ക്വുര്‍ആന്‍ ദൈവിക ഗ്രന്ഥമാണോ?

By: Aisha Stacey

2017 August 12 1438 Dulkaad 19

ഇസ്ലാം മതത്തിന്‍റെ പുണ്യഗ്രന്ഥമായ വിശുദ്ധ ക്വുര്‍ആന്‍ ദൈവത്തിന്‍റെ വചനമാണെന്ന് മുസ്ലീങ്ങൾ വിശ്വസിക്കുന്നു. മനുഷ്യരാശിയെ ബഹുദൈവാരാധനയുടെയും അജ്ഞതയുടെയും അന്ധകാരങ്ങളില്‍ നിന്ന് ഇസ്‌ലാമിന്‍റെ വെളിച്ചത്തിലേക്ക് കൊണ്ടുവരാൻ ദൈവം നിയോഗിച്ച അന്തിമ പ്രവാചകനായ മുഹമ്മദ് നബി(സ)യിലൂടെ അവതരിപ്പിച്ചതാണ് ഈ ഗ്രന്ഥം. യഹൂദരിലേക്ക് അയച്ച തൌറാത്തും യേശുവിലൂടെ നല്‍കിയ ഇഞ്ചീലും ഉൾപ്പെടെ അതിന് മുമ്പ് അയച്ച വേദഗ്രന്ഥങ്ങളെ മുഴുവന്‍ ഈ ഗ്രന്ഥം സത്യപ്പെടുത്തുന്നുണ്ട്. അത് മുഴുവൻ മാർഗദർശനഗ്രന്ഥമായും അല്ലാഹു ഇറക്കിയതാണെന്നും അന്തിമവേദ ഗ്രന്ഥമായ ക്വുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ക്വുർആൻ അതിനുമുമ്പുള്ള എല്ലാ വേദഗ്രന്ഥങ്ങളിലെ നിയമങ്ങളും ദുര്‍ബലപ്പെടുത്തി. ക്വുര്‍ആനില്‍ ദൈവത്തിന്‍റെ മഹത്വത്തിന്‍റെ അടയാളങ്ങളും അത്ഭുതങ്ങളും ഉപമകളും പാഠങ്ങളും അടങ്ങിയിരിക്കുന്നു. ദൈവത്തിന്‍റെ നാമങ്ങളും അവന്‍റെ സൃഷ്ടിവൈഭവം ഉള്‍പ്പടെയുളള വിശേഷണങ്ങളും അത് വിശദീകരിക്കുന്നുണ്ട്. അല്ലാഹുവിലും അവന്‍റെ മലക്കുകളിലും അവന്‍റെ ഗ്രന്ഥങ്ങളിലും ദൂതന്മാരിലും അന്ത്യദിനത്തിലും വിധിയിലും വിശ്വസിക്കാൻ അത് നമ്മോട് ആവശ്യപ്പെടുന്നു.

“എല്ലാ കാര്യത്തിനും വിവരണമായിക്കൊണ്ടു നിന്‍റെ മേല്‍ നാം വേദഗ്രന്ഥം അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു, മാര്‍ഗ്ഗദര്‍ശനവും കാരുണ്യവും ആത്മാര്‍പ്പണം ചെയ്യുന്നവര്‍ക്ക് സന്തോഷവാര്‍ത്തയുമായിക്കൊണ്ടും (അവതരിപ്പിച്ചിരിക്കുന്നു).” (ക്വുര്‍ആന്‍ 16: 89)

