Print

ഇസ്‍ലാമിനെ കുറിച്ചുള്ള ഏഴ് പൊതു ചോദ്യങ്ങള്‍

By: Daniel Masters, Isma'il Kaka and Robert Squires

Last Update: 2023 January 05

1. എന്താണ് ഇസ്‍ലാം?

ദൈവം (അല്ലാഹു) വെളിപ്പെടുത്തിയ ജീവിത രീതിയും അവന്‍ മനുഷ്യരാശിയിലേക്ക് അയച്ച എല്ലാ പ്രവാചകന്മാരും ദൈവദൂതന്മാരും അനുഷ്ഠിച്ചതുമായ മതത്തിന്റെ പേരാണ് ഇസ്ലാം. ഈ പേര് പോലും ഇതര മതങ്ങളില്‍നിന്ന് വേറിട്ടുനില്‍ക്കുന്നതാണ്. അത് ക്രിസ്തുമതം, ബുദ്ധമതം അല്ലെങ്കില്‍ സൊരാഷ്ട്രിയനിസം പോലുള്ള ഏതെങ്കിലും പ്രത്യേക വ്യക്തിയുടെ പേരില്‍ നിലവില്‍വന്നതല്ല; യഹൂദമതം പോലെയുള്ള ഒരു ഗോത്രത്തിന്റെയോ അല്ലെങ്കില്‍ ഹിന്ദുമതം പോലെ ഒരു ദേശത്തിലേക്കോ ചേര്‍ത്തി പറയുന്നതല്ല. ഇസ്‌ലാം എന്ന അറബി പദം സമാധാനം, സുരക്ഷ, വന്ദനം, സംരക്ഷണം, നിഷ്കളങ്കത, സാന്മാര്‍ഗികം, സമര്‍പ്പണം, സ്വീകാര്യത, കീഴടങ്ങല്‍, രക്ഷ എന്നിങ്ങനെയുളള ആന്തരര്‍ത്ഥങ്ങളില്‍ ഉരുത്തിരിഞ്ഞവയാണ്. ഇസ്‌ലാം എന്നതിന്റെ താത്പര്യം ദൈവത്തിന് കീഴ്‌പെടുക, അവനെ മാത്രം ആരാധിക്കുക, അവന്റെ നിയമം ഭക്തിപൂര്‍വ്വം സ്വീകരിക്കുകയും അനുസരിക്കുകയും ചെയ്യുക എന്നതാണ്. ഈ സമര്‍പ്പണത്തിലൂടെ, അതിന്റെ അക്ഷരാര്‍ത്ഥത്തില്‍ സൂചിപ്പിക്കുന്ന സമാധാനവും സുരക്ഷിതത്വവും ആരോഗ്യകരമായ ക്ഷേമവും കൈവരിക്കാന്‍ സാധിക്കും. അതിനാല്‍, ഒരു മുസ്ലീം ആ സമര്‍പ്പണാവസ്ഥയിലുള്ള ഒരു വ്യക്തിയായിരിക്കും. ഒരു വ്യക്തിയുടെ ഇസ്ലാം പാപങ്ങളും അജ്ഞതയും തെറ്റായ പ്രവൃത്തികളും വഴി ദുര്‍ബലമാവുകയും, ദൈവത്തില്‍ പങ്കാളിയെ വകവെക്കുന്നതിലൂടെയോ അവിശ്വാസത്തിലൂടെയോ അസാധുവുമാകുന്നതാണ്.

2. ആരാണ് മുസ്‍ലിംകള്‍?

"മുസ്‌ലിം" എന്ന അറബി പദത്തിന്റെ ഭാഷാര്‍ത്ഥം "ഇസ്‍ലാമികമായ അവസ്ഥയിലുള്ള ഒരാള്‍ (ദൈവത്തിന്റെ കല്‍പനക്കും നിയമത്തിനും വിധേയമായവന്‍)" എന്നാണ്. ഇസ്‌ലാമിന്റെ സന്ദേശം ലോകത്തുളള മുഴുവന്‍ ജനങ്ങള്‍ക്കും ഉദ്ദേശിച്ചിട്ടുള്ളതാണ്, ഈ സന്ദേശം സ്വീകരിക്കുന്ന ഏതൊരാളുമാണ് മുസ്‍ലിമായിത്തീരുന്നത്. ഇസ്‍ലാം അറബികള്‍ക്കുള്ള ഒരു മതം മാത്രമാണെന്ന് ചിലര്‍ തെറ്റായി വിശ്വസിച്ചിരിക്കുന്നു. വാസ്തവത്തില്‍, ലോകത്തിലെ 80% മുസ്ലീങ്ങളും അറബികളല്ല! ഭൂരിഭാഗം അറബികളും മുസ്‍ലിംകളാണെങ്കിലും, ക്രിസ്ത്യാനികളും ജൂതന്മാരും നിരീശ്വരവാദികളും ആയ അറബികളുണ്ട്. നൈജീരിയ മുതല്‍ ബോസ്നിയ വരെയും മൊറോക്കോ മുതല്‍ ഇന്തോനേഷ്യ വരെയും - മുസ്ലീം ലോകത്ത് ജീവിക്കുന്ന വിവിധ ജനവിഭാഗങ്ങളെ ഒന്ന് പരിശോധിച്ചാല്‍, അവരെല്ലാം വിവിധ സമൂഹത്തില്‍നിന്നും വംശങ്ങളില്‍നിന്നും സംസ്കാരങ്ങളില്‍നിന്നും ദേശീയതകളില്‍നിന്നും വരുന്നവരാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ആയതിനാല്‍തന്നെ ഇസ്‌ലാം എല്ലാ മനുഷ്യര്‍ക്കും വേണ്ടിയുള്ള ഒരു സാര്‍വത്രിക സന്ദേശമാണ്. മുഹമ്മദ് നബി(സ്വ)യുടെ ആദ്യകാല അനുചരന്‍മാരില്‍ ചിലര്‍ അറബികള്‍ മാത്രമല്ല, പേര്‍ഷ്യക്കാരും ആഫ്രിക്കക്കാരും റോമാക്കാരും അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു.

