എന്തുകൊണ്ട് ഇസ്‌ലാം?

By: Laurence B. Brown, MD

ആശയവിവര്‍ത്തനം: നാസ്വിഹ് അബ്‍ദുല്‍ബാരി
Last Update: 2017 August 12 1438 Dulka'd 19

അമുസ്‌ലിംകൾ തങ്ങളുടെ മതവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പലപ്പോഴും ഉത്തരംകിട്ടാത്ത ചിന്തകളില്‍ സംഘര്‍ഷം നേരിടുന്ന സാഹചര്യങ്ങളിലായിരിക്കും ഇസ്‍ലാമിനെ കുറിച്ച് കേള്‍ക്കുന്നതും പഠിക്കാനാരംഭിക്കുന്നതും. യഹൂദിസം, ക്രൈസ്തവത, ബുദ്ധിസം, താവോയിസം, ഹൈന്ദവത എന്നിങ്ങനെ തുടങ്ങി പരിചിതമായ ഒട്ടുമിക്കമതങ്ങളിലും അവർ അതൃപ്തരായതിനുശേഷം മാത്രമേ കൂടുതലും അവർ ഇസ്‍ലാം മതത്തെ പഠിക്കാനായി തെരഞ്ഞെടുക്കാറുളളത്.

“ആരാണ് നമ്മെ സൃഷ്ടിച്ചത്?”, "ഞങ്ങൾ എന്തിനാണ് ഇവിടെ?" എന്നതുപോലുള്ള ജീവിതത്തിന്‍റെ വലിയ ചോദ്യങ്ങൾക്ക് മറ്റ് മതങ്ങൾ ഉത്തരം നൽകുന്നില്ലായിരിക്കാം. ന്യായവും നീതിയും പരിഗണിക്കേണ്ട സ്രഷ്ടാവ് ജീവിതത്തില്‍ തങ്ങള്‍ നേരിടുന്ന അനീതികള്‍ക്കുളള പൂര്‍ണമായ പരിഹാരം എങ്ങനെ നല്‍കും എന്നതിനെകുറിച്ചുളള ഉത്തരം നല്‍കാന്‍ അവര്‍ക്ക് പലപ്പോഴും സാധിക്കുന്നില്ല. ഒരുപക്ഷേ, പുരോഹിതന്മാരിൽ പ്രകടമാകുന്ന കാപട്യമോ, കാനോനിലുള്ള വിശ്വാസത്തിന്‍റെ അസ്വാഭാവികതയോ, വേദഗ്രന്ഥങ്ങളില്‍ നടത്തിയ കൈകടത്തുലകളോ ആയിരിക്കാം അവരിലുളള പൂര്‍ണമായ വിശ്വാസം നഷ്ടപ്പെടാനുണ്ടായ കാരണം. അത് എന്തുതന്നെയായാലും, ഈ മതങ്ങളിലെ പോരായ്മകൾ മനസ്സിലാക്കുകയും മറ്റു ഇതരസ്രോതസ്സുകള്‍ നോക്കുകയും ചെയ്യുമ്പോള്‍ "മറ്റൊരിടത്ത്" അവര്‍ കാണുന്നത് ഇസ്‍ലാമാണ്.

ലോകജനസംഖ്യയുടെ നാലിലൊന്ന് മുതൽ അഞ്ചിലൊന്ന് വരെ മുസ്‌ലിംകളാണെങ്കിലും, അമുസ്‌ലിം മാധ്യമങ്ങൾ ഭയാനകമായ അപവാദങ്ങളിലൂടെ ഇസ്‌ലാമിനെ അപകീർത്തിപ്പെടുത്തുകയാണ്, മുസ്‌ലിംകളല്ലാത്ത ചുരുക്കം ചിലർ ഈ മതത്തെ പോസിറ്റീവായി കാണുന്നുണ്ടെന്നത് മറച്ചുവെക്കുന്നില്ല. എന്നാലും, ഇക്കാരണത്താല്‍തന്നെ സാധാരണയായി യഥാര്‍ത്ഥ മതം അന്വേഷിക്കുന്ന ഒരു വ്യക്തി അവസാനമാണ് ഇസ്‍ലാമിലേക്ക് എത്തിപ്പെടാറുളളത്.

മറ്റൊരു പ്രശ്‌നം എന്തെന്നാൽ, അമുസ്‌ലിംകൾ ഇസ്‌ലാമിനെ പരിചയപ്പെടുന്ന സമയമായപ്പോഴേക്കും മറ്റ് മതങ്ങൾ അവരുടെ സംശയം വർധിപ്പിക്കുകയാണ് ചെയ്തത്. അവര്‍ പരിചയപ്പെട്ട എല്ലാ വേദഗ്രന്ഥങ്ങളും കൈകടത്തലുകള്‍ക്ക് വിധേയമായെങ്കില്‍, ഇസ്ലാമിക ഗ്രന്ഥം മാത്രം എങ്ങനെ അതില്‍നിന്നും വ്യത്യസ്തമാകും? പുരോഹിതന്‍മാര്‍ അവരുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് മതങ്ങളിൽ കൃത്രിമം കാണിച്ചിട്ടുണ്ടെങ്കിൽ, ഇസ്‌ലാമിന്‍റെ കാര്യത്തിൽ മാത്രം അത് സംഭവിക്കില്ലെന്ന് നമുക്ക് എങ്ങനെ ഉറപ്പിക്കാന്‍ കഴിയും?

