തീവ്രവാദത്തെക്കുറിച്ച്‌ ഇസ്‌ലാം എന്താണ്‌ പറയുന്നത്‌?

By: islam-guide.com

Last Update: 2019 March 03

കാരുണ്യത്തിന്‍റെ മതമായ ഇസ്‍ലാം തീവ്രവാദം അനുവദിക്കുന്നില്ല. അല്ലാഹു പറഞ്ഞു:

“മതവിഷയത്തില്‍ നിങ്ങളോടു യുദ്ധം ചെയ്യുകയാകട്ടെ, നിങ്ങളുടെ വാസസ്ഥലങ്ങളില്‍നിന്നു നിങ്ങളെ പുറത്താക്കുകയാകട്ടെ ചെയ്തിട്ടില്ലാത്തവരെപ്പറ്റി അല്ലാഹു നിങ്ങളോടു വിരോധിക്കുന്നില്ല; (അതെ) നിങ്ങള്‍ അവര്‍ക്കു നന്‍മ ചെയ്യുകയും, അവരോടു നീതിമുറ പാലിക്കുകയും ചെയ്യുന്നതു (വിരോധിക്കുന്നില്ല). നിശ്ചയമായും, നീതിമുറ പാലിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു. ” (ക്വുർആൻ 60:8)

പ്രവാചകൻ മുഹമ്മദ് നബി(സ) യുദ്ധരംഗത്ത് സ്ത്രീകളെയും കുട്ടികളെയും വധിക്കുന്നതിൽ നിന്ന് സൈനികരെ വിലക്കിയിരുന്നു,[1] അദ്ദേഹം അവരെ ഉപദേശിക്കാറുണ്ടായിരുന്നു:

“...വിശ്വാസവജ്ഞന ചെയ്യരുത്, തീവ്രമാകരുത്, കുട്ടികളെ വധിക്കരുത്.”[2]

കൂടാതെ അദ്ദേഹം പറഞ്ഞു:

"മുസ്‍ലിംകളുമായി ഉടമ്പടിയിൽ ഏർപ്പെട്ടിരിക്കുന്ന ഒരാളെ ആരെങ്കിലും വധിച്ചാല്‍, നാൽപ്പത് വർഷത്തേക്ക് സ്വർഗത്തിന്‍റെ സുഗന്ധം കാണപ്പെടുന്നുണ്ടെങ്കിലും, അവൻ അതിന്‍റെ സുഗന്ധം അനുഭവിക്കുകയില്ല."[3]

അതുപോലെതന്നെ, മുഹമ്മദ് നബി(സ) തീയിലിട്ട് കരിച്ച് ഒരാളുടെ മേല്‍ ശിക്ഷ നടപ്പിലാക്കുന്നതിനെ നിരോധിച്ചിരിക്കുന്നു.[4]

പ്രവാചകന്‍ ഒരിക്കൽ കൊലപാതകത്തെ വലിയ പാപങ്ങളിൽ രണ്ടാമത്തേതായി എണ്ണിപ്പറഞ്ഞു.[5] ന്യായവിധി ദിനത്തിലെ ദുരിതത്തെ കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നൽകികൊണ്ട് അദ്ദേഹം പറഞ്ഞു,

"ന്യായവിധിനാളിൽ ആളുകൾക്കിടയിൽ ആദ്യം തീർപ്പുകൽപ്പിക്കുന്നത് രക്തച്ചൊരിച്ചിലിന്‍റെ വിഷയത്തിലായിരിക്കും.[6]"[7]

മൃഗങ്ങളോട് ദയ കാണിക്കാൻ പോലും മുസ്‌ലിംകളെ പ്രോത്സാഹിപ്പിക്കുകയും അവയെ ഉപദ്രവിക്കുന്നത് വിലക്കുകയും ചെയ്തിട്ടുളള പ്രവാചകനാണ് മുഹമ്മദ് നബി(സ). ഒരിക്കൽ അദ്ദേഹം പറഞ്ഞു:

“ഒരു പൂച്ചയെ അത് മരിക്കുന്നതുവരെ തടവിലാക്കിയതിന് ഒരു സ്ത്രീ ശിക്ഷിക്കപ്പെട്ടു. ഇതിന്‍റെ പേരിൽ അവൾ നരകത്തിലേക്ക് നയിക്കപ്പെട്ടു. അവൾ അതിനെ തടവിലാക്കിയപ്പോൾ, അവൾ പൂച്ചയ്ക്ക് ഭക്ഷണമോ പാനീയമോ നൽകിയില്ല, ഭൂമിയിലെ അതിന്‍റെ ഭക്ഷണം ഭക്ഷിക്കാൻ അവൾ അതിനെ സ്വതന്ത്രമാക്കിയില്ല."[8]

"അല്ലാഹുവിന്‍റെ ദൂതരേ, മൃഗങ്ങളോടുള്ള ദയയ്ക്ക് ഞങ്ങൾക്ക് പ്രതിഫലം ലഭിക്കുമെന്നാണോ?" അദ്ദേഹം പറഞ്ഞു:

"ജീവനുളള എല്ലാ മൃഗങ്ങളോടും മനുഷ്യരോടും പ്രകടിപ്പിക്കുന്ന ദയയ്ക്ക് പ്രതിഫലമുണ്ട്."[9]

കൂടാതെ, ഭക്ഷണത്തിനായി ഒരു മൃഗത്തെ അറക്കുമ്പോള്‍, ഏറ്റവും നല്ല രൂപത്തില്‍ അത് നിര്‍വ്വഹിക്കാന്‍ മുസ്ലീങ്ങളോട് കൽപ്പിക്കപ്പെട്ടിരിക്കുന്നു. പ്രവാചകൻ(സ) പറഞ്ഞു:

"നിങ്ങൾ ഒരു മൃഗത്തെ അറുക്കുമ്പോൾ അത് ഏറ്റവും നല്ല രീതിയിൽ ചെയ്യുക. മൃഗത്തിന്‍റെ വേദന കുറയ്ക്കാൻ ഒരാൾ കത്തി മൂർച്ച കൂട്ടുകയും വേണം."[10]

ഈ കാര്യങ്ങളുടയും മറ്റ് ഇസ്‍ലാമിക പ്രമാണങ്ങളുടെയും വെളിച്ചത്തിൽ, സാധാരണക്കാരുടെ ഹൃദയങ്ങളിൽ ഭീകരത വളർത്തൽ, കെട്ടിടങ്ങളും വസ്തുവകകളും മൊത്തമായി നശിപ്പിക്കൽ, നിരപരാധികളായ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും ബോംബെറിഞ്ഞ് അംഗഭംഗം വരുത്തലുമെല്ലാം ഇസ്‌ലാം അനുസരിച്ച് നിഷിദ്ധവും വെറുപ്പുളവാക്കുന്നതുമായ പ്രവൃത്തികളാണ്. മുസ്‌ലിംകൾ സമാധാനത്തിന്‍റെയും കരുണയുടെയും ക്ഷമയുടെയും മതമാണ് പിന്തുടരുന്നത്. മുസ്‌ലിംകളുടെ പേരില്‍ ചിലർ നടത്തിയ അക്രമ സംഭവങ്ങളുമായി ഇസ്‍‍ലാമിനോ ബഹുഭൂരിപക്ഷം വരുന്ന മുസ്‍ലിംകള്‍ക്കോ യാതൊരു ബന്ധവുമില്ല. ഒരു മുസ്ലീം തീവ്രവാദ പ്രവർത്തനം നടത്തിയാൽ, ആ വ്യക്തി ഇസ്ലാമിന്‍റെ നിയമങ്ങൾ ലംഘിച്ചതിന് കുറ്റക്കാരനാകും എന്നാണ് ഇസ്‍ലാം പഠിപ്പിക്കുന്നത്.

തയ്യാറാക്കിയത്: നാസ്വിഹ് അബ്‍ദുല്‍ബാരി

0
0
0
s2sdefault