“പ്രവാചകന് അദ്ദേഹത്തിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതില്‍, അദ്ദേഹവും സത്യവിശ്വാസികളും വിശ്വസിച്ചിരിക്കുന്നു. എല്ലാവരും അല്ലാഹുവിലും, അവന്‍റെ മലക്കുകളിലും വേദഗ്രന്ഥങ്ങളിലും, അവന്‍റെ പ്രവാചകന്‍മാരിലും വിശ്വസിച്ചിരിക്കുന്നു. അവന്‍റെ പ്രവാചകന്‍മാരില്‍ ഒരാള്‍ക്കിടയിലും ഞങ്ങള്‍ വ്യത്യാസം കാണിക്കുകയില്ല. അവര്‍ പറയുകയും ചെയ്യുന്നു: 'ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു; നിന്‍റെ പൊറുക്കല്‍ -(അതാണ് ഞങ്ങള്‍ തേടുന്നത്)- ഞങ്ങളുടെ രക്ഷിതാവേ, നിന്‍റെ അടുക്കലേക്കത്രെ ഞങ്ങളുടെ തിരിച്ചുവരവും.'” (ക്വുര്‍ആന്‍ 2: 285)

എല്ലാ വേദഗ്രന്ഥങ്ങളിലും വെച്ച് ഏറ്റവും മഹത്തായ ഗ്രന്ഥമാണ് ക്വുർആൻ. അതിലൂടെ ദൈവം മനുഷ്യവർഗത്തോട് സംസാരിക്കുന്നു, അവന്‍റെ കരുണയും സ്നേഹവും നീതിയും ജ്ഞാനവും നമ്മോട് കാണിക്കുന്നു. അത് മാർഗദർശനവും ഹൃദയത്തിന് ആശ്വാസവുമാണ്. അങ്ങനെയെങ്കിൽ, ദൈവത്തിന്‍റെ വചനങ്ങള്‍ മാറുകയോ നഷ്ടപ്പെടുകയോ ചെയ്തിട്ടില്ലെന്ന് നമുക്ക് എങ്ങനെ സ്ഥാപിക്കാം? ഇന്ന് നമ്മുടെ കയ്യിലുളള ക്വുർആൻ ദൈവികവും ആധികാരികവുമാണെന്ന് എങ്ങനെ ഉറപ്പിക്കാം?

പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മുഹമ്മദ് നബി(സ)ക്ക് അവതരിക്കപ്പെട്ട ക്വുര്‍ആന്‍ തന്നെയാണ് ഇന്നും മുസ്‍ലിംകള്‍ പാരായണം ചെയ്തുകൊണ്ടിരിക്കുന്നത്. ഈ വിഷയത്തില്‍ മുസ്‍ലിംകള്‍ ആരും സംശയത്തിലല്ല. ക്വുര്‍ആനിന്‍റെ ആധികാരികത പല തരത്തിൽ സ്ഥാപിക്കാന്‍ സാധിക്കുന്നതുമാണ്. അതിലെ ഏറ്റവും പ്രധാനപ്പെട്ട മാർഗം, ദൈവം ക്വുര്‍ആന്‍ അവതരിപ്പിച്ചപ്പോൾ അത് സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്തു എന്നതാണ്.

“നിശ്ചയമായും, നാം തന്നെയാണ് ഈ പ്രമാണത്തെ അവതരിപ്പിച്ചത്. നാം തന്നെ, അതിനെ കാത്തുസൂക്ഷിക്കുകയും ചെയ്തുകൊള്ളും.” (ക്വുര്‍ആന്‍ 15: 9)

മുഹമ്മദ് നബി(സ)യുടെ കാലത്ത് അറബികൾ കൂടുതലും നിരക്ഷരരാണെങ്കിലും വേരിറങ്ങിയ ഭാഷാനുഭവമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. അവരുടെ കവിതയും ഗദ്യവും മികച്ചതായി കണക്കാക്കപ്പെട്ടിരുന്നു, മുഹമ്മദ് നബി(സ) ക്വുര്‍ആന്‍ പാരായണം ചെയ്തപ്പോൾ അറബികൾ അതിന്‍റെ ഉദാത്തമായ സ്വരവും വാക്ചാതുര്യവും അസാധാരണമായ സൗന്ദര്യവും കൊണ്ട് വല്ലാതെ ആകൃഷ്ടരായി. മുഹമ്മദ് നബി(സ)ക്ക് ദൈവത്തിൽ നിന്നും ലഭിച്ച അത്ഭുതവും അമാനുഷിക ദൃഷ്ടാന്തവും കൂടിയായിരുന്നു ക്വുർആൻ.