ഉത്തരം സംക്ഷിപ്തമാക്കാമെങ്കിലും വിശദീകരണത്തിന് ഗ്രന്ഥങ്ങള്‍ ആവശ്യമായിവരും. ഏറ്റവും ലളിതമായ ഉത്തരം ഇതാണ്: ഒരേയൊരു ദൈവമുണ്ട്, അവൻ നീതിമാനാണ്. നാം സ്വര്‍ഗത്തിന്‍റെ പ്രതിഫലം നേടിയെടുക്കാനായി അതിനുളള മാര്‍ഗങ്ങള്‍ അവന്‍ കാണിച്ചുതന്നിരിക്കുന്നു. മനുഷ്യരില്‍ ആരാണ് നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുന്നതിനായി നമ്മെ അവന്‍ സൃഷ്ടിച്ചു. മനുഷ്യന്‍റെ പ്രവര്‍ത്തനം അവരവരുടെ ഇഷ്ടത്തിന് വിട്ടാൽ നഷ്ടമായിരിക്കും ഫലം. കാരണം, അവൻ നമ്മിൽ നിന്ന് എന്താണ് ആഗ്രഹിക്കുന്നതെന്നും അവനില്‍ സ്വീകരിക്കപ്പെടുന്ന നല്ല പ്രവര്‍ത്തനം ഏതെന്നും മനുഷ്യന് സ്വന്തമായി മെനഞ്ഞുണ്ടാക്കാന്‍ സാധിക്കുന്നതല്ല. അവന്‍റെ മാർഗനിർദേശമില്ലാതെ ഈ ജീവിതത്തിന്‍റെ വഴിത്തിരിവുകളിൽ നന്മയോടെ സഞ്ചരിക്കാന്‍ ആര്‍ക്കും കഴിയില്ല, അതിനാൽ, അവൻ മനുഷ്യര്‍ക്കായി നല്‍കിയ മാർഗനിർദേശം സ്വീകരിക്കല്‍ ഓരോ വ്യക്തിക്കും അത്യന്താപേക്ഷിതമായിവരുന്നു.

തീർച്ചയായും, പൂര്‍വ്വമതങ്ങൾ മനുഷ്യകരങ്ങളാല്‍ വികലമാക്കപ്പെട്ടിട്ടുണ്ട്. പ്രവാചക നിയോഗങ്ങളുടെ ഒരു ശൃംഖലതന്നെ ഉണ്ടാകാനുള്ള ഒരു കാരണമതാണ്. ചിന്തിക്കുക: പൂര്‍വ്വവേദഗ്രന്ഥങ്ങള്‍ അശുദ്ധമാക്കിയിട്ടുണ്ടെങ്കിൽ ദൈവം മറ്റൊരു ഗ്രന്ഥം അയക്കുകയില്ലെ? മുമ്പത്തെ തിരുവെഴുത്തുകൾ ദുഷിക്കപ്പെട്ടതുകൊണ്ടാണല്ലോ മനുഷ്യർക്ക് നേരായ പാതയിൽ സഞ്ചരിക്കാന്‍ മറ്റൊരു വെളിപാട് ആവശ്യമായിവന്ന സാഹചര്യമുണ്ടായത്.

അതിനാൽ പൂര്‍വ്വവേദഗ്രന്ഥങ്ങള്‍ കൈകടത്തലുകള്‍ക്ക് വിധേയമായെന്ന് നാം പ്രതീക്ഷിക്കണം. അവസാനത്തെ ദിവ്യസന്ദേശം ശുദ്ധവും കലർപ്പില്ലാത്തതുമാണ്. കാരണം, സ്നേഹനിധിയായ ദൈവം നമ്മെ കയ്യൊഴിയുകയില്ല. ദൈവം നമുക്ക് ഒരു വേദഗ്രന്ഥം നൽകി, എന്നാല്‍ മനുഷ്യർ അതിനെ വികലമാക്കി. ആയതിനാല്‍ ദൈവം നമുക്ക് മറ്റൊരു വേദഗ്രന്ഥം നൽകി, മനുഷ്യർ അതിനെ വീണ്ടും വികലമാക്കി... പിന്നെയും പിന്നെയും പിന്നെയും അങ്ങനെ സംഭവിച്ചുകൊണ്ടിരുന്നു. ഒടുവില്‍ ദൈവം ഒരു അന്തിമ വേദഗ്രന്ഥം അയച്ചുതന്നു. ലോകാവസാനം വരെ പ്രസ്തുത ഗ്രന്ഥം അവന്‍ സംരക്ഷിക്കുമെന്ന് വാഗ്ദാനവും നല്‍കി.

ഈ അന്തിമ വെളിപാട് വിശുദ്ധ ക്വുർആനാണെന്ന് മുസ്‍ലിംകൾ കരുതുന്നത്. നിങ്ങൾക്ക് അത് പരിശോധിക്കുകയും പരിഗണിക്കുകയും ചെയ്യാം. അതുകൊണ്ട്, നമ്മുടെ സ്രഷ്ടാവില്‍ വിശ്വസം അര്‍പ്പിക്കുക. ക്വുർആൻ വായിക്കുക, നല്ല പുസ്തകങ്ങൾ വായിക്കുക, നല്ല വെബ്സൈറ്റുകൾ സന്ദര്‍ശിക്കുക. എന്നാൽ നിങ്ങൾ എന്ത് ചെയ്താലുമത് ഗൗരവമായി എടുക്കുക, നിങ്ങളെ ശരിയായ വിശ്വാസത്തിലേക്കും മതത്തിലേക്കും നയിക്കാൻ സ്രഷ്ടാവിനോട് പ്രാർത്ഥിക്കുക. സര്‍വ്വശക്തന്‍ അനുഗ്രഹിക്കട്ടെ.

0
0
0
s2sdefault