ഒരു മുസ്ലീം ആയിരിക്കുക എന്നത് ഉന്നതനായ ദൈവത്തിന്റെ കല്‍പനാ നിര്‍ദ്ദേശങ്ങളെയും നിയമങ്ങളെയും പൂര്‍ണ്ണമായും സ്വീകരിക്കലും അതിനോട് പ്രകടിപ്പിക്കുന്ന സജീവമായ അനുസരണവുമാണ്. തന്റെ വിശ്വാസങ്ങളെയും മൂല്യങ്ങളെയും സര്‍വ്വശക്തനായ ദൈവത്തിന്റെ മാര്‍ഗദര്‍ശനത്തെ അടിസ്ഥാനമാക്കി സ്വതന്ത്രമായി അംഗീകരിക്കുന്ന വ്യക്തിയാണ് മുസ്ലീം. പണ്ട്, ഇന്നത്തെ അത്ര കാണുന്നില്ലെങ്കിലും, മുസ്‍ലിംകളുടെ ലേബലായി "മുഹമ്മദീയര്‍" എന്ന നാമം പലപ്പോഴും ഉപയോഗിച്ചിരുന്നു. ഇത് ഒന്നുകില്‍ മനപ്പൂര്‍വ്വം വളച്ചൊടിക്കലിന്റെയോ കേവലമായ അറിവില്ലായ്മയുടെയോ ഫലമായി ഉണ്ടായതാണ്. ക്രിസ്ത്യാനികള്‍ യേശുവിനെ ആരാധിക്കുന്നതുപോലെ മുസ്‍ലിംകള്‍ മുഹമ്മദ് നബി(സ്വ)യെ ആരാധിച്ചിരുന്നതായി നൂറ്റാണ്ടുകളായി യൂറോപ്പില്‍ പഠിപ്പിക്കപ്പെട്ടിരുന്നു. ഇത് തീര്‍ത്തും ശരിയല്ല, കാരണം പരമോന്നതനായ ദൈവത്തെക്കൂടാതെ ആരെയെങ്കിലും അല്ലെങ്കില്‍ മറ്റെന്തെങ്കിലും ആരാധിക്കുന്ന ഒരാള്‍ മുസ്‍ലിമായി ഒരിക്കലും പരിഗണിക്കുകയില്ല.

3. ആരാണ് അല്ലാഹു?

ഇസ്‌ലാമുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ "അല്ലാഹു" എന്ന അറബി വാക്ക് പലപ്പോഴും കേള്‍ക്കാറുണ്ട്. "അല്ലാഹു" എന്ന വാക്ക് സര്‍വ്വശക്തനായ ദൈവത്തിനെ കുറിക്കുന്ന അറബി പദമാണ്, അറബി സംസാരിക്കുന്ന ക്രിസ്ത്യാനികളും ജൂതന്മാരും ഉപയോഗിക്കുന്ന അതേ പദമാണിത്. വാസ്തവത്തില്‍, God എന്ന വാക്ക് നിലവില്‍ വരുന്നതിന് വളരെ മുമ്പുതന്നെ അല്ലാഹു എന്ന പദം ഉപയോഗത്തിലുണ്ടായിരുന്നു, കാരണം ഇംഗ്ലീഷ് താരതമ്യേന പുതിയ ഭാഷയാണ്. ഒരാള്‍ ബൈബിളിന്റെ അറബി പരിഭാഷ എടുക്കുകയാണെങ്കില്‍, ഇംഗ്ലീഷില്‍ "God" എന്ന പദം ഉപയോഗിക്കുന്നിടത്ത് "അല്ലാഹു" എന്ന പദം ഉപയോഗിച്ചതായി കാണാം. ഉദാഹരണത്തിന്, അറബി സംസാരിക്കുന്ന ക്രിസ്ത്യാനികള്‍ പറയുന്നത്, അവരുടെ കാനോന്‍ വിശ്വാസമനുസരിച്ച്, യേശു അല്ലാഹുവിന്റെ പുത്രനാണെന്നാണ്. കൂടാതെ, സര്‍വ്വശക്തനായ ദൈവത്തെ കുറിക്കുന്ന അറബി പദമായ "അല്ലാഹു", മറ്റ് സെമിറ്റിക് ഭാഷകളിലെ ദൈവത്തെക്കുറിക്കുന്ന പദവുമായി തികച്ചും സാമ്യമുള്ളതാണ്. ഉദാഹരണത്തിന്, ദൈവത്തെ പറയുന്ന എബ്രായ പദം "ഏലാ" എന്നാണ്. വിവിധ കാരണങ്ങളാള്‍, മോശയുടെയും അബ്രഹാമിന്റെയും യേശുവിന്റെയും ദൈവത്തെ മാറ്റിനിറുത്തി വ്യത്യസ്തമായ ദൈവത്തെയാണ് മുസ്‍ലിംകള്‍ ആരാധിക്കുന്നതെന്ന് ചില അമുസ്‌ലിംകള്‍ തെറ്റായി ധരിക്കുന്നുണ്ട്. ഈ ധാരണ തീര്‍ച്ചയായും ശരിയല്ല, കാരണം ഇസ്‌ലാമിന്റെ ശുദ്ധമായ ഏകദൈവ വിശ്വാസം നോഹയുടെയും അബ്രഹാമിന്റെയും മോശയുടെയും യേശുവിന്റെയും മറ്റെല്ലാ പ്രവാചകന്മാരുടെയും ജനതയെ ഏക ദൈവത്തെ ആരാധിക്കുന്നതിലേക്ക് വിളിക്കുന്നതാണ്.

4. ആരാണ് മുഹമ്മദ് (സ്വ)?