മുഹമ്മദ് നബി(സ)യുടെ ചുറ്റുമുള്ള അനുചരന്‍മാരാല്‍ ക്വുര്‍ആന്‍ സംരക്ഷിച്ചു, ക്വുർആനിലെ ഓരോ വാക്കുകൾ അവതരിക്കുമ്പോഴും അവരത് മനഃപാഠമാക്കി, അല്ലാഹുവിന്‍റെ കാരുണ്യവും അനുഗ്രഹവും കൊണ്ട് ഈ ഗ്രന്ഥം നേരിട്ട് കേട്ടും വായിച്ചും മനപാഠമാക്കുന്ന ആളുകള്‍ ഏറെയുണ്ട്, ഇന്നുവരെയുളള അതിന്‍റെ ശൃംഖല വളരെ വലുതാണ്. അതിന്പുറമെ, വിശ്വാസയോഗ്യരായ എഴുത്തുകാർ ക്രോഡീകരിച്ച പ്രമാണരേഖകളും സൂക്ഷിച്ചുവരുന്നു. പരന്ന കല്ലുകളിലും തോലുകളിലുമൊക്കെയായി അന്നവരത് എഴുതിസൂക്ഷിച്ചു വെച്ചു.

ക്വുര്‍ആന്‍ എഴുതിവെക്കുന്നതിലും മനപാഠമാക്കുന്നതിലും മുഹമ്മദ് നബി(സ) തന്നെ മേൽനോട്ടം വഹിച്ചിരുന്നു. പ്രവാചകന്‍റെ മരണശേഷം മുസ്‍ലിം രാഷ്ട്രത്തിന്‍റെ നേതാക്കളെന്ന നിലയിൽ അദ്ദേഹത്തെ പിന്തുടരാൻ വിധിക്കപ്പെട്ട നാല് ഖലീഫമാരും ക്വുര്‍ആന്‍ സംരക്ഷണത്തിന്‍റെ വിഷയത്തില്‍ ശ്രദ്ധചെലുത്തി. അവരുടെ അസാമാന്യമായ പരിശ്രമത്തിലൂടെ ക്വുര്‍ആന്‍ ഗ്രന്ഥരൂപത്തിൽ ക്രോഢീകരിച്ചു. പില്‍കാലത്ത് വന്ന ഓരോ തലമുറയും, ഒന്നിനുപുറകെ ഒന്നായി, ക്വുർആനിന്‍റെ സൂക്തങ്ങള്‍ മുമ്പ് അവതരിച്ചതുപോലെതന്നെ സംരക്ഷിക്കാൻ വളരെയധികം പരിശ്രമിച്ചു. അതിന് ഫലവുമുണ്ടായി.

ഈ പ്രക്രിയയെയാണ് അറബി ഭാഷയിൽ തവാതുര്‍ എന്ന് വിളിക്കുന്നത്. ചരിത്രപരമായ തുടർച്ചയും ശാശ്വതതയും, ഒരു തലമുറയിൽ നിന്ന് അടുത്ത തലമുറയിലേക്ക് ഒരിക്കലും കളവാകാന്‍ സാധ്യതയില്ലാത്ത അനേകം പേരിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നു എന്നാണ് ഇതിനർത്ഥം. അതിന്‍റെ ആധികാരികതയിൽ യാതൊരു സംശയവുമില്ലാത്ത തരത്തിൽ ഓരോ തലമുറയിലെയും നിരവധി ആളുകളാണ് അത് കൈമാറുന്നത്. ഒരു തലമുറയിലെ വിരലിലെണ്ണാവുന്ന ആളുകൾ അടുത്ത തലമുറയിലെ ഏതാനും വ്യക്തികളിലേക്ക് കൈമാറിയതല്ല ക്വുർആൻ. മറിച്ച് ഓരോ തലമുറയും അടുത്ത തലമുറയിലേക്കാണ് അത് കൈമാറിയിട്ടുളളത്. ഇത് ക്വുര്‍ആന്‍ സംരക്ഷണവുമായി ബന്ധപ്പെട്ടുകൊണ്ടുളള ഒരു രീതിശാസ്ത്രമാണ്.

