇന്നും മലവാസികള്‍ക്കിടയില്‍ നടപ്പുള്ളതാണ്. നീര്‍പച്ചയുള്ള മരത്തില്‍ വൈദ്യുതപ്രവാഹം ഏല്‍ക്കുമ്പോള്‍ തീയുണ്ടാകുന്നു. അതേസമയത്ത് ഉണങ്ങിയ മരത്തില്‍ ഏല്‍ക്കുമ്പോള്‍ ഉണ്ടാകുന്നുമില്ല. കൂടാതെ, ജലാംശം കലര്‍ന്നതും, നീരായതുമായ പല വസ്തുക്കളിലും വേഗം തീ ബാധിക്കാറുള്ളതും, ചില അംഗാരാമ്ലപദാര്‍ത്ഥങ്ങള്‍ വെള്ളം തട്ടുമ്പോള്‍ തീ പിടിക്കുന്നതും കാണാം. പരസ്പരവിരുദ്ധങ്ങളായ രണ്ടു വസ്തുക്കള്‍ തമ്മില്‍ സ്പര്‍ശിക്കുമ്പോഴുണ്ടാകുന്ന ആ തീ അതുവരെ എവിടെയായിരുന്നുവെന്നും, തീ പൊലിഞ്ഞുപോകുമ്പോള്‍ അതെവിടെ പോകുന്നുവെന്നും ആലോചിച്ചുനോക്കുക!

<pclass="quran-quote"> “ആകാശങ്ങളെയും, ഭൂമിയെയും സൃഷ്ടിച്ചിട്ടുള്ളവന്‍, അവരെപ്പോലെയുള്ളതിനെ സൃഷ്ടിക്കുവാനും കഴിവുള്ളവനല്ലയോ?! അല്ലാതെ! (കഴിവുള്ളവന്‍തന്നെ). അവന്‍ തന്നെയാണ് സര്‍വജ്ഞനായ മഹാ സൃഷ്ടാവ്. നിശ്ചയമായും അവന്റെ കാര്യം, അവന്‍ ഒരു വസ്തു (അഥവാ കാര്യം) ഉദ്ദേശിച്ചാല്‍, അതിനെക്കുറിച്ച് 'ഉണ്ടാവുക' എന്നു പറയുകയേവേണ്ടു - അപ്പോഴത് ഉണ്ടാകുന്നതാണ്.” (36:81-82)

പല ഉദാഹരണങ്ങളും ദൃഷ്ടാന്തങ്ങളും വഴി, പുനരുത്ഥാന നിഷേധികളുടെ വാദത്തെ ഖണ്ഡിച്ചശേഷം, അതിനെക്കാളെല്ലാം ഉപരിയായ മറ്റൊരു യാഥാര്‍ത്ഥ്യം – യാഥാര്‍ത്ഥ്യങ്ങളില്‍ വെച്ച് ഏറ്റവും മഹത്തായ യാഥാര്‍ത്ഥ്യം – എടുത്തുകാട്ടികൊണ്ടു ആ വാദത്തിന്റെ അങ്ങേഅറ്റത്തെ മൗഢ്യതയും, നികൃഷ്ടതയും അല്ലാഹു സ്ഥാപിക്കുന്നു. ഈ അഖിലാണ്ഡത്തിന്റെ മുഴുവനും സൃഷ്ടാവും നിയന്താവുമാണവന്‍. ഏതൊരുകാര്യവും – അതെത്ര വമ്പിച്ചതാവട്ടെ – ഉണ്ടാവണമെന്നു അവന്‍ ഉദ്ദേശിക്കുമ്പോഴേക്കും അതു അസ്തിത്വം കൊള്ളുന്നു. അപ്പോള്‍, നിസ്സാരനായ മനുഷ്യനെപ്പോലുള്ളവരെ ഒന്നാമതു ജീവിപ്പിക്കുവാനോ രണ്ടാമതു ജീവിപ്പിക്കുവാനോ അവനു സാധിക്കുകയില്ലെന്നു കരുതുന്നവനെക്കാള്‍ വിഡ്ഢിയും, നികൃഷ്ടനും മറ്റാരാണ്‌?!


അവലംബം: സൂറഃ യാസീന്‍ വ്യാഖ്യാനത്തില്‍ നിന്നും സംഗ്രഹിച്ചത്

0
0
0
s2sdefault