ദൈവം മനുഷ്യരാശിയിലേക്ക് അയച്ച അവസാനത്തെ പ്രവാചകനാണ് മുഹമ്മദ് നബി(സ്വ). നാല്പതാം വയസ്സിലാണ് അദ്ദേഹത്തിന് ദൈവത്തില്‍ നിന്ന് ദിവ്യസന്ദേശം ലഭിച്ചത്. ദൈവം തനിക്ക് നല്‍കിയ ഇസ്‍ലാമാകുന്ന വെളിച്ചം പഠിപ്പിക്കാനും വിശദീകരിക്കാനും തന്റെ ജീവിതത്തിന്റെ ശേഷിക്കുന്ന ഭാഗം അദ്ദേഹം ചെലവഴിച്ചു. മുഹമ്മദ് നബി(സ്വ) പല കാരണങ്ങളാലും മറ്റു പ്രവാചകന്മാരേക്കാളും ഉത്തമനാണ്, എല്ലാവര്‍ക്കും കാരുണ്യമായി അയക്കപ്പെട്ട അവസാനത്തെ പ്രവാചകനായതിനാല്‍ മനുഷ്യരാശിയെ നയിക്കാനുള്ള അദ്ദേഹത്തിന്റെ ദൗത്യം ലോകാവസാനം വരെ തുടരുകയും ചെയ്യും. അദ്ദേഹത്തിന്റെ ദൗത്യത്തിന്റെ സുപ്രധാന ഫലം മറ്റേതൊരു പ്രവാചകനെക്കാളും കൂടുതല്‍ ആളുകളെ ശുദ്ധമായ ഏകദൈവ വിശ്വാസത്തിലേക്ക് കൊണ്ടുവന്നു എന്നതാണ്. ലോകത്തിന്റെ ആരംഭം മുതല്‍ ദൈവം ഭൂമിയിലേക്ക് പ്രവാചകന്മാരെ അയച്ചതില്‍ ഓരോരുത്തരും അവരവരുടെ പ്രത്യേക ജനതയിലേക്ക് മാത്രം നിയോഗിക്കപ്പെട്ടവരായിരുന്നു. എന്നാല്‍, മുഹമ്മദ് നബി(സ്വ)യെ എല്ലാ മനുഷ്യരുടെയും അന്തിമ സന്ദേശവാഹകനായാണ് ദൈവം അയച്ചിട്ടുളളത്.

ഇതരമതസമൂഹങ്ങള്‍ ഏകദൈവത്തില്‍ വിശ്വസിക്കുന്നുവെന്ന് അവകാശപ്പെട്ടിട്ടുണ്ടെങ്കിലും, കാലക്രമേണ, അവരുടെ വിശ്വാസങ്ങളിലും ആചാരങ്ങളിലും ചില വ്യതിചലിച്ച ആശയങ്ങള്‍ കടന്നുകൂടുകയും, പ്രവാചകന്മാരുടെ ശുദ്ധമായ ഏകദൈവ വിശ്വാസത്തില്‍ നിന്ന് അവരെ അകറ്റുകയും ഉണ്ടായി. ചിലര്‍ തങ്ങളുടെ പ്രവാചകന്മാരെയും വിശുദ്ധരെയും സര്‍വ്വശക്തനായ ദൈവത്തിലേക്കെത്താനുളള മധ്യസ്ഥരായി സ്വീകരിച്ചു. ചിലര്‍ തങ്ങളുടെ പ്രവാചകന്മാര്‍ ദൈവത്തിന്റെ പ്രതിരൂപമാണെന്നും അല്ലെങ്കില്‍ “ദൈവാവവതാരം” അല്ലെങ്കില്‍ “ദൈവപുത്രന്‍” ആണെന്നുമൊക്കെ വിശ്വസിച്ചു. ഈ തെറ്റിദ്ധാരണകളെല്ലാം സ്രഷ്ടാവിനുപകരം സൃഷ്ടികളെ ആരാധിക്കുന്നതിലേക്കും, സര്‍വ്വശക്തനായ ദൈവത്തെ ഇടനിലക്കാര്‍ വഴി സമീപിക്കാമെന്ന് വിശ്വസിച്ചുകൊണ്ട് വിഗ്രഹാരാധന സമ്പ്രദായത്തിലേക്കും വരെ എത്തുന്നതിലേക്ക് അവരെ നയിക്കുകയുണ്ടായി. ഈ തെറ്റുകളില്‍ നിന്ന് സമൂഹത്തെ രക്ഷിക്കാന്‍, പ്രവാചകന്‍ മുഹമ്മദ്(സ്വ) എപ്പോഴും ഊന്നിപ്പറയുന്ന കാര്യമാണ്, താന്‍ ഒരു മനുഷ്യന്‍ മാത്രമാണ്, ദൈവത്തിന്റെ സന്ദേശം ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കലാണ് എന്നിലുളള ദൌത്യം. "ദൈവത്തിന്റെ ദൂതനും അവന്റെ അടിമയും" എന്ന് വിളിക്കാനാണ് അദ്ദേഹം മുസ്‍‍ലിംകളെ അഭ്യസിപ്പിച്ചത്. തന്റെ ജീവിതത്തിലൂടെയും അധ്യാപനങ്ങളിലൂടെയും ദൈവം മുഹമ്മദിനെ എല്ലാ മനുഷ്യര്‍ക്കും ഉത്തമ മാതൃകയാക്കി - അദ്ദേഹം മാതൃകാപരമായ പ്രവാചകന്‍, രാഷ്ട്രതന്ത്രജ്ഞന്‍, സൈനിക നേതാവ്, ഭരണാധികാരി, അധ്യാപകന്‍, അയല്‍ക്കാരന്‍, ഭറ്‍ത്താവ്, പിതാവ്, സുഹൃത്ത് എന്നിവയായിരുന്നു. മറ്റ് പ്രവാചകന്മാരില്‍ നിന്നും ദൂതന്മാരില്‍ നിന്നും വ്യത്യസ്തമായി, മുഹമ്മദ് നബി(സ്വ) ചരിത്രത്തിന്റെ മുഴുവന്‍ വെളിച്ചത്തിലും ജീവിച്ചു, അദ്ദേഹത്തിന്റെ എല്ലാ വാക്കുകളും പ്രവൃത്തികളും സൂക്ഷ്മമായി ശേഖരിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മുസ്‌ലിംകള്‍ക്ക് അദ്ദേഹം ജീവിച്ചിരുന്നോ ഇല്ലയോ എന്ന കേവല 'വിശ്വാസം' ആവശ്യമില്ല - അത് ഒരു വസ്തുതയാണെന്ന് അവര്‍ക്കറിയാം. മുഹമ്മദ് നബി(സ്വ)ക്ക് വെളിപ്പെടുത്തിയ ദിവ്യസന്ദേശം നഷ്ടപ്പെടുന്നതില്‍നിന്നും വക്രീകരിക്കുന്നതില്‍നിന്നും ദൈവം അത് സ്വയം സംരക്ഷിച്ചു. മനുഷ്യരാശിയുടെ അന്തിമ ദൂതന്‍ മുഹമ്മദ്‌ (സ്വ) ആണെന്ന് ദൈവം വാഗ്ദാനം ചെയ്തതിനാല്‍ ഇത് ആവശ്യമായിരുന്നു. എല്ലാ ദൈവദൂതന്മാരും ഇസ്‌ലാമിന്റെ സന്ദേശമാണ് പ്രചരിപ്പിച്ചത് - അതായത് ദൈവത്തിന് കീഴൊതുങ്ങികൊണ്ട് അവനെ മാത്രം ആരാധിക്കണം – എന്നാല്‍ ലോകം അവസാനിക്കുന്ന ദിവസം വരെ ഒരിക്കലും മാറ്റപ്പെടാത്ത അന്തിമവും സമ്പൂര്‍ണ്ണവുമായ സന്ദേശം കൊണ്ടുവന്ന ഇസ്‍ലാമിന്റെ അവസാന പ്രവാചകനാണ് മുഹമ്മദ് നബി(സ്വ).