ക്വുർആനിന്‍റെ ഏറ്റവും ശ്രദ്ധേയമായ ഗുണങ്ങളിൽ ഒന്നും അതിന്‍റെ ആധികാരികത വിശ്വസിക്കുന്നതിനുള്ള മറ്റൊരു പ്രധാന കാരണവും, ആധുനിക ശാസ്ത്രത്തിന്‍റെ പല കണ്ടുപിടുത്തങ്ങളും ക്വുര്‍ആനും തമ്മിലുള്ള സമ്പൂർണ്ണ സ്ഥിരതയാണ്. കഴിഞ്ഞ അമ്പത് വർഷമോ അതിൽ കുറവോ വർഷങ്ങളിൽ മാത്രം കണ്ടെത്തിയ വസ്തുതകൾ പോലും ക്വുര്‍ആൻ സൂക്തങ്ങളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. ക്വുർആനും ശാസ്ത്രീയ കണ്ടുപിടുത്തങ്ങളും തമ്മിലുള്ള അത്ഭുതകരമായ സഹവർത്തിത്വ ബന്ധത്തെക്കുറിച്ചുള്ള ലേഖനങ്ങള്‍ ഇന്ന് ഏറെയാണ്. ഗാസ്‌ട്രോഎൻട്രോളജിയിൽ വിദഗ്ധനായ ഫ്രഞ്ച് മെഡിക്കൽ ഡോക്‌ടറായ ഡോ. മൗറിസ് ബുക്കൈൽ ക്വുര്‍ആനില്‍ അടങ്ങിയിരിക്കുന്ന ശാസ്ത്രീയ വിവരങ്ങളെക്കുറിച്ച് ഇപ്രകാരം പറഞ്ഞു:

“ക്വുര്‍ആന്‍ അതിന്‍റെ വിവരണങ്ങളിലെ വൈരുദ്ധ്യങ്ങളിൽ നിന്ന് മുക്തമാണ് എന്ന് മാത്രമല്ല, അത് വസ്തുനിഷ്ഠമായി ശാസ്ത്രത്തിന്‍റെ വെളിച്ചത്തില്‍ പരിശോധിക്കുന്നവർക്ക് അതിന്‍റേതായ ഒരു ഗുണനിലവാരം നൽകുന്നു, ആധുനിക ശാസ്ത്രീയ ഡാറ്റയുമായുളള പൂര്‍ണമായ യോജിപ്പും അതിലുണ്ട്. എന്തിനധികം, അതിൽ കാണിച്ചിരിക്കുന്നതുപോലെ ശാസ്ത്രവുമായി ബന്ധപ്പെട്ട പ്രസ്താവനകൾ കാണുമ്പോള്‍, മുഹമ്മദിന്‍റെ കാലത്തെ ഒരു മനുഷ്യൻ അവയുടെ രചയിതാവ് ആയിരിക്കുമെന്ന് ചിന്തിക്കാന്‍ പോലും സാധിക്കില്ല. അതിനാൽ, ഇതുവരെ വ്യാഖ്യാനിക്കാൻ കഴിയാത്ത ചില സൂക്തങ്ങള്‍ മനസ്സിലാക്കാൻ ആധുനിക ശാസ്ത്രജ്ഞാനം നമ്മെ സഹായിക്കുന്നുണ്ട്.”