5. ഇസ്‍ലാമിന്റെ അധ്യാപനങ്ങള്‍ എന്തൊക്കെയാണ്?

ഇസ്ലാമിക വിശ്വാസത്തിന്റെ അടിസ്ഥാനം സമ്പൂര്‍ണ്ണമായ ഏകദൈവ വിശ്വാസമാണ് (ദൈവത്തിന്റെ ഏകത്വം). പ്രപഞ്ചത്തിലെ എല്ലാറ്റിന്റെയും സ്രഷ്ടാവും പരിപാലകനും ഒരേയൊരുവനാണെന്നും അവനല്ലാതെ മറ്റൊന്നും ദൈവികമോ ആരാധിക്കപ്പെടാന്‍ യോഗ്യമോ അല്ലെന്നും വിശ്വസിക്കുക എന്നാണ് ഇതിനര്‍ത്ഥം. യഥാര്‍ത്ഥത്തില്‍, ദൈവത്തിന്റെ ഏകത്വത്തില്‍ വിശ്വസിക്കുകയെന്നാല്‍ അര്‍ത്ഥമാക്കുന്നത് രണ്ടോ മൂന്നോ നാലോ എന്നതിന് വിപരീതമായി ദൈവം ഏകനാണ് എന്ന് ഉറച്ചു വിശ്വസിക്കലാണ്. "ഏകദൈവത്തില്‍" വിശ്വസിക്കുകയും ആത്യന്തികമായി പ്രപഞ്ചത്തിന്റെ സ്രഷ്ടാവും പരിപാലകനും ഒന്നാണെന്ന് വിശ്വസിക്കുകയും ചെയ്യുന്ന നിരവധി മതങ്ങളുണ്ട്, എന്നാല്‍ അവന്‍ തന്റെ പ്രവാചകനിലൂടെ അറിയിച്ച ദിവ്യവെളിപാടിന് അനുസൃതമായി ഒരേയൊരു യഥാര്‍ത്ഥ ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്ന് വിശ്വസിക്കുന്നതാണ് ശരിയായ ഏകദൈവ വിശ്വാസം. ദൈവത്തിനും മനുഷ്യനുമിടയിലുള്ള എല്ലാ ഇടനിലക്കാരെയും ഉപയോഗിക്കുന്നതിനെ ഇസ്‌ലാം നിരാകരിക്കുകയും ആളുകള്‍ ദൈവത്തെ നേരിട്ട് സമീപിക്കുകയും എല്ലാ ആരാധനകളും അവനുവേണ്ടി മാത്രം നിക്ഷിപ്‌തമാക്കുകയും ചെയ്യാന്‍ ഇസ്‍ലാം ആവശ്യപ്പെടുന്നു. സര്‍വ്വശക്തനായ ദൈവം അനുകമ്പയുളളവനും സ്നേഹസമ്പന്നനും കരുണാനിധിയുമാണെന്ന് മുസ്ലീങ്ങള്‍ വിശ്വസിക്കുന്നു.

ദൈവത്തിന് തന്റെ സൃഷ്ടികളോട് നേരിട്ട് ക്ഷമിക്കാന്‍ കഴിയില്ലെന്ന പൊതുവായ തെറ്റിദ്ധാരണയുണ്ട്. പാപത്തിന്റെ ഭാരവും ശിക്ഷയും മനുഷ്യനില്‍ അമിതമാകുന്നത് ദൈവത്തിന് അവരോട് നേരിട്ട് ക്ഷമിക്കാന്‍ കഴിയില്ലെന്ന് പ്രചരിപ്പിക്കുന്നതിലൂടെയാണ് ആളുകള്‍ പലപ്പോഴും ദൈവത്തിന്റെ കരുണയെക്കുറിച്ച് നിരാശരാകുന്നത്. അങ്ങനെ ദൈവത്തെ നേരിട്ട് സമീപിക്കാന്‍ കഴിയില്ലെന്ന് കരുതിയാല്‍, അവര്‍ വീരന്മാര്‍, ആള്‍ ദൈവങ്ങള്‍, വിശുദ്ധന്മാര്‍, മാലാഖമാര്‍ തുടങ്ങിയ വ്യാജദൈവങ്ങളുടെ സഹായത്തിനായി തിരിയുന്ന അവസ്ഥയുണ്ടാകും. ഈ വ്യാജദൈവങ്ങളെ ആരാധിക്കുന്നതോ പ്രാര്‍ത്ഥിക്കുന്നതോ മാധ്യസ്ഥം തേടുന്നതോ ആയ ആളുകള്‍ അവരെ ഒരു ‘ദൈവമായി’ കണക്കാക്കുന്നില്ല. അവര്‍ ഒരു പരമോന്നത ദൈവത്തില്‍ വിശ്വസിക്കുന്നുവെന്ന് അവകാശപ്പെടുന്നു, എന്നാല്‍ ദൈവത്തോട് അടുക്കാന്‍ വേണ്ടി മാത്രമാണ് തങ്ങള്‍ ദൈവത്തോടൊപ്പം മറ്റുള്ളവരോട് പ്രാര്‍ത്ഥിക്കുന്നതും ആരാധിക്കുന്നതും. ഇസ്‌ലാമില്‍ സ്രഷ്ടാവും സൃഷ്‌ടിയും തമ്മില്‍ വ്യക്തമായ വേര്‍തിരിവുണ്ട്. ദൈവികതയുടെ വിഷയങ്ങളില്‍ അവ്യക്തതയോ നിഗൂഢതയോ ഇല്ല: സൃഷ്ടിക്കപ്പെടുന്ന ഒന്നുംതന്നെ ആരാധിക്കപ്പെടാന്‍ യോഗ്യമല്ല; സ്രഷ്ടാവായ അള്ളാഹു മാത്രമാണ് ആരാധിക്കപ്പെടാന്‍ യോഗ്യന്‍. ചില മതങ്ങള്‍ ദൈവം അവന്റെ സൃഷ്ടിയുടെ ഭാഗമായിത്തീര്‍ന്നുവെന്ന് തെറ്റായി വിശ്വസിക്കുന്നു, ഇത് തങ്ങളുടെ സ്രഷ്ടാവില്‍ എത്താന്‍ വേണ്ടി സൃഷ്ടിക്കപ്പെട്ട ഒന്നിനെ ആരാധിക്കാനുളള ന്യായമായി കരുതാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുണ്ട്.

ദൈവം അതുല്യനും സര്‍വ്വ ഊഹങ്ങള്‍ക്കും അതീതനും ഉന്നതനുമാണെങ്കിലും, അവന് തീര്‍ച്ചയായും പങ്കാളികളോ സഹകാരികളോ സമപ്രായക്കാരോ എതിരാളികളോ സന്തതികളോ ഇല്ലെന്ന് മുസ്‍ലിംകള്‍ ഉറച്ചു വിശ്വസിക്കുന്നു. മുസ്‍ലിംകളുടെ വിശ്വാസമനുസരിച്ച്, അല്ലാഹു "അവന്‍ ജനിപ്പിച്ചിട്ടില്ല; അവന്‍ ജനിച്ചുണ്ടായിട്ടുമില്ല." – അക്ഷരാര്‍ത്ഥത്തില്‍, സാങ്കല്‍പ്പികമായി, രൂപകപരമായോ, ശാരീരികമായോ അതിഭൌതികമായോ അല്ല. അവന്‍ തികച്ചും അതുല്യനും നിത്യനുമാണ്. അവന്‍ എല്ലാറ്റിന്റെയും നിയന്ത്രണത്തിലാണ്, അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തന്റെ അനന്തമായ കരുണയും ക്ഷമയും നല്‍കാന്‍ തികച്ചും കഴിവുള്ളവനാണ്. അതുകൊണ്ടാണ് അല്ലാഹുവിനെ സര്‍വശക്തനും കാരുണ്യവാനും എന്നും വിളിക്കുന്നത്. എല്ലാ മനുഷ്യര്‍ക്കും നല്ലതിന് വേണ്ടിയാണ് അല്ലാഹു പ്രപഞ്ചം സൃഷ്ടിച്ചത്. സര്‍വ്വശക്തനായ ദൈവത്തിന്റെ സൃഷ്ടിവൈഭവവും കാരുണ്യത്തിന്റെ അടയാളവുമായിട്ടാണ്ണ് മുസ്‌ലിംകള്‍ പ്രപഞ്ചത്തിലുള്ളതെല്ലാം കാണുന്നത്. കൂടാതെ, അല്ലാഹുവിന്റെ ഏകത്വത്തിലുള്ള വിശ്വാസം കേവലം ഒരു മെറ്റാഫിസിക്കല്‍ ആശയമല്ല. മനുഷ്യത്വത്തെയും സമൂഹത്തെയും പ്രായോഗിക ജീവിതത്തിന്റെ എല്ലാ വശങ്ങളെയും കുറിച്ചുള്ള വീക്ഷണത്തെ സ്വാധീനിക്കുന്ന ചലനാത്മക വിശ്വാസമാണിത്.

6. എന്താണ് ക്വുര്‍ആന്‍?

ഉന്നതനായ അല്ലാഹു സ്വയം സംസാരിക്കുകയും അറബിയില്‍ ജിബ്‍രീല്‍ എന്ന മലക്കിലൂടെ ശബ്ദത്തിലും വാക്കിലും അര്‍ത്ഥത്തിലും മുഹമ്മദ് നബി(സ്വ)ക്ക് കൈമാറുകയും ചെയ്ത, മനുഷ്യരാശിക്കു മുഴുവനുമായുളള അല്ലാഹുവിന്റെ അന്തിമ ദിവ്യവെളിപാടാണ് ക്വുര്‍ആന്‍. പിന്നീടത് പ്രവാചകന്റെ അനുചരന്മാര്‍ക്ക് കൈമാറുകയും അവര്‍ അത് മനഃപാഠമാക്കുകയും രേഖാമൂലം ലിഖിത രൂപത്തില്‍ സൂക്ഷിക്കുകയും ചെയ്തു. പ്രവാചകന്റെ അനുചരന്മാരും പിന്നീട് അവരുടെ പിന്‍ഗാമികളായവരും നാളിതുവരെ വിശുദ്ധ ക്വുര്‍ആന്‍ പാരായണം ചെയ്തുവരുന്നു. ചുരുക്കത്തില്‍, എല്ലാ മനുഷ്യരാശിക്കും അവരുടെ മാര്‍ഗനിര്‍ദേശത്തിനും രക്ഷയ്ക്കുമായി അല്ലാഹുവില്‍ നിന്ന് അവതീര്‍ണ്ണമായ ഗ്രന്ഥമാണ് ക്വുര്‍ആന്‍.