ഇന്ന് ലോകമെമ്പാടുമുള്ള 1.5 ബില്യണിലധികം വരുന്ന മുസ്ലീങ്ങൾ ഉപയോഗിക്കുന്ന ക്വുര്‍ആന്‍ ഉസ്മാനി ക്വുർആനെന്ന പേരിലാണ് അറിയപ്പെടുന്നത്. ഇസ്ലാമിക രാഷ്ട്രത്തിന്‍റെ മൂന്നാമത്തെ ഖലീഫ ഉഥ്മാൻ ഇബ്നു അഫ്ഫാൻ(റ) ക്രോഡീകരണത്തിന് നേതൃത്വം നല്‍കിയതാണത്. അതിന്‍റെ പകർപ്പുകൾ ഇസ്‍ലാമിക പ്രവിശ്യയില്‍ മുഴുവൻ വിതരണം ചെയ്തു. ഓരോ ഗ്രന്ഥവും ക്രോഡീകരിക്കപ്പെട്ട മൂലഗ്രന്ഥത്തിന്‍റെ പകർപ്പാണ്, ഈ യഥാർത്ഥ പകർപ്പുകളിൽ രണ്ടെണ്ണം തുർക്കിയിലും ഉസ്ബെക്കിസ്ഥാനിലും ഇന്നും സൂക്ഷിച്ചുവെച്ചിട്ടുളളതാണ്.

ക്വുര്‍ആനിലെ വാക്കുകൾക്ക് ഇന്നുവരെ മാറ്റമുണ്ടായിട്ടില്ല, ഇനി ഒട്ടും മാറുകയുമില്ല. ആയിരത്തിനാനൂറ് വർഷത്തിലേറെ പഴക്കമുള്ള ക്വുര്‍ആനിന്‍റെ പകർപ്പുകൾ മുസ്‍ലിംകളും അമുസ്‌ലിംകളും ഒരുപോലെ പരിശോധിക്കുകയും അവയെല്ലാം സമാനമാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

ക്വുര്‍ആനിന്‍റെ സംരക്ഷണം അത്ഭുതത്തിന്‍റെയും വിസ്മയത്തിന്‍റെയും ചരിത്രമാണ്. മാർഗദര്‍ശനത്തിന്‍റെ ഗ്രന്ഥവും ആശ്വാസത്തിന്‍റെ ഉറവിടവുമായ ഈ ഗ്രന്ഥം മനുഷ്യവർഗത്തോടുള്ള ദൈവത്തിന്‍റെ സ്‌നേഹസാക്ഷ്യമാണ്. അതിലുളളത് ദൈവികമായി അവതരിച്ച വചനങ്ങളാണെന്ന് ലോകമെമ്പാടുമുള്ള മുസ്‍ലിംങ്ങൾ സാക്ഷ്യം വഹിക്കുന്നു. പരമകാരുണികനിൽ നിന്ന് അവന്‍റെ അടിമകളോടുള്ള ഈ വാക്കുകൾ പ്രവാചകനായ മുഹമ്മദ് നബി(സ)ക്ക് വെളിപ്പെട്ട നിമിഷം മുതൽ അത് മനുഷ്യരുടെ കരങ്ങളില്‍നിന്നും ഒന്നും കയറികൂടാതെ ദൈവം സംരക്ഷിച്ചിട്ടുണ്ട്. കൂടാതെ അത് മനപാഠമാക്കുകയും പാരായണം ചെയ്യുകയും ചെയ്തുകൊണ്ട് പുരുഷന്മാരും സ്ത്രീകളും കുട്ടികളും തലമുറകളായി അവരുടെ ഹൃദയവും മനസ്സും ജീവിതവും കൊണ്ട് ക്വുർആനിന്‍റെ കാവൽകാരായി മാറിയതാണ് ലോകം കണ്ടിട്ടുളളത്.
 

ആശയവിവര്‍ത്തനം: നാസ്വിഹ് അബ്‍ദുല്‍ബാരി

0
0
0
s2sdefault