ഇന്നും ദശലക്ഷക്കണക്കിന് ആളുകള്‍ ക്വുര്‍ആന്‍ മനപാഠമാക്കുകയും പഠിപ്പിക്കുകയും ചെയ്തുവരുന്നു. ക്വുര്‍ആനിന്റെ ഭാഷയായ അറബി ഇപ്പോഴും ദശലക്ഷക്കണക്കിന് ആളുകളിലൂടെ ജീവിക്കുന്ന ഭാഷയാണ്. മറ്റു ചില മതഗ്രന്ഥങ്ങളിള്‍ നിന്ന് വ്യത്യസ്തമായി, ക്വുര്‍ആന്‍ ഇപ്പോഴും അതിന്റെ യഥാര്‍ത്ഥ ഭാഷയില്‍ എണ്ണമറ്റ ആളുകള്‍ വായിച്ചുകൊണ്ടിരിക്കുന്നു. ക്വുര്‍ആന്‍ അറബി ഭാഷയിലെ ജീവിക്കുന്ന ഒരു അത്ഭുതമാണ്, അത് അതിന്റെ ശൈലിയിലും രൂപത്തിലും ആത്മീയ സ്വാധീനത്തിലും അതുപോലെ തന്നെ അതില്‍ അടങ്ങിയിരിക്കുന്ന അതുല്യമായ അറിവിലും അനുകരണീയമാണ്.

23 വര്‍ഷത്തെ കാലയളവിനുളളിലാണ് മുഹമ്മദ് നബി(സ്വ)ക്ക് ക്വുര്‍ആനിക സൂക്തങ്ങള്‍ ദൈവം ഇറക്കികൊടുത്തത്. മറ്റ് പല മതഗ്രന്ഥങ്ങളില്‍ നിന്നും വ്യത്യസ്തമായി, ക്വുര്‍ആന്‍ പൂര്‍ണമായും അല്ലാഹുവിന്റെ വചനമാണ്. മുഹമ്മദ് നബി(സ്വ)യുടെ ജീവിതകാലത്തും അതിനുശേഷവും മുസ്‍ലിം, അമുസ്‍ലിം സമുദായങ്ങള്‍ക്ക് മുന്നില്‍ ഈ ഗ്രന്ഥം പരസ്യമായി പാരായണം ചെയ്തുവരുന്നു. പ്രവാചകന്റെ ജീവിതകാലത്ത് മുഴുവന്‍ ഖുര്‍ആന്‍ സൂക്തങ്ങളും ക്രോഡീകരിക്കപ്പെട്ടതാണ്, കൂടാതെ പ്രവാചകന്റെ നിരവധി അനുചരന്മാര്‍ അത് മുഴുവനും പദാനുപദം മനഃപാഠമാക്കുകയുമുണ്ടായി. ക്വുര്‍ആന്‍ എപ്പോഴും സാധാരണ വിശ്വാസികളുടെ കൈകളിലായിരുന്നു: അത് എല്ലായ്പ്പോഴും ദൈവവചനമാണെന്ന് കരുതപ്പെട്ടിരുന്നു; കൂടാതെ, ഓരോ കാലഘട്ടത്തിലെയും വിശ്വാസികള്‍ വ്യാപകമായി അത് മനഃപാഠമാക്കിയതിനാല്‍ ഈ ഗ്രന്ഥം സംരക്ഷിക്കപ്പെടാനും അത് ഒരു കാരണമായി. ഒരിക്കലും അതിന്റെ ഒരു ഭാഗവും ഒരു പണ്ഡിതസഭക്കും മാറ്റിമറിക്കാന്‍ സാധിച്ചിട്ടില്ല, അങ്ങനെ ഒരു ഉത്തരവ് ആരും നല്‍കിയിട്ടുമില്ല. ക്വുര്‍ആനിലെ മാര്‍ഗദര്‍ശനം എല്ലാ മനുഷ്യരാശിയെയും അഭിസംബോധന ചെയ്യുന്നതാണ്, അല്ലാതെ ഏതെങ്കിലും പ്രത്യേക ഗോത്രത്തെയോ 'തിരഞ്ഞെടുക്കപ്പെട്ട ആളുകളെയോ' ഉദ്ദേശിച്ചുകൊണ്ടുളളതല്ല അതിലെ ഉത്ബോധനങ്ങള്‍. അത് പരിചയപ്പെടുത്തിയ സന്ദേശം പുതുമയുള്ളതല്ല, എല്ലാ പ്രവാചകന്മാരുടെയും ഒരേ സന്ദേശമല്ലാതെ മറ്റൊന്നുമല്ല: 'ഏകദൈവമായ അല്ലാഹുവിന് സമര്‍പ്പിക്കുകയും അവനെ മാത്രം ആരാധിക്കുകയും ഇഹലോകത്തെ വിജയത്തിനും പരലോക മോക്ഷത്തിനും അല്ലാഹു നിയോഗിച്ച ദൂതന്മാരെ പിന്തുടരുകയും ചെയ്യുക'. അതുപോലെ, ഖുര്‍ആനിലെ അല്ലാഹുവിന്റെ വെളിപാട്, അല്ലാഹുവിന്റെ ഏകത്വത്തില്‍ വിശ്വസിക്കേണ്ടതിന്റെ പ്രാധാന്യം മനുഷ്യരെ പഠിപ്പിക്കുന്നതിലും ഇസ്ലാമിക നിയമത്തില്‍ വ്യക്തമാക്കിയിട്ടുള്ള അവന്‍ അയച്ച മാര്‍ഗനിര്‍ദേശത്തിന് ചുറ്റും അവരുടെ ജീവിതത്തെ രൂപപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നൂഹ്, അബ്രഹാം, മോശ, യേശു തുടങ്ങിയ മുന്‍ പ്രവാചകന്മാരുടെ മാതൃകാപരമായ ചരിത്രങ്ങള്‍ ക്വുര്‍ആനില്‍ അടങ്ങിയിരിക്കുന്നു. നിരവധി ആളുകള്‍ ഊഹത്തിലും ആത്മീയ നിരാശയിലും സാമൂഹികവും രാഷ്ട്രീയവുമായ സങ്കീര്‍ണതയില്‍ കുടുങ്ങിക്കിടക്കുന്ന നമ്മുടെ ആധുനിക കാലത്ത്, നമ്മുടെ ജീവിതത്തിന്റെ ശൂന്യതയ്ക്കും ഇന്ന് ലോകത്തെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്ന പ്രക്ഷുബ്ധതയ്ക്കും ഖുര്‍ആനിക അധ്യാപനങ്ങള്‍ പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

7. മനുഷ്യന്റെ പ്രകൃതം, ജീവിതലക്ഷ്യം, മരണാനന്തര ജീവിതം എന്നിവയെ മുസ്ലീങ്ങള്‍ എങ്ങനെ വീക്ഷിക്കുന്നു?

വിശുദ്ധ ഖുര്‍ആനില്‍, അല്ലാഹു മനുഷ്യരെ സൃഷ്ടിച്ചത് അവനെ മഹത്വപ്പെടുത്തുന്നതിനും ആരാധിക്കുന്നതിനുമായിട്ടാണെന്നും എല്ലാ യഥാര്‍ത്ഥ ആരാധനകളുടെയും അടിസ്ഥാനം ദൈവഭക്തിയാണെന്നും പഠിപ്പിക്കുന്നു. അല്ലാഹുവിന്റെ എല്ലാ സൃഷ്ടികളും അവനെ ശുദ്ധപ്രകൃതിയോടെ ആരാധിക്കുന്നു, മനുഷ്യര്‍ക്ക് മാത്രമേ തങ്ങളുടെ സ്രഷ്ടാവായ അല്ലാഹുവിനെ ആരാധിക്കാനോ അവനെ തിരസ്കരിക്കാനോ ഉള്ള ഇച്ഛാസ്വാതന്ത്ര്യം നല്‍കിയിട്ടുള്ളൂ. ഇതൊരു മഹത്തായ പരീക്ഷണമാണ്, മാത്രമല്ല മഹത്തായ ഒരു ബഹുമതി കൂടിയാണ്. ഇസ്‌ലാമിന്റെ അധ്യാപനങ്ങള്‍ ജീവിതത്തിന്റെയും ധാര്‍മ്മികതയുടെയും എല്ലാ വശങ്ങളും ഉള്‍ക്കൊള്ളുന്നതിനാല്‍, എല്ലാ മാനുഷിക ബന്ധങ്ങളിലും ഇടപാടുകളിലും ദൈവഭക്തി ആവശ്യമാണെന്ന് പഠിപ്പിക്കുന്നു. അങ്ങനെ മനുഷ്യരുടെ എല്ലാ പ്രവൃത്തികളും ദൈവത്തിന്റെ പ്രീതിക്കു വേണ്ടി മാത്രം ചെയ്യുന്നതും, അവയെല്ലാം അവന്റെ ദൈവിക ഗ്രന്ഥത്തിനും നിയമത്തിനും അനുസൃതമാണെങ്കില്‍ അതെല്ലാം ആരാധനകളാണെന്ന് ഇസ്‌ലാം വ്യക്തമാക്കുന്നു. ഇസ്‌ലാമിന്റെ ദര്‍ശനങ്ങള്‍ മനുഷ്യാത്മാവിനുള്ള കാരുണ്യമായും രോഗശാന്തിയായും പ്രവര്‍ത്തിക്കുന്നു, വിനയം, ആത്മാര്‍ത്ഥത, ക്ഷമ, ദാനധര്‍മ്മം തുടങ്ങിയ ഗുണങ്ങള്‍ ശക്തമായി അത് പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ, ഇസ്‌ലാം അഹങ്കാരത്തെയും ആത്മനീതിയെയും അപലപിക്കുന്നു, കാരണം സര്‍വ്വശക്തനായ ദൈവമാണ് മനുഷ്യനീതിയുടെ ഏക വിധികര്‍ത്താവ്.

മനുഷ്യന്റെ സ്വഭാവത്തെക്കുറിച്ചുള്ള ഇസ്‌ലാമിക വീക്ഷണം യാഥാര്‍ത്ഥ്യബോധമുള്ളതും സമതുലിതവുമാണ്, മനുഷ്യര്‍ അന്തര്‍ലീനമായി പാപമുള്ളവരാണെന്ന് അത് പഠിപ്പിക്കുന്നില്ല, മറിച്ച് നന്മ ചെയ്യാനും തിന്മ ചെയ്യാനും ഒരുപോലെ കഴിവുള്ളവരായിട്ടാണ് അവര്‍ മനുഷ്യരെ കാണുന്നത്; അതിലേതും തെരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. വിശ്വാസവും പ്രവര്‍ത്തനവും പരസ്പരം കൈകോര്‍ക്കുന്നുവെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ദൈവം മനുഷ്യര്‍ക്ക് ഇച്ഛാസ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്, ആയതിനാല്‍ ഒരാളുടെ വിശ്വാസത്തിന്റെ അളവുകോല്‍ അവരുടെ കര്‍മ്മാനുഷ്ഠാനങ്ങളാണ്. എന്നിരുന്നാലും, മനുഷ്യര്‍ ദുര്‍ബലരും പതിവായി പാപത്തില്‍ വീഴുന്നവരുമായതിനാല്‍, അവര്‍ക്ക് നിരന്തരം മാര്‍ഗദര്‍ശനവും മാനസാന്തരവും ആവശ്യമാണ്, അതുതന്നെ, അള്ളാഹുവിലേക്ക് അടുക്കുന്ന അവന്‍ ഇഷ്ടപ്പെടുന്ന ഒരു ആരാധനാരീതിയാണ്. ദൈവം അവന്റെ മഹത്വത്തിലും ജ്ഞാനത്തിലും സൃഷ്ടിച്ച മനുഷ്യന്റെ സ്വഭാവം, പ്രകൃതിപരമായി ദുര്‍വൃത്തമായതോ അല്ലെങ്കില്‍ അഴിച്ചുപണി ആവശ്യമുളളതോ അല്ല. പശ്ചാത്താപത്തിന്റെ വഴി എപ്പോഴും എല്ലാവര്‍ക്കുമായി തുറന്ന് കിടക്കുകയാണ്. മനുഷ്യര്‍ തെറ്റുകള്‍ ചെയ്യുമെന്ന് സര്‍വശക്തനായ ദൈവത്തിന് അറിയാമായിരുന്നു, അതിനാല്‍ അവര്‍ തങ്ങളുടെ പാപങ്ങളില്‍ പശ്ചാത്തപിക്കുകയും അവ ഒഴിവാക്കാനുളള പരിശ്രമം ചെയ്യുകയോ, അതല്ല ദൈവത്തിന് ഇഷ്ടമല്ലെന്ന് നന്നായി അറിഞ്ഞുകൊണ്ട് തന്നെ പാപത്തോടുകൂടി അശ്രദ്ധമായി ജീവിക്കാമെന്ന് അവര്‍ തീരുമാനിക്കുകയോ ചെയ്യുക എന്നതാണ് മനുഷ്യനെ ദൈവം പരിശോധിക്കുന്നത്. കുറ്റകൃത്യങ്ങള്‍ക്കും പാപങ്ങള്‍ക്കും അല്ലാഹു നല്‍കുന്ന ന്യായമായ ശിക്ഷയെക്കുറിച്ചുള്ള ഭയവും അതോടൊപ്പം അല്ലാഹു തന്റെ അനന്തമായ കാരുണ്യത്താല്‍ നമ്മുടെ സല്‍കര്‍മ്മങ്ങളും നിഷ്കളങ്കമായ ആരാധനകളും സ്വീകരിച്ച് അതിന് പ്രതിഫലം നല്‍കുമെന്ന പ്രതീക്ഷയും ഒരു ഇസ്ലാമിക ജീവിതത്തിന്റെ യഥാര്‍ത്ഥ സന്തുലിതാവസ്ഥ സ്ഥാപിക്കുന്നതാണ്. അല്ലാഹുവിനെ ഭയപ്പെടാത്ത ജീവിതം പാപത്തിലേക്കും അനുസരണക്കേടിലേക്കും നയിക്കുന്നു, അതേസമയം ദൈവം നമ്മോട് ക്ഷമിക്കില്ല എന്ന് വിശ്വസിക്കുന്നത് നിരാശയിലേക്കും നയിക്കുന്നു. ഈ വസ്തുതയുടെ വെളിച്ചത്തില്‍, തങ്ങളുടെ നാഥന്റെ കാരുണ്യത്തെക്കുറിച്ചുള്ള തെറ്റായ നിരാശ വെച്ചു പുലര്‍ത്തുന്നവരും, ദുഷ്ടരായ കുറ്റവാളികളും മാത്രമാണ് തങ്ങളുടെ സ്രഷ്ടാവും ന്യായാധിപനുമായ അല്ലാഹുവിനെ ഭയപ്പെടാതെ ജീവിക്കുന്നത്. പ്രവാചകന്‍ മുഹമ്മദ് നബി(സ്വ)ക്ക് അവതരിപ്പിച്ച വിശുദ്ധ ക്വുര്‍ആനില്‍ പരലോക ജീവിതത്തെക്കുറിച്ചും ന്യായവിധി ദിനത്തെക്കുറിച്ചും ധാരാളം അധ്യാപനങ്ങളുണ്ട്. എല്ലാ മനുഷ്യരും ആത്യന്തികമായി പരമാധികാരിയായ രാജാവും ന്യായാധിപനുമായ അല്ലാഹുവിനാല്‍ വിധിക്കപ്പെടുമെന്ന് മുസ്‍ലിംകള്‍ വിശ്വസിക്കുന്നു, അന്നേരം അവരുടെ ഭൗതിക ജീവിതത്തിലെ വിശ്വാസങ്ങളും പ്രവൃത്തികളും വിചാരണ ചെയ്യപ്പെടുകയും ചെയ്യും. മനുഷ്യരെ വിചാരണക്കെടുത്താല്‍, പരമോന്നതനായ അല്ലാഹു, പശ്ചാത്തപിക്കാത്ത യഥാര്‍ത്ഥ കുറ്റവാളികളും ധിക്കാരികളുമായവരെ നീതിപൂര്‍വ്വം ശിക്ഷിക്കുകയും, തന്റെ ജ്ഞാനത്താല്‍ കരുണയ്ക്ക് യോഗ്യരായവരോട് തികച്ചും കരുണയുള്ളവനുമായിരിക്കും. ഒരു വ്യക്തിയുടെ കഴിവിന് അതീതമായതിന്റെയോ അവര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യാത്തതിന്റെയോ പേരില്‍ ആരും ശിക്ഷിക്കപ്പെടുകയില്ല. സ്രഷ്ടാവും സര്‍വ്വശക്തനും യുക്തിമാനുമായ അല്ലാഹു രൂപകല്പന ചെയ്ത പരീക്ഷണമാണ് ജീവിതം എന്ന് ഇസ്ലാം പഠിപ്പിക്കുന്നു; എല്ലാ മനുഷ്യരും തങ്ങളുടെ ജീവിതത്തില്‍ അവര്‍ ചെയ്തതിന് അല്ലാഹുവിന്റെ മുമ്പാകെ കണക്ക് ബോധിപ്പിക്കേണ്ടിവരും. പരലോക ജീവിതത്തിലുള്ള ആത്മാര്‍ത്ഥമായ വിശ്വാസമാണ് സന്തുലിതവും ധാര്‍മ്മികവുമായ ജീവിതം നയിക്കാന്‍ ഒരാളെ പ്രാപ്തനാക്കുക. അല്ലാത്തപക്ഷം, യുക്തിയുടെയും ധാര്‍മ്മികതയുടെയും പേര് ദുരുപയോഗപ്പെടുത്തി ആനന്ദത്തിനായുള്ള അന്ധമായ വഴികള്‍ സ്വീകരിക്കുകയും, അതുവഴി ജനങ്ങള്‍ കൂടുതല്‍ സ്വാര്‍ത്ഥരും ഭൗതികവാദികളും അധാര്‍മികരുമായി മാറികൊണ്ട് ജീവിതം സ്വന്തം ഇച്ഛപ്രകാരം നിര്‍വ്വചിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയിലേക്ക് എത്തിപ്പെടും.


ആശയവിവര്‍ത്തനം: നാസ്വിഹ് അബ്‍ദുല്‍ബാരി

 

0
0
0
s2sdefault
powered by social2s